എണ്ണക്കമ്പനികളോട് റഷ്യ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ ആഴ്ചതോറുമുള്ള കണക്ക് ആവശ്യപ്പെട്ട കേന്ദ്ര സർക്കാരിന്റെ അപ്രതീക്ഷിത നടപടി പുതിയ അഭ്യൂഹങ്ങൾക്ക് വഴിതുറന്നു.
യുഎസുമായി ഉടൻ വ്യാപാരക്കരാറിലേക്ക് നീങ്ങാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നാണ് വിലയിരുത്തൽ.
അമേരിക്ക കണക്ക് ആവശ്യപ്പെട്ടാൽ ഉടൻ കൊടുക്കാനാണിതെന്നും കരുതുന്നു. ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതി കഴിഞ്ഞമാസം മൂന്നു വർഷത്തിനിടയിലെ ഏറ്റവും താഴ്ചയിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്.
റഷ്യൻ എണ്ണ ഇറക്കുമതി ഏറക്കുറെ നിർത്താനുള്ള നീക്കത്തിലാണ് കേന്ദ്രമെന്നും വിലയിരുത്തലുകളുണ്ട്.
കഴിഞ്ഞ ജൂണിൽ പ്രതിദിനം 20 ലക്ഷം ബാരൽ വീതം റഷ്യൻ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. ഡിസംബറിൽ ഇറക്കുമതി 12 ലക്ഷം ബാരലിലേക്ക് ഇടിഞ്ഞു.
ഈമാസം ഇതു 10 ലക്ഷത്തിനും താഴെയാകുമെന്നാണ് കരുതുന്നത്. അതേസമയം, ഇന്ത്യയെ പിടിച്ചുനിർത്താനായി ഈ മാസത്തെ ഓർഡറുകൾക്ക് റഷ്യൻ കമ്പനികൾ വമ്പൻ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്.
നേരത്തേ ബാരലിന് 2 ഡോളറായിരുന്നു ഡിസ്കൗണ്ടെങ്കിൽ ഈ മാസത്തെ ഓഫർ 8 ഡോളർ.
∙ യുദ്ധത്തിനിടെ ഇറക്കുമതി
2022 മേയിൽ റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷമാണ് ഇന്ത്യ വലിയതോതിൽ റഷ്യൻ എണ്ണ വാങ്ങിത്തുടങ്ങിയത്. റഷ്യ വൻതോതിൽ ഡിസ്കൗണ്ട് നൽകിയതും ഇന്ത്യ പ്രയോജനപ്പെടുത്തി.
യുദ്ധത്തിന് മുൻപ് ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഒരു ശതമാനത്തിനും താഴെയായിരുന്നു റഷ്യൻ വിഹിതം.
പിന്നീടിതാണ് 40 ശതമാനത്തിലേക്കുവരെ ഉയർന്നത്. ചൈനയ്ക്ക് പിന്നിലായി റഷ്യൻ എണ്ണയുടെ രണ്ടാമത്തെ വലിയ ഇറക്കുമതിക്കാരുമായി ഇന്ത്യ മാറി.
∙ 25% പിഴച്ചുങ്കം ഉൾപ്പെടെ 50% തിരിച്ചടി തീരുവ
റഷ്യൻ എണ്ണ വൻതോതിൽ വാങ്ങിക്കൂട്ടി യുക്രെയ്ന് എതിരായ പുട്ടിന്റെ യുദ്ധത്തിന് ഇന്ത്യയാണ് ഇന്ധനം പകരുന്നതെന്ന് അമേരിക്കയും ട്രംപും ആരോപിച്ചു.
ട്രംപ് ഇന്ത്യയ്ക്കുമേൽ 25% പിഴച്ചുങ്കം ഉൾപ്പെടെ 50% തിരിച്ചടി തീരുവയും ചുമത്തി. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ട്രംപ് പിഴച്ചുങ്കം ചുമത്തിയ ഏക രാജ്യവും ഇന്ത്യയാണ്.
ഇന്ത്യ സുഹൃദ് രാഷ്ട്രമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്തായിട്ടും ഇന്ത്യയ്ക്കുമേൽ വമ്പൻ തീരുവ ചുമത്തുന്നതിന് ട്രംപ് വിമുഖത കാട്ടിയില്ല.
ഇന്ത്യ യുഎസ് ബന്ധം വഷളാകാനും മോദി-ട്രംപ് സൗഹൃദം മോശമാകാനും ഇതുവഴിവച്ചു. വ്യാപാരക്കരാർ ഒപ്പുവയ്ക്കുംമുൻപ് യുഎസുമായി എണ്ണ ഇറക്കുമതിയുടെ വ്യക്തമായ കണക്കുകൾ പങ്കുവയ്ക്കാനാണ് കേന്ദ്രം ഒരുങ്ങുന്നതെന്നും സൂചനകളുണ്ട്.
∙ തർക്കം 2 വിഷയങ്ങളിൽ
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനു കീഴിലെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ (പിപിഎസി) ആണ് കമ്പനികളോട് പ്രതിവാര കണക്കുകൾ സമർപ്പിക്കാൻ നിർദേശിച്ചത്.
നിലവിൽ സ്വകാര്യ ഏജൻസികളാണ് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ചകളിലെ നിർണായക വിഷയങ്ങളിലൊന്നാണ് ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി. മറ്റൊന്ന് ഇന്ത്യയിലേക്കുള്ള യുഎസ് കാർഷികോൽപന്നങ്ങളുടെ ഇറക്കുമതിയാണ്.
റഷ്യൻ എണ്ണ ഇറക്കുമതി ഘട്ടംഘട്ടമായി കുറയ്ക്കാൻ ഇന്ത്യ തയാറായേക്കും. എന്നാൽ, യുഎസ് കാർഷിക, ക്ഷീര ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ വിപണി തുറന്നുകിട്ടണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അനുവദിച്ചേക്കില്ല.
ഈ വിഷയങ്ങളിൽ തട്ടിയാണ് വ്യാപാരക്കരാർ ചർച്ചകൾ നീളുന്നതും.
∙ ഉപരോധത്തിനിടയിലും ഇറക്കുമതി
റഷ്യയിലെ ഏറ്റവും വമ്പൻ എണ്ണ കയറ്റുമതിക്കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്കാണ് ട്രംപ് അടുത്തിടെ ഉപരോധം പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യൻ കമ്പനികൾ ഈ കമ്പനികളിൽ നിന്നുള്ള ഇറക്കുമതി കുറച്ചിരുന്നു.
ഇന്ത്യയിലേക്കുള്ള മൊത്തം റഷ്യൻ എണ്ണ ഇറക്കുമതിയിൽ 70 ശതമാനത്തിലധികവും ഈ 2 കമ്പനികളിൽ നിന്നായിരുന്നു.
നിലവിൽ ഇത് 20 ശതമാനത്തിനും താഴെയായിട്ടുണ്ട്. അതേസമയം ഉപരോധം ബാധകമല്ലാത്ത മൂന്നാംകക്ഷികൾ വഴിയാണ് ഇപ്പോൾ റഷ്യൻ എണ്ണ ഇന്ത്യയിലെത്തുന്നത്.
റസ്എക്സ്പോർട്, ഇതോസ് എനർജി, അർകാഡിയ, റോസ്വുഡ്, റെഡ്വുഡ്, അൽഗാഫ് മറീൻ, വിസ്റ്റുല ഡെൽറ്റ തുടങ്ങിയ കമ്പനികൾ മുഖേനയാണ് ഇറക്കുമതി.
ഇവയിൽ പലതിന്റെയും ആസ്ഥാനം യുഎഇയുമാണെന്നാണ് റിപ്പോർട്ടുകൾ.
∙ റിലയൻസിനെ തേടി കപ്പലുകൾ
റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റുമായി റിലയൻസ് ഇൻഡസ്ട്രീസിന് പ്രതിദിനം 5 ലക്ഷം ബാരൽ വീതം റഷ്യൻ എണ്ണ വാങ്ങുന്നതിന് കരാറുണ്ടായിരുന്നു. റോസ്നെഫ്റ്റിനുമേൽ ട്രംപ് ഉപരോധം ചുമത്തിയതോടെ ഇതു തുലാസിയുമായി.
എന്നാൽ, അടുത്തിടെ റിലയൻസിന് ഒരുമാസത്തെ സാവകാശം യുഎസ് അനുവദിച്ചു.
റഷ്യയിൽ നിന്ന് മൊത്തം 22 ലക്ഷം ബാരൽ യൂറൽസ് ഇനം ക്രൂഡ് ഓയിലുമായി ഗുജറാത്തിലെ ജാംനഗർ റിഫൈനറിയിലേക്ക് 3 കപ്പലുകൾ എത്തുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്കരണശാലയാണ് ജാംനഗറിൽ റിലയൻസിനുള്ളത്.
ഈ കപ്പലുകളിലെത്തുന്ന ക്രൂഡ് ഓയിൽ പൂർണമായും റിലയൻസ് ഇന്ത്യൻ വിപണിയിലേക്ക് തന്നെയാകും വിൽപനയ്ക്ക് എത്തിക്കുക. കയറ്റുമതി ഉണ്ടാവില്ലെന്നാണ് സൂചനകൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

