അങ്കമാലി ∙ മലയാള മനോരമ സംഘടിപ്പിച്ച അങ്കമാലി നഗരസഭാധ്യക്ഷ റീത്ത പോളുമായുള്ള ‘ചെയർപഴ്സൻ സ്പീക്കിങ്’ ഫോൺ ഇൻ പരിപാടിയിൽ ഗതാഗതക്കുരുക്ക് ഉൾപ്പെടെ നഗരസഭ പ്രദേശവാസികൾ അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ ചർച്ചയായി. സ്ഥലം ലഭ്യമാകാത്തതിനാൽ പല വികസനപദ്ധതികളും നടപ്പാകാതെ പോയി. വിമാനത്താവളത്തിന്റെ സാമീപ്യം ഉണ്ടായിട്ടും അതോടനുബന്ധിച്ച വികസനപ്രവർത്തനങ്ങളും വന്നില്ല.
നഗരസഭാ പ്രദേശത്തെ ഗതാഗതക്കുരുക്ക് വികസനത്തെ പിന്നോട്ടടിക്കുന്നതായും ഗതാഗതം സുഗമമാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഒട്ടേറെപ്പേർ ആവശ്യപ്പെട്ടു.
പൊതുഇടങ്ങളിൽ ശുചിമുറി സൗകര്യങ്ങൾ സ്ഥാപിക്കണമെന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ ‘ചെയർപഴ്സൻ സ്പീക്കിങ്’ പരിപാടിയിൽ വായനക്കാർ പങ്കുവച്ചു. നഗരസഭാതലത്തിൽ പരിഹരിക്കാൻ കഴിയുന്നത് കൗൺസിലിൽ കൂടിയാലോചിച്ചു പരിഹാരം കാണുമെന്നും മറ്റുള്ളവ എംഎൽഎയുടെയും എംപിയുടെയും ശ്രദ്ധയിൽപ്പെടുത്തി നടപടി എടുപ്പിക്കാമെന്നും നഗരസഭാധ്യക്ഷ റീത്ത പോൾ ഉറപ്പു നൽകി.
Q.
കല്ലുപാലം നഗറിലെ കാനകളിൽ എല്ലാ ഭാഗത്തും സ്ലാബ് ഇടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ? പി.സി.ഏബ്രഹാം, കല്ലുപാലം
A. 1.65 കോടി രൂപയുടെ എംഎൽഎയുടെ ഫണ്ടുണ്ട്.
കല്ലുപാലം റോഡിന്റെ ആരംഭം മുതൽ കോതകുളങ്ങര ദേശീയപാതയിലേക്കുള്ള രണ്ട് ഡൈവേർഷനുകൾ വരെയും റോഡിന്റെ നിർമാണം നടന്നുവരുന്നു. കല്ലുപാലം നഗറിൽ കാന നിർമാണം, അതിന്റെ മുകളിൽ സ്ലാബ് ഇടൽ, 2 കലുങ്കുകളുടെ നിർമാണം എന്നിവയ്ക്കു വേണ്ടിയാണു ഫണ്ട് അനുവദിച്ചിട്ടുള്ളത്.
നിലവിലുള്ള കാന പൊളിച്ചുമാറ്റി പുതിയ കാന നിർമിച്ചു. അവിടെയൊക്കെ കാനയ്ക്കു മുകളിൽ പുതിയ സ്ലാബുകളിടുന്നതോടെ എല്ലായിടത്തും സ്ലാബുകളാകും.
കട്ടവിരിക്കുന്ന ജോലികൾ കർഷകൻ കവല വരെ എത്തിയിട്ടുണ്ട്. ഡോൺബോസ്കോ ഭാഗത്ത് കലുങ്ക് പണിതുകൊണ്ടിരിക്കുന്നു.
Q.
അങ്കമാലി നഗരത്തിലും പരിസരത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. യാത്രാസൗകര്യം സുഗമമാക്കാൻ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്? മത്തായി ജോസഫ്, അങ്കമാലി
A.അടിയന്തരമായി ട്രാഫിക് കമ്മിറ്റി വിളിച്ചുചേർത്ത് ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനു നടപടികളെടുക്കും.
കമ്മിറ്റിയിലെ നിർദേശങ്ങൾ സ്വീകരിച്ച് എന്തു ചെയ്യാൻ സാധിക്കുമെന്നു നോക്കാം. ബന്ധപ്പെട്ട
വകുപ്പുകൾക്കു നിർദേശങ്ങൾ നൽകി യാത്ര സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കാം.
Q. പഴയ കോതകുളങ്ങര പാലം നന്നാക്കിയാൽ ചെറുവാഹനങ്ങൾക്കു സുഗമമായി അങ്കമാലിയിലേക്കു കടക്കാൻ സാധിക്കും.
ഈ പാലം പുതുക്കിപ്പണിയാൻ നടപടിയുണ്ടോ? കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മഴ പെയ്യുമ്പോൾ വെള്ളം കെട്ടുന്നതു കൊണ്ടുള്ള യാത്രക്കാരുടെ അസൗകര്യങ്ങൾ ഒഴിവാക്കണം.എം.കെ.വർക്കി, കോതകുളങ്ങര
A. കുണ്ടന്നൂർ ബൈപാസിന്റെ തുടക്കം കരയാംപറമ്പ് ഭാഗത്തുനിന്നാണ് ആരംഭിക്കുന്നത്.
ബൈപാസിന്റെ അലൈൻമെന്റ് പൂർത്തിയാകുന്ന മുറയ്ക്ക് പഴയ കോതകുളങ്ങര പാലത്തിന്റെ കാര്യത്തിൽ ആലോചിച്ചു നടപടി സ്വീകരിക്കാം. കെഎസ്ആർടിസി സ്റ്റാൻഡിലെ വെള്ളക്കെട്ടിന് പരിഹാരനടപടികൾ സ്വീകരിച്ചിരുന്നു.
കുഴിയുള്ള ഭാഗങ്ങളിൽ കട്ടവിരിച്ചിട്ടുണ്ട്.
Q. വിമാനത്താവളത്തിലേക്കുള്ള പ്രധാന വഴിയായ കിഴക്കേപള്ളി– വാപ്പാലശേരി റോഡിന്റെ നിർമാണം കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയതാണ്.
പണി ഒച്ചിഴയുന്ന തരത്തിലാണ്. റോഡിന്റെ നിർമാണം എന്നു പൂർത്തിയാകും.? ജസ്റ്റിൻ തെക്കേക്കര, ജോസ്പുരം
A.
3 ഭാഗത്തായാണു നിർമാണം നടക്കുന്നത്. കരാറുകാരെ വിളിച്ചുചേർത്ത് റോഡിന്റെ നിർമാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കാം.
നിർമാണം അടുത്തമാസത്തോടെ പൂർത്തിയാക്കണമെന്നാണ് ആവശ്യപ്പെടുക. റോഡിന്റെ രണ്ടിടങ്ങളിൽ സംരക്ഷണഭിത്തികൾ നിർമിക്കുന്നതിന്റെ ജോലികൾ തുടങ്ങിയിട്ടുണ്ട്.
ഡ്രെയ്നേജ് നിർമാണവും ഉടൻ ആരംഭിക്കും. എംഎൽഎയുടെ ബജറ്റ് വർക്കിൽ ഉൾപ്പെടുത്തി എടുത്തിട്ടുള്ള നിർമാണ ജോലികളാണ്.
Q.
അങ്കമാലി മാർക്കറ്റ് നിർമിച്ചിട്ട് ഇതുവരെയും അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. മാർക്കറ്റ് നവീകരിക്കുന്നതിനു നടപടികൾ സ്വീകരിക്കുമോ? പി.ജെ.പൗലോസ്, മങ്ങാട്ടുകര
A.
മാർക്കറ്റ് നവീകരിക്കുന്നതിന് ഈ ഭരണസമിതി പദ്ധതി തയാറാക്കാൻ ആലോചനയിലുണ്ട്. 4 നില സമുച്ചയമാണ് ലക്ഷ്യമിടുന്നത്.
ആധുനിക സ്ലോട്ടർ ഹൗസ് നിർമാണം ഉൾപ്പെടെ പദ്ധതിയിൽ ഉൾപ്പെടും. നിലവിലെ മാർക്കറ്റിന്റെ അടിയിൽ പാർക്കിങ് സൗകര്യങ്ങൾ കൊണ്ടുവരും.
വ്യാപാരസ്ഥാപനങ്ങളിൽ പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ വന്നുപോകാനുള്ള സൗകര്യവുമൊരുക്കും. പദ്ധതിയുടെ വിശദ റിപ്പോർട്ട് തയാറാക്കും. കേന്ദ്ര, സംസ്ഥാന ഫണ്ടുകളും നഗരസഭാ ഫണ്ടും വായ്പയും ഉപയോഗപ്പെടുത്തി നിർമാണം നടത്താനാണു ലക്ഷ്യം വയ്ക്കുന്നത്.
Q.
അങ്കമാലി നഗരസഭ സൗന്ദര്യവൽക്കരണം ആലോചിക്കുന്നുണ്ടോ? ഡെന്നി ജോസ്, കവരപ്പറമ്പ്
A. അങ്ങാടിക്കടവ് ജംക്ഷൻ മുതൽ ബാങ്ക് ജംക്ഷൻ വരെ ദേശീയപാതയുടെ ഭാഗത്തും ടൗൺ കപ്പേള മുതൽ എംസി റോഡിൽ അമലോദ്ഭവ മാതാവിന്റെ കപ്പേള വരെ പൊതുമരാമത്ത് വിഭാഗം ഭാഗത്തും സൗന്ദര്യവൽക്കരണം കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്.
ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും അനുമതി ആവശ്യമുണ്ട്.അതിനുള്ള നടപടികൾ സ്വീകരിക്കും. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഇരുവശങ്ങളിലെയും സ്ലാബുകൾ മാറ്റി സ്ഥാപിക്കും.
നടപ്പാതയുടെ ഉയരം കൂട്ടി ടൈൽ വിരിക്കുകയും കൈവരികൾ സ്ഥാപിക്കുകയും ചെയ്യും. പൂച്ചെടികൾ വച്ചു മനോഹരമാക്കും.
Q.
അങ്കമാലിക്കൊരു ടൗൺഹാൾ എന്നത് പ്രാവർത്തികമാക്കുമോ? പ്രഫ.ജിബി വർഗീസ്, കിഴക്കേ അങ്ങാടി
A. രേഖകളിൽ അങ്കമാലി പഞ്ചായത്തിന്റേതെന്ന പേരിൽ നഗരസഭ മാർക്കറ്റിനു സമീപം കിടക്കുന്ന 51 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനു നടപടികൾ സ്വീകരിക്കും.
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചാൽ ടൗൺഹാൾ നിർമിക്കാൻ സ്ഥലമാകും. സ്ഥലം നഗരസഭയുടെ ഉടമസ്ഥതയിലായാൽ ടൗൺഹാൾ യാഥാർഥ്യമാക്കാനും കഴിയും. ടൗൺഹാളിനോടൊപ്പം അങ്കമാലി നഗരത്തിലെത്തുന്ന യാത്രക്കാർക്ക് സുരക്ഷിതമായി തങ്ങുന്നതിനു ലോഡ്ജിങ് സൗകര്യം ഒരുക്കാനും ലക്ഷ്യമിടുന്നുണ്ട്.
Q.
കായികരംഗത്തിന്റെ വളർച്ചയ്ക്കായി സ്റ്റേഡിയം കൊണ്ടുവരുമോ?ജെ.ബി.മാത്യു, പീച്ചാനിക്കാട്
A. സ്വന്തമായി സ്റ്റേഡിയം വേണമെന്നത് അങ്കമാലിയിലെ ജനങ്ങളുടെ സ്വപ്നമാണ്.
അങ്കമാലിയുടെ യശസ്സ് ഉയർത്തുന്ന തരത്തിൽ രാജ്യാന്തര മത്സരങ്ങൾ വരെ നടത്താൻ ശേഷിയുള്ള മികച്ച സ്റ്റേഡിയം സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. മാഞ്ഞാലി തോടിന്റെ വശത്തായി ഇതിനായി സ്ഥലം കിട്ടുമോയെന്ന് അന്വേഷിച്ചിരുന്നു.
ജനങ്ങൾ ഒറ്റക്കെട്ടായി നിന്നപ്പോൾ വിമാനത്താവളം യാഥാർഥ്യമായി. അതുപോലെ എല്ലാവരുടെയും സഹായ സഹകരണങ്ങളുണ്ടെങ്കിൽ സ്റ്റേഡിയവും യാഥാർഥ്യമാകും.
Q.
വാർഡിന്റെ വടക്കുഭാഗത്തായി 25 ഏക്കറോളം സ്ഥലം കാടുപിടിച്ചു കിടക്കുന്നുണ്ട്. കുറുക്കൻ, പാമ്പ് തുടങ്ങിയവയുടെ ശല്യം ഏറിയിട്ടുണ്ട്.
എന്തെങ്കിലും നടപടി നഗരസഭയ്ക്കു സ്വീകരിക്കാനാകുമോ? നെട്ടാത്തോട് കനാലിന്റെ വശത്തുകൂടിയുള്ള ഫാം റോഡ് ഗതാഗതയോഗ്യമാക്കുമോ? അഡ്വ.എ.ജെ.ബെന്നി, പീച്ചാനിക്കാട്.
A.
ഒന്നാം വാർഡിലെ കൗൺസിലറുമായി കൂടിയാലോചിച്ചു കാടുപിടിച്ചു കിടക്കുന്ന സ്ഥലം വൃത്തിയാക്കുന്നതിനു നടപടികൾ സ്വീകരിക്കാം. നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് സഞ്ചാരയോഗ്യമാക്കാൻ നടപടിയെടുക്കാം.
Q.
ആരോഗ്യ സുരക്ഷാ പദ്ധതികളുണ്ടോ? വിജോ ഫ്രാൻസിസ്, ഇ കോളനി
A. നഗരസഭാ പ്രദേശത്തെ രോഗികളെ സഹായിക്കുന്നതിനായി നിലവിൽ ചെയർപഴ്സന്റെ ദുരിതാശ്വാസനിധിയിൽ നിന്നു സഹായം നൽകിവരുന്നുണ്ട്.
ഇതു തുടരും. അതോടൊപ്പം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കായി ചികിത്സാ പദ്ധതിക്ക് ആലോചിക്കുന്നുണ്ട്.
Q.
മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം നഗരസഭയുടെ സ്ഥലത്ത് ശ്മശാനം നിർമിക്കുന്ന പദ്ധതിയുടെ സ്ഥിതി എന്താണ്. ഇത് എന്നു പൂർത്തിയാക്കും.?സി.നന്ദകുമാർ, കല്ലുപാലം
A.
പ്രദേശവാസികളുമായി ചർച്ച ചെയ്തു പൊതു ശ്മശാനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയതിനു ശേഷം മാത്രമേ നിർമാണവുമായി മുന്നോട്ടുപോവുകയുള്ളു. ബന്ധപ്പെട്ട
ഏജൻസികളിൽ നിന്ന് അനുമതികളും ലഭ്യമാകേണ്ടതുണ്ട്. നിലവിൽ ഇതുമായി ബന്ധപ്പെട്ടു കോടതിയിൽ കേസുണ്ട്.
Q.നഗരസഭാ പ്രദേശത്തെ മാലിന്യസംസ്കരണ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുമോ? രാജു പാറയ്ക്കൽ
A.
അയ്യായിപ്പാടത്ത് വാങ്ങിയ സ്ഥലത്ത് എംസിഎഫ്, ആർആർഎഫ് എന്നിവയുടെ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തിവരുന്നുണ്ട്. ജൈവമാലിന്യം സംസ്കരിക്കുന്നതിന്റെ ഭാഗമായി ജൈവ സംസ്കരണത്തിന് ബയോബിൻ, ബയോ ഡൈജസ്റ്റർ പോട്ട്, റിങ് കംപോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് ഉൾപ്പെടെയുള്ളവ എല്ലാ കുടുംബങ്ങൾക്കും നൽകിയിട്ടുണ്ട്.
ഇവ ആവശ്യമുള്ള കുടുംബങ്ങൾക്ക് ഇനിയും വിതരണം ചെയ്യും. അജൈവമാലിന്യം ശേഖരിക്കുന്നതിനു ഹരിതകർമസേനയുടെ വാതിൽപ്പടി സേവനവുമുണ്ട്.
Q.ടി.ടി.തൊമ്മച്ചൻ, വളവഴിഒരു തുണ്ടു ഭൂമി പോലും ഇല്ലാത്തവർ നഗരസഭയിലുണ്ട്.
ഇവർക്കു ഭൂമിയും വീടും ലഭ്യമാക്കുമോ?
A. നഗരസഭാ പ്രദേശത്ത് വീടില്ലാത്തവരായി ആരും ഉണ്ടാകരുതെന്നാണു ഭരണസമിതി ആഗ്രഹിക്കുന്നത്.
ഭൂരഹിത ഭവന രഹിതർക്കായി പാർപ്പിട പദ്ധതിയിലൂടെ വീടുകൾ നിർമിച്ചു നൽകാൻ പദ്ധതികൾ തയാറാക്കാൻ ശ്രമിക്കും.
Q.
മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ കിടന്നാണു വിളിക്കുന്നത്.
അങ്കമാലിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് എന്തെങ്കിലും നടപടികളുണ്ടോ. ബൈപാസ് യാഥാർഥ്യമാക്കാൻ നടപടികൾ സ്വീകരിക്കുമോ? ദേവസ്സി വർഗീസ് കാച്ചപ്പിള്ളി, അങ്കമാലി സൗത്ത്
A.
അങ്കമാലി ബൈപാസ് യാഥാർഥ്യമാക്കുന്നതിനു സർക്കാരിൽ സമ്മർദം ചെലുത്തും. സ്ഥല ഉടമകൾക്കു പണം നൽകി ഭൂമി ഏറ്റെടുക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെടും.
Q.
അങ്കമാലിയിൽ നിന്നു വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിന്റെ നിർമാണം പാതിവഴിയിലാണല്ലൊ. യാത്രക്കാർ വിമാനത്താവളത്തിലേക്കു പോകുന്നതിനു പ്രധാനമായി ആശ്രയിക്കുന്ന റോഡാണിത്.
റോഡിന്റെ വളവുകൾ നിവർത്തി വീതി കൂട്ടുന്നതിനു നടപടികൾ സ്വീകരിക്കുമോ? പി.യു.സുരേഷ്, പോത്തനാലി
A. വിമാനത്താവളം റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിൽ തർക്കങ്ങളുണ്ട്.
ഈ തർക്കങ്ങൾ പരിഹരിക്കുന്നതിന് എംഎൽഎയുടെ നേതൃത്വത്തിലുള്ള ചർച്ചകളിൽ നഗരസഭയും പങ്കുവഹിക്കും. സ്ഥലം വിട്ടുകിട്ടിയാൽ റോഡിന്റെ വളവുകൾ നിവർത്തി വീതി കൂട്ടുന്നതിനു മറ്റു തടസ്സങ്ങൾ ഉണ്ടാകില്ല.
Q.
ജനങ്ങളുടെ മാനസികോല്ലാസത്തിനായി ഒരു പാർക്ക് ആവശ്യമാണ്. കുഇതിനു നടപടികളുണ്ടോ?ബാബു മേനാച്ചേരി, കവരപ്പറമ്പ്
A.
സ്ഥലം ലഭ്യമാകാത്തതിനാൽ പല പദ്ധതികളും യാഥാർഥ്യമാക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ട്. കോതകുളങ്ങര ഭാഗത്ത് പാർക്കിനായി സ്ഥലം അന്വേഷിക്കുന്നുണ്ട്. സ്ഥലം ലഭ്യമായാൽ ഈ ഭരണസമിതിയുടെ കാലത്തു തന്നെ പാർക്ക് യാഥാർഥ്യമാക്കാൻ ശ്രമിക്കും.
ഏഴാം വാർഡിലെ ഹാപ്പിനെസിന്റെ നിർമാണം 2 മാസത്തിനുള്ളിൽ പൂർത്തിയാക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

