തിരുവോണത്തിന്റെ ആഘോഷരാവുകൾ പിന്നിട്ട് തലസ്ഥാന നഗരി ഓണം വാരാഘോഷത്തിന്റെ സമാപനത്തിലേക്ക് കടക്കുമ്പോൾ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ആഘോഷങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ നഗരത്തിൽ ജനസഞ്ചാരം വർധിച്ച സാഹചര്യത്തിൽ, സമാപന ഘോഷയാത്രയോടനുബന്ധിച്ച് 30-ാം തീയതി തിരുവനന്തപുരം നഗരത്തിൽ പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
കവടിയാർ മുതൽ കിഴക്കേക്കോട്ട വരെയുള്ള പ്രദേശങ്ങളിലും, വെട്ടിമുറിച്ചകോട്ട, തെക്കേനട, വാഴപ്പള്ളി, മിത്രാനന്ദപുരം, ഈഞ്ചയ്ക്കൽ വരെയുള്ള പ്രധാന ഇടറോഡുകളിലുമാണ് യാത്രാ നിയന്ത്രണങ്ങൾ ബാധകമാക്കിയിട്ടുള്ളത്.
ഘോഷയാത്ര കടന്നുപോകുന്ന കവടിയാർ, വെള്ളയമ്പലം, മ്യൂസിയം, സ്റ്റാച്യു, ഓവർബ്രിജ്, പഴവങ്ങാടി, കിഴക്കേക്കോട്ട, വെട്ടിമുറിച്ച കോട്ട, മിത്രാനന്ദപുരം, പടിഞ്ഞാറെകോട്ട, ഈഞ്ചയ്ക്കൽ, കല്ലുംമൂട് വരെയുള്ള റൂട്ടിൽ ഒരു കാരണവശാലും വാഹന പാർക്കിങ് അനുവദിക്കുന്നതല്ല. നഗരത്തിലെ പ്രധാന പാതകളിലും ഇടറോഡുകളിലും പാർക്കിങ് കർശനമായി നിരോധിച്ചിട്ടുണ്ട്.
ഘോഷയാത്രയിലെ നിശ്ചല ദൃശ്യങ്ങൾ കിഴക്കേകോട്ട വെട്ടിമുറിച്ചകോട്ട
വഴി ഈഞ്ചയ്ക്കൽ ബൈപാസിൽ പ്രവേശിക്കുന്ന സമയത്ത്, ഈഞ്ചയ്ക്കൽ ഭാഗത്തുനിന്നും മിത്രാനന്ദപുരം ഭാഗത്തേക്ക് വാഹന ഗതാഗതം പൂർണ്ണമായി തടയും. ഘോഷയാത്രയിലെ ഫ്ലോട്ടുകളും കലാ രൂപങ്ങളും ഈഞ്ചയ്ക്കൽ ജംക്ഷനിൽ നിന്ന് ഇടത്തോട്ട് സർവീസ് റോഡ് വഴി കല്ലുംമൂട് ഹൈവേയിൽ പ്രവേശിച്ച് ഘോഷയാത്ര അവസാനിപ്പിക്കേണ്ടതാണ്.
രാത്രിയെന്ന വ്യത്യാസമില്ലാതെ പ്രകാശപൂരിതമായിരിക്കുന്ന തെരുവുകളും പാട്ടും നൃത്തവുമായി സജീവമായ വേദികളും കാണികളെ വിസ്മയിപ്പിക്കുകയാണ്. തിരുവോണപ്പിറ്റേന്ന് മുതൽ തലസ്ഥാനത്തെ കാഴ്ചകൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറെ വ്യതിരിക്തമാണ്.
വൈദ്യുത ദീപാലങ്കാരങ്ങൾ ആസ്വദിക്കാനായി കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള പാതകളിൽ ജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കവടിയാർ കൊട്ടാര വളപ്പ് മുതൽ കിഴക്കേകോട്ട വരെയും മണക്കാട് വരെയുള്ള പാതയോരങ്ങളിലുമാണ് ദീപാലങ്കാരങ്ങൾ ഒരുക്കിയിട്ടുള്ളത്.
വർണപ്രഭയിൽ തിളങ്ങുന്ന സെക്രട്ടേറിയറ്റ്, നിയമസഭാ മന്ദിരം, കോർപറേഷൻ ആസ്ഥാനം തുടങ്ങിയ പ്രധാന കെട്ടിടങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രങ്ങൾ പകർത്താൻ നിരവധി പേരാണ് എത്തുന്നത്. നിശാഗന്ധി ഉൾപ്പെടെ നഗരത്തിലെ മുപ്പതിലേറെ വേദികളാണ് ഒരേസമയം സജീവമായിരിക്കുന്നത്.
ഗാനമേളകൾക്കും നൃത്ത ഇനങ്ങൾക്കുമൊപ്പം കേരളത്തിന്റെ തനത് കലാരൂപങ്ങൾ ആസ്വദിക്കാനെത്തുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി. കനകക്കുന്നിലെ സൂര്യകാന്തി മൈതാനത്ത് സജ്ജീകരിച്ചിരിക്കുന്ന ഫുഡ് ഫെസ്റ്റിവലിലും വിവിധ രുചി വൈവിധ്യങ്ങൾ തേടി എത്തുന്നവരുടെ തിരക്ക് കുറവല്ല.
ആഘോഷങ്ങൾ ആസ്വദിച്ച് മടങ്ങുന്ന പൊതുജനങ്ങൾക്കായി കെഎസ്ആർടിസി പുലർച്ചെ വരെ പ്രത്യേക സിറ്റി ഷട്ടിൽ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. അവധി ദിവസങ്ങളിൽ നഗരത്തിൽ തിരക്ക് ക്രമാതീതമായി വർധിക്കാൻ സാധ്യതയുള്ളതിനാൽ സുരക്ഷ മുൻനിർത്തി കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

