പാലക്കാട് ∙ റെയിൽവേ പാലക്കാട് ജംക്ഷനിലെ വാഹന പാർക്കിങ് സ്ഥലത്തു പണം അടച്ചു നിർത്തിയിടുന്ന ഇരുചക്ര വാഹനങ്ങൾ ” ‘അപ്രത്യക്ഷമാകുന്നതു’ പതിവാകുന്നതായി യാത്രക്കാരുടെ പരാതി. പാർക്ക് ചെയ്തു പോയ ശേഷം, തിരികെയെത്തുമ്പോൾ വാഹനം കാണില്ല.
പാർക്കിങ് ഓഫിസിലെ തൊഴിലാളികളോടു പറഞ്ഞാൽ ‘അവിടെ എവിടെയെങ്കിലും കാണും…’ എന്നാകും മറുപടിയെന്നു യാത്രക്കാർ പറയുന്നു. മണിക്കൂറുകളോളം തിരഞ്ഞാലാണു വാഹനം കണ്ടെത്താനാവുക.
കഴിഞ്ഞ ദിവസം മണ്ണാർക്കാട് സ്വദേശി ജെനീഷ് വിൽസന്റെ വാഹനം കണ്ടെത്തിയതു പാർക്കിങ്ങിനു പുറത്ത് ട്രാക്കിനു സമീപത്തു നിന്നാണ്. ആരാണു വാഹനം അവിടെ കൊണ്ടുപോയി വച്ചതെന്നു ചോദിച്ചപ്പോൾ തൊഴിലാളികൾക്കും മറുപടിയില്ല.
ആർപിഎഫ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ചന്ദ്രനഗർ സ്വദേശി പി.ജി.നായർക്കും ദുരനുഭവമുണ്ടായി.
പാർക്ക് ചെയ്ത സ്ഥലത്ത് ഇരുചക്ര വാഹനം കണ്ടില്ല.
തൊഴിലാളികളോടു ചോദിച്ചപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ല. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനുശേഷമാണു വാഹനം കണ്ടെത്താനായത്.
വലിയ തുക നൽകി വാഹനം പാർക്ക് ചെയ്തിട്ടും കരാറുകാർക്ക് ഉത്തരവാദിത്തം ഇല്ലേ എന്നാണു യാത്രക്കാരുടെ ചോദ്യം. ഒട്ടേറെ യാത്രക്കാരാണു പരാതിയുമായി റെയിൽവേയെ സമീപിച്ചത്.
അതേസമയം ഇതിൽ റെയിൽവേക്ക് ഉത്തരവാദിത്തമില്ലെന്നും കരാറുകാരെ സമീപിക്കാനുമാണ് ഉദ്യോഗസ്ഥർ നൽകുന്ന മറുപടി. കരാറുകാരുടെ വിവരങ്ങൾ റെയിൽവേ ഓഫിസിൽ ലഭ്യമല്ല.
സ്ഥലം അടച്ച് റെയിൽവേ സുരക്ഷാ സേന
യാത്രക്കാരെ കൊണ്ടുവിടാനായി പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിലെത്തുന്ന വാഹനങ്ങൾ തൽക്കാലത്തേക്കു നിർത്തിയിടുന്ന സ്ഥലം അടച്ച് റെയിൽവേ സുരക്ഷാ സേന.
നേരത്തേ ഇവിടെ നിർത്തിയിടുന്ന വാഹനങ്ങൾ ചങ്ങലയിട്ടു പൂട്ടിയിടുന്ന വിചിത്ര നടപടി വിവാദമായതിനെ തുടർന്നാണ് ആർപിഎഫിന്റെ പുതിയ നടപടി. യാത്രക്കാരെ കൊണ്ടുവിടാനെത്തുന്ന വാഹനങ്ങൾ കുറച്ചു നേരം പോലും നിർത്തിയിടരുതെന്നാണ് ആർപിഎഫിന്റെ നിർദേശം.
യാത്രക്കാരെ ഇറക്കിയാൽ അപ്പോൾതന്നെ മടങ്ങണം. ലഗേജ് പ്ലാറ്റ്ഫോമിലേക്കു കൊണ്ടുകൊടുക്കാൻ നിന്നാൽ വാഹനം അത്രയും സമയം അനധികൃതമായി പാർക്ക് ചെയ്തതിന് 500 രൂപ പിഴ അടയ്ക്കേണ്ടിവരും.
പിന്നെ കേസും. കുറച്ചു നേരം നിർത്തിയിടാൻ പോലും വലിയ തുക കൊടുത്തു പാർക്കിങ് ഏരിയ ഉപയോഗിക്കാനാണു നിർദേശം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

