അരൂർ∙ അരൂർ–കുമ്പളം ഇരട്ടപ്പാലങ്ങളുടെ പാതി ഭാഗത്ത് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ അധികൃതർ തയാറാകുന്നില്ല. യാത്രക്കാർ പുതുവത്സര ദിനത്തിലും അപകട
ഭീതിയിൽ. ഒരു കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഇരട്ടപ്പാലങ്ങൾ. അരൂർ–കുമ്പളം കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കേണ്ടത് കുമ്പളം– അരൂർ പഞ്ചായത്തുകളാണ്.
കുമ്പളം പഞ്ചായത്ത് 2017–ൽ കുമ്പളം ഇരട്ടപ്പാലങ്ങളുടെ പകുതി ഭാഗത്ത് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു. ഒപ്പം ടോൾ പ്ലാസ മുതൽ മാടവന വരെ ദേശീയപാതയുടെ മീഡിയനിലും സ്ട്രീറ്റ് ലൈറ്റുകൾ ഇട്ടു.
എന്നാൽ അരൂർ പഞ്ചായത്ത് പാലത്തിൽ ലൈറ്റുകൾ സ്ഥാപിക്കാൻ ജാഗ്രത കാണിക്കുന്നില്ല.
കഴിഞ്ഞ വർഷം കുമ്പളം പാലത്തിൽ സ്ട്രീറ്റ് ലൈറ്റുകളുടെ നവീകരണ ജോലികൾ നടത്തിയ കരാറുകാരെ അരൂർ പഞ്ചായത്ത് വിളിച്ചു വരുത്തി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇതിന് സർക്കാർ അനുമതി ലഭിക്കില്ലെന്ന കാരണം പറഞ്ഞ് നടപടിയിൽ നിന്നും പിന്നോട്ടു പോയി.
പൊതുമരാമത്ത് വകുപ്പാണ് പാലത്തിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാനുള്ള വാല്യുവേഷൻ നടപടികൾ എടുക്കേണ്ടത്. കുമ്പളം പഞ്ചായത്തിനു വേണ്ടി തൃശൂർ പിഡബ്ല്യുഡി വാല്യുവേഷൻ നടപടികൾ പൂർത്തീകരിച്ചിരുന്നു.
എന്നാൽ അരൂർ പഞ്ചായത്തിൽ തുടർ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി തയാറായില്ലെന്നാണ് ആക്ഷേപം. പുതിയ ഭരണ സമിതി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ നടപടികൾ എടുക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

