തൃശൂർ ∙ ത്രിതല പഞ്ചായത്ത് സംവിധാനം പരമാവധി പ്രയോജനപ്പെടുത്തി ജില്ലയുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പറഞ്ഞു. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
നിലവിലെ പദ്ധതികളുടെ പൂർത്തീകരണത്തിനാണ് പ്രഥമ പരിഗണന. സാമ്പത്തിക വർഷം അവസാനിക്കും മുൻപ് വാർഷിക പദ്ധതി ഫണ്ടുകൾ പരമാവധി ചെലവഴിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാനും പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും പരിശ്രമിക്കും .
വന്യമൃഗ ആക്രമണവും തെരുവുനായ ശല്യവും ഫലപ്രദമായി തടയുന്നതിനു നടപടികളെടുക്കും.
നവകേരളവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്നും അവർ പറഞ്ഞു. എഐ, റോബട്ടിക് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തും. വനിതാ ഫിറ്റ്നസ് സെന്ററുകൾ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും.
രാമവർമപുരത്തെ വിജ്ഞാൻ സാഗറിൽ സൈബർ പാർക്കും ലക്ഷ്യമിടുന്നു. നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ തുടക്കമിട്ട
‘കാൻ തൃശൂർ’ പദ്ധതിയിലൂടെ അർബുദ രോഗികൾക്കു കൂടുതൽ സഹായമെത്തിക്കുന്നതു സംബന്ധിച്ച് ആലോചനയുണ്ടെന്നും മേരി തോമസ് പറഞ്ഞു.
ഭിന്നശേഷി സൗഹൃദ ജില്ല
ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ക്ഷേമത്തിനു വേണ്ടി തയാറാക്കിയ പദ്ധതി യാഥാർഥ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് പറഞ്ഞു.
ഭിന്നശേഷി സൗഹൃദ ജില്ലയാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനായി പുതിയ പദ്ധതികളും ആരംഭിക്കും.
ടൂറിസം മേഖലയിലും പ്രകടമായ മാറ്റം കൊണ്ടു വരും. കോൾ മേഖലയിലും മറ്റും വിനോദ സഞ്ചാര മേഖലയെ ആകർഷിക്കുന്ന പദ്ധതികളും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

