സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ട ഒരു ദുരനുഭവക്കുറിപ്പ് വലിയ തോതിലുള്ള ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
സുഹൃത്തിനെ അന്ധമായി വിശ്വസിച്ച് സ്വന്തം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ 3.5 ലക്ഷം രൂപയുടെ വലിയ സാമ്പത്തിക ബാധ്യതയിലായെന്നാണ് ഒരു യുവാവിന്റെ വെളിപ്പെടുത്തൽ. മുംബൈയിൽ ഇവന്റ് മാനേജരായി ജോലി ചെയ്യുന്ന സുഹൃത്താണ് ഈ ചതിക്ക് പിന്നിലെന്നാണ് റെഡ്ഡിറ്റിൽ പ്രത്യക്ഷപ്പെട്ട
കുറിപ്പിൽ വ്യക്തമാക്കുന്നത്. പ്രതിസന്ധി ഘട്ടത്തിൽ പണം തിരികെ ലഭിക്കാത്ത സാഹചര്യത്തിൽ നിലവിൽ നിയമപരമായ മാർഗങ്ങളെക്കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിൽ സുഹൃത്ത് തന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയും തുക കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഈ വിശ്വാസപ്പുറത്താണ് ഇത്തവണയും കാർഡ് നൽകാൻ തയ്യാറായത്.
എന്നാൽ അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾ, യാത്രാവേളയിലെ മറ്റ് ചെലവുകൾ, മുൻകാല വാങ്ങലുകൾ എന്നിവ ഉൾപ്പെടെ ഏകദേശം 3.5 ലക്ഷം രൂപയുടെ ഇടപാടുകളാണ് സുഹൃത്ത് ഇത്തവണ നടത്തിയതെന്ന് യുവാവ് ആരോപിക്കുന്നു. തുടക്കത്തിൽ പണം നൽകുമെന്നും കുറച്ചു കൂടി സമയം വേണമെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും, പിന്നീട് കോളുകൾക്കോ സന്ദേശങ്ങൾക്കോ മറുപടി ലഭിക്കാതെ വന്നതോടെയാണ് വിഷയം ഗുരുതരമായത്.
സമൂഹമാധ്യമങ്ങളിൽ സുഹൃത്ത് സജീവമായി തുടരുകയും പാർട്ടികളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും തന്നെ ബോധപൂർവ്വം ഒഴിവാക്കുകയാണെന്ന് യുവാവ് പറഞ്ഞു. മറ്റൊരു സുഹൃത്ത് വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഡിസംബറിൽ സ്വന്തം വിവാഹം നടക്കാനിരിക്കെയാണ് ഈ വലിയ സാമ്പത്തിക ബാധ്യത വന്നുപെട്ടിരിക്കുന്നത്. ഇടപാടുകളുടെ എല്ലാ രേഖകളും സുഹൃത്തുമായുള്ള ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും തന്റെ കൈവശമുണ്ടെന്നും അടുത്ത സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോഴാണ് ഇയാൾ മറ്റുള്ളവരിൽ നിന്നും സമാനമായ രീതിയിൽ പണം തട്ടിയിട്ടുണ്ടെന്ന് മനസ്സിലായതെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാനാണ് യുവാവിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

