ശബരിമല∙ മകരവിളക്കിനു നട തുറന്ന ശേഷം തുടർച്ചയായ നാലാം ദിവസവും തിരക്ക് ഒരുപോലെ തുടരുന്നു.
5 മണിക്കൂർ വരെ കാത്തുനിന്നാണ് ഇന്നലെ തീർഥാടകർ പതിനെട്ടാംപടി കയറിയത്. ശരംകുത്തി മുതൽ ക്യൂ നിന്നാണ് തീർഥാടകർ ഇന്നലെ പതിനെട്ടാംപടി കയറിയത്.
തീർഥാടകർ ക്യൂ നിന്നു തളരുകയാണ്. കൈക്കുഞ്ഞുങ്ങളുമായി വരുന്നവരെ പോലും ക്യൂവിൽ നിന്നു പുറത്തിറങ്ങാൻ സമ്മതിക്കുന്നില്ല.
ശരംകുത്തി ഭാഗത്ത് 10 മിനിറ്റിൽ കുറയാതെ നിന്നാലേ ക്യൂ മുന്നോട്ടു നീങ്ങൂ.
വലിയ തിരക്കിൽ മൂന്നും നാലും മണിക്കൂർ ക്യൂ നിന്നു കുട്ടികൾ വാടിത്തളരുകയാണ്. രക്ഷിതാക്കൾ അവരെ ചുമന്നാണ് നടക്കുന്നതും.
സന്നിധാനം വലിയ നടപ്പന്തലിൽ മാത്രമാണ് കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക ക്യൂ ഉള്ളത്. മരക്കൂട്ടം മുതൽ വലിയ നടപ്പന്തൽ വരെ കുട്ടികളുമായി എത്താൻ ഏറെ പ്രയാസപ്പെടണം.
പതിനെട്ടാംപടി കയറാൻ ക്യൂ നിൽക്കുന്നവർക്ക് ദേവസ്വം ബോർഡ് ചുക്കുവെള്ളം വിതരണം ചെയ്യുന്നുണ്ട്.
എന്നാൽ ചില സ്ഥലങ്ങളിൽ മാത്രമാണ് ബിസ്കറ്റ് കൊടുക്കുന്നത്. നാലും അഞ്ചും മണിക്കൂർ ക്യൂ നിൽക്കുമ്പോഴേക്കും പ്രായമുള്ളവരും തളരുന്നു.
ഭക്ഷണം കിട്ടാൻ മാർഗം ഇല്ലാത്തതിനാൽ രോഗികൾക്ക് കൃത്യസമയത്ത് മരുന്നു കഴിക്കാനും പറ്റുന്നില്ല.
പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗം ചില സമയങ്ങളിൽ കുറയുന്നു. മിനിറ്റിൽ 70 പേരിൽ കുറയാതെ പടി കയറിയില്ലെങ്കിൽ ക്യൂവിന്റെ നീളം കൂടും.
ഇത് തീർഥാടകരുടെ കാത്തുനിൽപ് ഇരട്ടിയാക്കും. ഇന്നലെ വൈകിട്ട് 3 വരെയുള്ള കണക്ക് അനുസരിച്ച് 58,804 പേർ ദർശനം നടത്തി.
അതിൽ 5752 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്.
റാപിഡ് ആക്ഷൻ ഫോഴ്സ് സജ്ജം
ശബരിമല ∙ മണ്ഡലകാല മഹോത്സവത്തിനു ശബരിമല നട തുറന്നതു മുതൽ സംസ്ഥാന പൊലീസ് സേനയോടൊപ്പം റാപിഡ് ആക്ഷൻ ഫോഴ്സിന്റെ 140 പേരുടെ ബറ്റാലിയനും സുസജ്ജം.
ഡപ്യൂട്ടി കമൻഡാന്റ് ബിജു റാമിന്റെ നേതൃത്വത്തിലുള്ള ബറ്റാലിയനിൽ ദ്രുത പ്രതികരണ സംഘത്തിലെ 30 പേരുമുണ്ട്.
മരക്കൂട്ടം, നടപ്പന്തൽ, തിരുമുറ്റം, ഡിഫെൻസ് മോർച്ച, സന്നിധാനം, ഭസ്മകളം, അരവണ വിതരണ കേന്ദ്രം എന്നിവയാണ് ആർഎഎഫിന്റെ പ്രധാന ഡ്യൂട്ടി പോയിന്റുകൾ. മകരവിളക്ക് പ്രമാണിച്ചു കൂടുതൽ സേനാംഗങ്ങളെ നിയോഗിക്കുമെന്നും അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

