പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ആകെ 356 വിവാഹങ്ങൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ഇവിടെ 416 വിവാഹങ്ങൾ നടന്നിരുന്നു.
നാളെ പുലർച്ചെ 4 മണിക്ക് 6 കല്യാണ മണ്ഡപങ്ങളിലായി താലികെട്ട് ചടങ്ങുകൾക്ക് തുടക്കമാകും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കല്യാണ സംഘങ്ങൾ നിശ്ചിത മുഹൂർത്തത്തിന് മുൻപായി മേൽപുത്തൂർ ഓഡിറ്റോറിയത്തിനു തെക്കുഭാഗത്ത് എത്തി ടോക്കൺ കൈപ്പടക്കേണ്ടതാണ്.
ഒരു വിവാഹ സംഘത്തിൽ ഫൊട്ടോഗ്രഫർ അടക്കം ആകെ 24 പേർക്ക് മാത്രമാണ് മണ്ഡപത്തിലേക്ക് പ്രവേശനം അനുവദിക്കുക. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ക്ഷേത്രത്തിന് ചുറ്റുമുള്ള ഇന്നർ, ഔട്ടർ റിങ് റോഡുകൾ വൺവേയായി ക്രമീകരിക്കും.
ഈ പാതകളുടെ വശങ്ങളിൽ യാതൊരു കാരണവശാലും വാഹന പാർക്കിങ് അനുവദിക്കുന്നതല്ല. പകരം ചെറുവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി മീഡിയം സ്കൂൾ ഗ്രൗണ്ടുകൾ തുറന്നുകൊടുക്കും.
കൂടുതൽ പൊലീസിനെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കാൻ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ, ടെംപിൾ സ്റ്റേഷൻ ഇൻസ്പെക്ടർ ജയപ്രദീപ്, എസ്ഐ കൃഷ്ണകുമാർ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ, അഗ്നിരക്ഷാസേന ഓഫിസർ എം.മനേഷ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

