കോഴിക്കോട് ∙ ലക്ഷങ്ങൾ ചെലവിട്ടു നവീകരിച്ച കോർപറേഷൻ സ്റ്റേഡിയം സൂപ്പർ ക്രോസ് റേസിങ് ലീഗിനു വിട്ടുകൊടുത്ത ശേഷം കൃത്യമായ പരിശോധന നടത്തുന്നതിൽ കോർപറേഷനും വീഴ്ച. വ്യവസ്ഥകൾ കർശനമായി പാലിക്കുമെന്ന ഉറപ്പിലാണു കഴിഞ്ഞ കൗൺസിൽ കേരള ഫുട്ബോൾ അസോസിയേഷനു സ്റ്റേഡിയം വിട്ടുനൽകിയത്.
എന്നാൽ, മുൻ കൗൺസിലിന്റെ കാലാവധി കഴിയുകയും തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം പുതിയ മേയർ അടക്കമുള്ളവർ ചുമതലയേൽക്കുകയും ചെയ്യുന്നതിന്റെ ഇടയിലാണ് സ്റ്റേഡിയത്തിൽ സൂപ്പർ ക്രോസ് റേസിങ് ലീഗ് നടന്നത്. ഈ സമയം, വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കായിരുന്നു.
ഇതു ചെയ്യുന്നതിൽ കോർപറേഷൻ ഉദ്യോഗസ്ഥർക്കും വീഴ്ചയുണ്ടായെന്നാണ് ഇപ്പോൾ ആക്ഷേപം ഉയരുന്നത്. കോർപറേഷനും കെഎഫ്എയും തമ്മിലുള്ള വ്യവസ്ഥകൾ പലതും റേസിങ് ലീഗിൽ ലംഘിക്കപ്പെട്ടു.
ഈ സാഹചര്യത്തിൽ കരാറിന്റെ ഭാവിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
സ്റ്റേഡിയത്തിന്റെ പ്രവേശന ഗേറ്റുകൾ തകർന്നു; ബോക്സിങ് ഉപകരണങ്ങൾ മോഷണം പോയി
കോഴിക്കോട്∙ ബൈക്ക് റേസിങ് മത്സരത്തിനുശേഷം സ്റ്റേഡിയത്തിലെ പുൽമൈതാനം പൂർണമായും ഉണങ്ങിയതിനു പുറമേ കൂടുതൽ നാശനഷ്ടം നേരിട്ടതായി സംശയം. സ്റ്റേഡിയത്തിലെ പുൽമൈതാനത്തിനടിയിൽ വെള്ളം ഒഴുകിപ്പോവാൻ സുഷിരങ്ങളോടു കൂടിയ പൈപ്പുകളുണ്ട്.
ഭാരമേറിയ മൺകൂനകൾ വന്നതോടെ ഈ പൈപ്പുകൾ നശിച്ചതായാണു സംശയം.
പുൽമൈതാനത്തിലെ പുല്ല് നശിച്ചതിനുപുറമേ പുൽമൈതാനം മൊത്തത്തിൽ പരന്നു താഴ്ന്നു. മഴപെയ്താൽ മാത്രമേ ഏതൊക്കെ ഭാഗത്ത് വെള്ളം കെട്ടിനിൽക്കുമെന്ന് അറിയൂ.
മൈതാനം ഒരുക്കാൻ ഭാരമേറിയ വാഹനങ്ങളൊന്നും കയറ്റാറില്ല. മൈതാനത്ത് വൻതോതിൽ മണ്ണിട്ടതോടെ മരപ്പാളികൾക്കടിയിലെ പുല്ല് പൂർണമായും നശിച്ചു.
ആളുകൾ അകത്തേക്ക് ഇടിച്ചുകയറാൻ ശ്രമിച്ചതിനിടെ സ്റ്റേഡിയത്തിന്റെ പ്രവേശന ഗേറ്റുകൾ തകർന്നു.
സ്റ്റേഡിയത്തിന്റെ പടിഞ്ഞാറേ ഗാലറിയുടെ ഒന്നാംനിലയിൽ ബോക്സിങ് റിങ്ങുണ്ട്. ജില്ലാ സ്കൂൾ ബോക്സിങ് ചാംപ്യൻഷിപ് അടക്കമുള്ള മത്സരങ്ങൾ നടക്കുന്നത് ഇവിടെയാണ്.
സൂപ്പർക്രോസ് മത്സരദിവസം ഇവിടെയുള്ള ബോക്സിങ് ഉപകരണങ്ങൾ നഷ്ടപ്പെട്ടതായും ആരോപണമുണ്ട്.
സ്റ്റേഡിയത്തിലെ ജിമ്മിലെ ഉപകരണങ്ങളും നഷ്ടപ്പെട്ടതായും സംശയം ഉയർന്നു. മത്സരത്തിനു മുൻപ് കേരള ഫുട്ബോൾ അസോസിയേഷന് ഡിപ്പോസിറ്റ് തുകയായി 25 ലക്ഷം രൂപ നൽകിയിട്ടുണ്ട്.
എന്നാൽ, ഈ തുക കൊണ്ട് അറ്റകുറ്റപ്പണി പൂർത്തിയാവുമെന്ന് അധികൃതർക്കും ഉറപ്പില്ല.
സ്റ്റേഡിയത്തിലെ ഗാലറിയിൽ പരമാവധി 35000 പേരെയാണ് പ്രവേശിപ്പിക്കാനാവുക. ഇരിക്കാൻ കസേരകളില്ലാത്തതിനാൽ ഗാലറിയിലെ ഏകദേശ കണക്കാണിത്.
എന്നാൽ സൂപ്പർക്രോസ് മത്സരത്തിന്റെ ഫൈനലിന് ഇതിലുമധികം പ്രവേശന ടിക്കറ്റുകൾ വിറ്റതായി ആരോപണം ഉയർന്നിരുന്നു.
ടിക്കറ്റെടുത്തിട്ടും അകത്തുകയറാനാവാതെ ഒട്ടേറെ സ്ത്രീകളും കുട്ടികളും കുടുംബങ്ങളും സ്റ്റേഡിയത്തിനു മുന്നിൽ കുടുങ്ങി. എസിപിയുടെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ തിരിച്ചയച്ചത്.സംഭവം വിവാദമായതോടെ കോർപറേഷന്റെ പുതിയ കൗൺസിലിലെ കൗൺസിലർമാർ അടക്കമുള്ളവർ ഇന്നലെ സ്റ്റേഡിയം സന്ദർശിച്ചു.
നൈനാംവളപ്പ് ഫുട്ബോൾ ഫാൻസ് അസോസിയേഷൻ പ്രതിഷേധിച്ചു
∙ കോർപറേഷൻ സ്റ്റേഡിയത്തിൽ സൂപ്പർ ക്രോസ് മോട്ടോർ ബൈക്ക് റേസിങ് പരിപാടി നടത്തിയതിനെ തുടർന്ന് പുൽമൈതാനം നശിക്കാനിടയായ സംഭവത്തിൽ നൈനാംവളപ്പ് ഫുട്ബോൾ ഫാൻസ് അസോസിയേഷൻ (എൻഫ) പ്രതിഷേധിച്ചു.സൂപ്പർ ലീഗ് കേരളയുടെ സെമി, ഫൈനൽ മത്സരം നടത്താൻ അനുവദിക്കാതെ സ്റ്റേഡിയം ബൈക്ക് റേസിങ്ങിനു വിട്ടുകൊടുത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
നിറഞ്ഞ ഗാലറിയിൽ സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തെ ഇന്ത്യ സൂപ്പർ ലീഗ് മത്സര വേദിയായി പരിഗണിക്കാനുള്ള സാധ്യത നിലനിക്കെയാണ് മൈതാനത്തിന് കേടുപാടുകൾ സംഭവിച്ചത്.
മേലിൽ ഫുട്ബോൾ മത്സരങ്ങൾക്ക് തടസ്സവും പുൽത്തകിടിക്കു കേടുപാടുകൾ വരുത്തുന്നതുമായ പരിപാടികൾക്ക് സ്റ്റേഡിയം വിട്ടുനൽകരുതെന്ന് എൻഫ പ്രസിഡന്റ് സുബൈർ നൈനാംവളപ്പ് പറഞ്ഞു.
സ്റ്റേഡിയം നൽകാൻ കോർപറേഷന്റെ വ്യവസ്ഥകൾ
∙ ഫുട്ബോൾ മാച്ചുകൾക്ക് മാത്രമേ ഗ്രൗണ്ട് ഉപയോഗിക്കാൻ അനുമതിയുള്ളൂ: ഐഎസ്എൽ, ഐ ലീഗ് അടക്കമുള്ള മത്സരങ്ങൾക്കായി ഉയർന്ന നിലവാരത്തിൽ തയാറാക്കിയ ഗ്രൗണ്ട് നശിക്കാതിരിക്കാനാണ് ഈ വ്യവസ്ഥ വച്ചത്. ഇതു പൂർണമായും ലംഘിം വിധമാണു റേസിങ് ലീഗിനു സ്റ്റേഡിയം വിട്ടു നൽകിയത്.
∙ ചാംപ്യൻഷിപ്പുകൾ സംഘടിപ്പിക്കുകയാണെങ്കിൽ അതുവഴി ഉണ്ടാകുന്ന റവന്യു വരുമാനം കോർപറേഷനുമായി പങ്കിടണം.
(കേരള ഫുട്ബോൾ അസോസിയേഷനും ജില്ലാ ഫുട്ബോൾ അസോസിയേഷനും നേരിട്ടു നടത്തുന്ന പരിപാടികൾ ഒഴികെ) ഓരോ ദിവസവും 1 ലക്ഷം രൂപ വീതം കോർപറേഷനു നൽകണം. എന്നാൽ റേസിങ് ലീഗിന്റെ വരുമാനമൊന്നും ഇതുവരെ കോർപറേഷനു ലഭിച്ചിട്ടില്ല.
മത്സരത്തിനു സ്റ്റേഡിയം നൽകിയത് 2 ദിവസം മാത്രമാണ്.
എന്നാൽ, സ്റ്റേഡിയം ഒരുക്കങ്ങൾക്കും മറ്റുമായി വിട്ടു നൽകിയത് 15 ദിവസവും. 2 ലക്ഷം രൂപയാണോ 15 ലക്ഷം രൂപയാണോ കോർപറേഷനു കിട്ടേണ്ടത് എന്നതിൽ അവ്യക്തത.
∙ നല്ല നിലയിൽ സ്റ്റേഡിയവും ഫുട്ബോൾ പിച്ചും പരിസരവും തിരിച്ചേൽപ്പിക്കണം: സ്റ്റേഡിയത്തിലെ നിലവിലെ അവസ്ഥയ്ക്കു കേടുപാടു സംഭവിക്കരുതെന്നും നല്ലനിലയിൽ തിരിച്ചേൽപിക്കണമെന്നും വ്യവസ്ഥയുണ്ട്.
എന്നാൽ സ്റ്റേഡിയത്തിലെ പുല്ല് പൂർണമായും നശിച്ചു.
∙ മറ്റ് പരിപാടികൾക്കു സ്റ്റേഡിയം നൽകുമ്പോൾ കോർപറേഷന്റെ മുൻകൂർ അനുമതി വാങ്ങണം. ഈ വ്യവസ്ഥ ഉപയോഗിച്ചാണ് ബൈക്ക് റേസിങ് മത്സരം നടത്തിയത്.
ബൈക്ക് റേസിങ് മത്സരം നടത്തിയാൽ പിച്ച് നശിക്കുമെന്ന ആശങ്ക കൗൺസിലിൽ ഉയർന്നിരുന്നു.
അപ്പോഴാണു സ്റ്റേഡിയം നല്ല രീതിയിൽ തിരിച്ചേൽപിച്ചാൽ റീഫണ്ട് ചെയ്യുമെന്ന വ്യവസ്ഥയിൽ 25 ലക്ഷം രൂപ മുൻകൂർ ഡെപ്പോസിറ്റ് വാങ്ങുന്നുണ്ടെന്നും കെഎഫ്എ കോർപറേഷനെ അറിയിച്ചത്. തുടർന്നാണ് അനുമതി നൽകിയത്. എന്നാൽ, ഡെപ്പോസിറ്റ് തുകയുടെ മൂന്നിരട്ടി ചെലവാക്കിയാലും സ്റ്റേഡിയം പഴയ സ്ഥിതിയിലേക്ക് എത്തിക്കാൻ കഴിയാത്ത അവസ്ഥയായി.
സ്റ്റേഡിയം ഇന്ന് സന്ദർശിക്കും
സ്റ്റേഡിയത്തിൽ ഇന്നു ഡപ്യൂട്ടി മേയർക്കൊപ്പം സന്ദർശനം നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സാഹസിക പരിപാടിക്കു മുൻപു സ്വകാര്യ സ്ഥാപനവുമായി അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുണ്ട്.
പുൽമൈതാനം പൂർവസ്ഥിതിയിലാക്കുമെന്നു സ്ഥാപനം അറിയിച്ചിട്ടുണ്ട്. മാത്രമല്ല, ഇതിനായി പ്രത്യേക ഫണ്ട് സ്ഥാപനത്തിൽ നിന്നു മുൻകൂറായി വാങ്ങിയിട്ടുണ്ട്.
നിർമാണത്തിൽ വീഴ്ചവരുത്തിയാൽ ഈ ഫണ്ട് കോർപറേഷനിലേക്കു കണ്ടുകെട്ടും. മൈതാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാൽ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാനുള്ള സംവിധാനവും ഉണ്ട്.
മേയർ ഒ.സദാശിവൻ
മുന്നിൽ ഇന്ന് ഫുട്ബോൾ പ്രേമികളുടെ ധർണ
സ്റ്റേഡിയത്തിൽ ബൈക്ക് റേസ് ലീഗ്കൊണ്ടു വരാൻ തീരുമാനിച്ചപ്പോൾ അതിനെ ശക്തമായി എതിർത്തതാണ്.
ഇതിനായി സ്റ്റേഡിയം ഉപയോഗിക്കരുതെന്നും മറ്റു വേദികൾ കോഴിക്കോട്ട് ഒട്ടേറെയുണ്ടെന്നും പറഞ്ഞിരുന്നു. കോഴിക്കോട്ടെ ഫുട്ബോൾ ആരാധകരുടെ നേതൃത്വത്തിൽ ഇതിനെതിരെ ധർണയും സംഘടിപ്പിച്ചു.
ഇതൊന്നും അന്നു ശ്രദ്ധിച്ചില്ല. സ്റ്റേഡിയം ഇത്തരത്തിൽ നശിപ്പിക്കാൻ കൂട്ടുനിന്നവരെല്ലാം മറുപടി പറയണം.
സ്റ്റേഡിയം എത്രയും പെട്ടെന്നു പൂർവസ്ഥിതിയിലാക്കണം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടു ഫുട്ബോൾ പ്രേമികളുടെ പ്രക്ഷോഭം ഇന്നു വൈകിട്ട് 4നു കോർപറേഷൻ ഓഫിസിനു മുന്നിൽ ധർണ നടത്തും. സഫറി വെള്ളയിൽ (കൗൺസിലർ, മൂന്നാലിങ്ങൽ) … FacebookTwitterWhatsAppTelegram

