കൊല്ലം∙ ആനപ്പാറക്കാരുടെ വീട്ടുപുരയിടത്തിൽ ഒരു ‘ആന’ ഇരിക്കുന്നുണ്ട്. ഇരിപ്പു തുടങ്ങിയിട്ടു കാലമേറെയായി.
ലേശം പൊക്കം വച്ചിട്ടുണ്ടോ എന്നൊരു സംശയം. ചുവട്ടിലെ മണ്ണ് ഒലിച്ചു പോയതുകൊണ്ടു തോന്നുന്നതാകാം അത്.
ഓയൂർ ചെങ്കുളം മുടിയൂർകോണത്ത് ആനപ്പാറ കുടുംബക്കാരുടെ 4 ഏക്കറിലധികമുള്ള പുരയിടത്തിന്റെ താഴ്വാരത്താണ്, ലക്ഷണമൊത്ത കൊമ്പനെപ്പോലെ ഒരു പാറയുടെ ഇരിപ്പ്. അതിന് ഒരു ശപഥത്തിന്റെ കഥയുണ്ടത്രെ.
ആനപ്പാറയിൽ ഏബ്രഹാമിന്റെയും അന്നമ്മയുടെയും ആറു മക്കളിൽ അഞ്ചാമനായ എം.തോമസ്കുട്ടി (72) പലതലമുറകൾക്കുമുൻപേ ഇവിടെയുള്ള പാറയെപ്പറ്റിയുള്ള ആ കഥ പറഞ്ഞു.
പണ്ടെങ്ങോ അതുവഴി ഒരു നമ്പൂതിരി നടന്നു പോയത്രെ. കുന്നും ചരിവുമുള്ള പ്രദേശം.
വൃക്ഷനിബിഡം. ധാരാളം മുളയുമുണ്ട്.
നമ്പൂതിരി അവിടയെത്തിയപ്പോൾ, ഒരു ആന മുളയൊടിച്ചു തിന്നുകയായിരുന്നു.
നമ്പൂതിരിയെ കണ്ടതോടെ, ആനയുടെ മട്ടുമാറി; ഒന്നു വിരട്ടാൻ നോക്കി. നമ്പൂതിരി വിട്ടുകൊടുക്കുമോ? തിരിച്ചു ശപിച്ചു– ഞാൻ തിരികെ വരുന്നതു വരെ നീ പാറയായി ഇവിടെയിരിക്കുക.
ശാപമോക്ഷം നൽകാൻ നമ്പൂതിരി പിന്നെ മടങ്ങി വന്നതുമില്ല.
ആണ്ടും പക്കവും അറിയില്ലെങ്കിലും അന്നു തുടങ്ങിയതാണ് ഈ ഇരിപ്പത്രെ. ‘ആനപ്പാറ’യുടെ മസ്തകവും ഉന്തിനിൽക്കുന്ന നെറ്റിത്തടവും ചെവിയും കണ്ണിന്റെ കുഴിയുമൊക്കെ തോമസ്കുട്ടി തൊട്ടുകാണിച്ചു. പുരയിടത്തിൽ റബറും മറ്റു കൃഷികളും ഉണ്ടെങ്കിലും പാറയ്ക്കു ചുറ്റും ഇപ്പോഴും മുള വളരുന്നുണ്ട്.
കുടുംബവസ്തു ഭാഗം വച്ചെങ്കിലും പാറയിരിക്കുന്ന 4 സെന്റ് സ്ഥലം സഹോദരങ്ങളുടെ പൊതുസ്വത്താണ്.
തോമസ്കുട്ടിയുടെ മൂത്ത സഹോദരങ്ങളായ മാത്യുവും കോശിയും ജീവിച്ചിരിപ്പില്ല. കൊച്ചുമ്മനും ജേക്കബും കുഞ്ഞമ്മയുമാണു മറ്റു സഹോദരങ്ങൾ. സമീപത്തുണ്ടായിരുന്ന ചെറിയ പാറകളൊക്കെ അതിർത്തി കെട്ടാനായി പൊട്ടിച്ചെങ്കിലും ആനപ്പാറയെ അവർ കാത്തുവച്ചിട്ടുണ്ട്. ആനയുള്ളവർ ഒട്ടേറെയുണ്ടെങ്കിലും ആനപ്പാറ ഇവർക്കു മാത്രമല്ലേയുള്ളൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

