ഈട്ടിച്ചുവട് ∙ മണ്ണാരത്തറ–വലിയകാവ്–തൂളിമൺ ചെറുകിട ജലവിതരണ പദ്ധതിക്കായി ചെലവഴിച്ച ലക്ഷങ്ങൾ പാഴായി.
നിർമാണം തുടങ്ങി 7 വർഷം പിന്നിട്ടിട്ടും പദ്ധതിയിൽനിന്ന് തുള്ളിവെള്ളംപോലും ഗുണഭോക്താക്കൾക്കു ലഭിച്ചിട്ടില്ല. വലിയകാവ് മാർത്തോമ്മാ പള്ളിക്കു സമീപം നിർമിച്ച കിണറ്റിൽനിന്ന് വെള്ളം പമ്പ് ചെയ്ത് മണ്ണാരത്തറയിലെ നിലവിലുള്ള സംഭരണിയിൽ ശേഖരിച്ചു വിതരണം നടത്തുകയായിരുന്നു ലക്ഷ്യം. 40 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.
പുറമേ കിണറിനോടു ചേർന്ന തോട്ടിൽ തടയണ പണിയാൻ വേറെയും തുക ചെലവഴിച്ചു.
ദിവസം ഒരു ലക്ഷം ലീറ്റർ വെള്ളത്തിൽ കുറയാതെ പമ്പ് ചെയ്യാൻ സാധിക്കുന്ന കിണറും പമ്പ് ഹൗസും പാതിവഴിയിലെത്തിയ പമ്പിങ് ലൈനുമാണ് ഇപ്പോൾ നിലവിലുള്ളത്. പദ്ധതിയുടെ നിർവഹണ ചുമതല ജല അതോറിറ്റിയെയാണു ഏൽപ്പിച്ചിരുന്നത്. അവർ കരാർ പ്രവൃത്തികൾ സമയത്തു ചെയ്യിച്ചില്ല. കൂടാതെ ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി, ബാക്കി പമ്പിങ് മെയിൻ പൂർത്തിയാക്കുന്നതിനു നീക്കിവച്ച പണം അങ്ങാടി പഞ്ചായത്തിനു മടക്കി നൽകി പിൻമാറുകയും ചെയ്തു.
ജലക്ഷാമം രൂക്ഷമായ മണ്ണാരത്തറ, തൂളിമൺ, വലിയകാവ് പ്രദേശങ്ങളിൽ വെള്ളം ലഭിക്കാൻ ജലജീവൻ മിഷനോ ജലഅതോറിറ്റിയോ പദ്ധതി ഏറ്റെടുക്കണം. നിലവിൽ അങ്ങാടി ജല വിതരണ പദ്ധതിയിൽ നിന്നാണ് ഇവിടെ വെള്ളം എത്തിക്കുന്നത്.
അതും രണ്ടും മൂന്നും ദിവസം കൂടുമ്പോൾ. പമ്പാനദിയിൽ ജലനിരപ്പു കുറയുമ്പോൾ അത് ആഴ്ചയിൽ 1 ദിവസമായി ചുരുങ്ങും.
പിന്നീട് അമിത വില നൽകി വെള്ളം വാങ്ങുകയാണ്.
പമ്പിങ് മെയിനിന്റെ പണി പൂർത്തിയാക്കി മോട്ടർ സ്ഥാപിച്ച് വൈദ്യുതി കണക്ഷനും ലഭ്യമാക്കിയാൽ പദ്ധതി നാടിനു പ്രയോജനപ്പെടുത്താം. അതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം ഷിബു സാമുവൽ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

