യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരിടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി രംഗത്ത്. വെനസ്വേലയുടെ എണ്ണ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപ് ഇന്ത്യയ്ക്കെതിരെ പുതിയ വെല്ലുവിളി തൊടുത്തത്.
റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ തയാറായില്ലെങ്കിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക ചുമത്തുന്ന തീരുവ ഇനിയും കൂട്ടുമെന്നാണ് മുന്നറിയിപ്പ്.
‘‘എന്നെ സന്തോഷിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി മോദി ഒരു നല്ല മനുഷ്യനാണ്.
ഞാൻ സന്തോഷവാനല്ലെന്ന് മോദിക്ക് അറിയാം. എന്നെ സന്തോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മോദിക്കറിയാം.
ഇനിയും അവർ റഷ്യൻ എണ്ണ വാങ്ങിയാൽ ഉടനടി തീരുവ കൂട്ടാൻ ഞങ്ങൾക്ക് പറ്റും’’ – ട്രംപ് പറഞ്ഞു.
നിലവിൽതന്നെ, റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ 25% പിഴച്ചുങ്കം ഉൾപ്പെടെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50% തീരുവയാണ് അമേരിക്ക ഈടാക്കുന്നത്. ലോകത്ത് ട്രംപ് ഏറ്റവുമധികം തീരുവ ചുമത്തിയ രാജ്യങ്ങളിലൊന്നുമാണ് ഇന്ത്യ.
അമേരിക്കയുമായി വ്യാപാരക്കരാറിലെത്താനും അതുവഴി തീരുവയിൽ ഇളവ് നേടാനും ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് ട്രംപ് വെല്ലുവിളിച്ച് രംഗത്തെത്തിയത്.
ഇതിനിടെ, വെനസ്വേലൻ എണ്ണ വിപണിയെ ഇനി അമേരിക്ക നിയന്ത്രിക്കുമെന്നും ട്രംപ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഊർജദാതാക്കൾ ആയി മാറുകയാണ് അമേരിക്കയുടെ ലക്ഷ്യം.
വെനസ്വേലയുടെ എണ്ണ ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് കൂടുതലായി യുഎസ് വിറ്റഴിച്ചേക്കുമെന്നും ട്രംപ് വ്യക്തമാക്കി.
നിലവിൽ ഷെവ്റോൺ എന്ന യുഎസ് എണ്ണക്കമ്പനിയുടെ കൈവശമാണ് വെനസ്വേലൻ എണ്ണവിപണിയുടെ 20-25 ശതമാനം. കൂടുതൽ യുഎസ് കമ്പനികൾ ഇനി വെനസ്വേലയിലെത്തും.
ഇവ ബില്യൻ കണക്കിന് ഡോളറിന്റെ നിക്ഷേപവും വെനസ്വേലയിൽ നടത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
വെനസ്വേല നേട്ടമാക്കാൻ ഇന്ത്യ
ട്രംപിന്റെ പുതിയ ഭീഷണിക്കെതിരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല. അതേസമയം, വെനസ്വേലൻ എണ്ണവിപണി യുഎസിന്റെ നിയന്ത്രണത്തിലാകുന്നത് ഇന്ത്യയ്ക്ക് നേട്ടമായേക്കും.
ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎൻജിസിയുടെ വിദേശ പ്രവർത്തനവിഭാഗമായ ഒഎൻജിസി വിദേശ് ലിമിറ്റഡിന് (ഒവിഎൽ) വെനസ്വേലയിലെ സാൻ ക്രിസ്റ്റോബൽ ഓയിൽ ഫീൽഡിൽ സംയുക്ത സംരംഭമുണ്ടായിരുന്നു.
40 ശതമാനമായിരുന്നു പദ്ധതിയിൽ ഒഎൻജിസി വിദേശിന്റെ ഓഹരിപങ്കാളിത്തം. ഇതിന്മേൽ കമ്പനിക്ക് 53.6 കോടി ഡോളറിന്റെ ലാഭവിഹിതം കിട്ടാനുണ്ടായിരുന്നത് വെനസ്വേല ഇതുവരെ നൽകിയിട്ടില്ല.
ഇതിപ്പോൾ പലിശസഹിതം ഒരു ബില്യൻ ഡോളർ (100 കോടി ഡോളർ) കടന്നിട്ടുണ്ട്. വെനസ്വേലയിൽ നിന്ന് കമ്പനി നടത്തിയിരുന്ന കയറ്റുമതിയും നിലച്ചിരുന്നു.
വെനസ്വേലയുടെ നിയന്ത്രണം യുഎസിന് കിട്ടുന്നതോടെ ഈ തുക തിരികെച്ചോദിക്കാനും കയറ്റുമതി പുനരാരംഭിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞേക്കും.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഓയിൽ ഇന്ത്യ, മരുന്ന് കമ്പനികളായ സൺ ഫാർമ, ഡോ. റെഡ്ഡീസ് ലാബ്, ഗ്ലെൻമാർക്ക് ഫാർമ, സ്റ്റീൽ രംഗത്തെ ജിൻഡാൽ സ്റ്റീൽ തുടങ്ങിയ ഇന്ത്യൻ കമ്പനികൾക്കും വെനസ്വേലയിൽ നേരിട്ടോ പരോക്ഷമായോ സാന്നിധ്യമുണ്ട്.
റിലയൻസ് ഇൻഡസ്ട്രീസ്, നയാര എനർജി എന്നിവ വെനസ്വേലൻ ക്രൂഡ് ഓയിൽ നേരത്തേ വാങ്ങുകയും ചെയ്തിരുന്നു.
അതേസമയം, വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് വെനസ്വേല വലിയ വിപണിയല്ല. 2024-25ൽ വെറും 36.45 കോടി ഡോളറിന്റേതായിരുന്നു വെനസ്വേലയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി.
ഇതിൽ 25.5 കോടിയും ക്രൂഡ് ഓയിൽ. ഇന്ത്യയിൽ നിന്ന് വെനസ്വേലയിലേക്കുള്ള കയറ്റുമതി 9.53 കോടി ഡോളർ മാത്രം.
ഇതിൽ 4.15 കോടിയും മരുന്നുകൾ.
അതുകൊണ്ടുതന്നെ, വെനസ്വേലൻ പ്രതിസന്ധി ഇന്ത്യയെ സാരമായി ബാധിക്കില്ല. എന്നാൽ, ഈ പ്രതിസന്ധി ആഗോള എണ്ണ, സ്വർണം വിലകളിൽ സൃഷ്ടിക്കുന്ന കുതിപ്പും രാജ്യാന്തര സമ്പദ്മേഖലയിൽ ഉണ്ടായേക്കാവുന്ന അസ്വസ്ഥതകളും ഇന്ത്യയെ സ്വാധീനിച്ചേക്കും.
കുതിച്ചുകയറാൻ ഇന്ത്യൻ വിപണി
വെനസ്വേലൻ പ്രതിസന്ധി ഓഹരി വിപണികളെ ഉലയ്ക്കില്ലെന്നാണ് പ്രാഥമിക സൂചനകൾ.
യുഎസിൽ ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ, എസ് ആൻഡ് പി, നാസ്ഡാക് എന്നിവ 0.3% വരെ ഉയർന്നു. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 2.26% കയറി.
ദക്ഷിണ കൊറിയയുടെ കോസ്പിയുടെ നേട്ടം 1.42%; സൂചിക റെക്കോർഡും കുറിച്ചു.
ഹോങ്കോങ്, ഷാങ്ഹായ്, യൂറോപ്യൻ വിപണികളും പച്ചപ്പിന്റെ പ്രതീക്ഷയിലാണ്. ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി രാവിലെ 70 പോയിന്റ് ഉയർന്നത് സെൻസെക്സും നിഫ്റ്റിയും ഇന്നും നേട്ടക്കുതിപ്പ് തുടരുമെന്ന സൂചന നൽകുന്നു.
കഴിഞ്ഞ സെഷനിൽ സെൻസെക്സ് 575 പോയിന്റും (+0.67%) നിഫ്റ്റി 182 പോയിന്റും (+0.70%) ഉയർന്നിരുന്നു. നിഫ്റ്റി 26,320ന് മുകളിലുമെത്തി.
∙ വെനസ്വേലയിൽ സാന്നിധ്യമുള്ളതും അങ്ങോട്ടേക്ക് കയറ്റുമതിയുള്ളതുമായ കമ്പനികളുടെ ഓഹരികൾ ഇന്ന് ശ്രദ്ധനേടും.
∙ ഏഷ്യൻ വിപണികളിൽ പൊതുവേ പ്രതിരോധ കമ്പനികളുടെ ഓഹരികൾ നേട്ടത്തിന്റെ ട്രാക്ക് പിടിച്ചിട്ടുണ്ട്.
വെനസ്വേല-യുഎസ് സംഘർഷമാണ് പശ്ചാത്തലം.
∙ കഴിഞ്ഞപാദ ബിസിനസ് കണക്കുകൾ പുറത്തുവിട്ട സിഎസ്ബി ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കിങ് ഓഹരികളും ഇന്ന് ശ്രദ്ധയിലുണ്ട്.
∙ അദാനി എന്റർപ്രൈസസ് കടപ്പത്ര (എൻസിഡി) വിൽപനവഴി 1,000 കോടി രൂപ സമാഹരിക്കും.
ജനുവരി 6 മുതൽ 19 വരെയാണ് വിൽപന.
സ്വർണവും എണ്ണയും മുന്നോട്ട്
രാജ്യാന്തര ക്രൂഡ് ഓയിൽ വിപണിയിൽ വലിയ സ്വാധീനം നിലവിൽ വെനസ്വേലയ്ക്ക് ഇല്ലാത്തതിനാൽ നിലവിലെ പ്രതിസന്ധി എണ്ണ വിപണിയെ ബാധിക്കില്ല. എങ്കിലും, ഒരു ശതമാനം വരെ താഴ്ന്ന എണ്ണവില ഇപ്പോൾ വീണ്ടും കൂടിത്തുടങ്ങി.
ഡബ്ല്യുടിഐ വില ബാരലിന് 0.51% ഉയർന്ന് 57.61 ഡോളറും ബ്രെന്റ് വില 0.61% വർധിച്ച് 61.12 ഡോവറുമായി.
നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച്, ഉൽപാദനം കൂട്ടാനുള്ള തീരുമാനം നീട്ടിവയ്ക്കാമെന്ന ഒപെക് പ്ലസിന്റെ നിലപാടാണ് വില കൂടാനൊരു കാരണം. സൗദി അറേബ്യ, റഷ്യ, യുഎഇ, കസാക്കിസ്ഥാൻ, കുവൈറ്റ്, ഇറാഖ്, അൾജീരിയ, ഒമാൻ എന്നിവയുടേതാണ് തീരുമാനം.
വെനസ്വേല ഒപെക്കിന്റെ സ്ഥാപകാംഗമാണ്.
ഭൗമ രാഷ്ട്രീയ സംഘർഷ സാഹചര്യങ്ങളിൽ കിട്ടാറുള്ള സുരക്ഷിത നിക്ഷേപ പെരുമയുമായി വീണ്ടും സ്വർണവില മുന്നേറ്റം തുടങ്ങി. ഇന്നു രാവിലെ രാജ്യന്തര വിലയുള്ളത് ഔൺസിന് 83.41 ഡോളർ വർധിച്ച് 4,402 ഡോളറിൽ.
വെള്ളിവില 5.61% കുതിച്ച് 75.68 ഡോളറിലും. കേരളത്തിൽ ഇന്ന് സ്വർണം, വെള്ളി വിലകൾ കൂടാനാണ് സാധ്യത.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

