കൊച്ചി ഔട്ടർ റിങ് റോഡ് അഥവാ കുണ്ടന്നൂർ ബൈപാസ് പദ്ധതിയുമായി ബന്ധപ്പെട്ട നിർണ്ണായക നടപടികൾ അന്തിമഘട്ടത്തിലേക്ക്.
പദ്ധതിയുടെ ഭാഗമായി മാറമ്പിള്ളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ സാറ്റലൈറ്റ് പരിശോധന പൂർത്തിയാക്കി. ഇത്തരം പുനഃപരിശോധനകളുടെ റിപ്പോർട്ട് ഔദ്യോഗികമായി അംഗീകരിച്ച ഉടൻതന്നെ 3എ (ക്യാപ്പിറ്റൽ എ) വിജ്ഞാപനം പുറത്തിറക്കാനാണ് നീക്കം.
ഈ മാസം തന്നെ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് ദേശീയപാത വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന. പദ്ധതിയുമായി ബന്ധപ്പെട്ട് അലൈൻമെന്റ്, ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ നമ്പറുകൾ, റീസർവേ നമ്പറുകൾ, ഓരോ സർവേ നമ്പറിലും ഉൾപ്പെടുന്ന ഭൂമിയുടെ അളവ്, പുരയിടം, നിലം ഉൾപ്പെടെയുള്ള വസ്തുക്കളുടെ സ്വഭാവം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് വിജ്ഞാപനം പുറത്തിറക്കുന്നത്.
തുടക്കത്തിൽ ആറുവരി പാതയായി വിഭാവനം ചെയ്ത ബൈപാസ് പിന്നീട് എട്ടുവരിയായി വിപുലീകരിക്കുകയായിരുന്നു. പദ്ധതിയുടെ സർവേ നടപടികൾ വലിയൊരു പങ്കും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
ചില പ്രത്യേക മേഖലകളിൽ മാത്രമാണ് നിലവിൽ പുനഃപരിശോധനാ സർവേകൾ നടക്കുന്നത്. ബൈപാസ് കടന്നുപോകുന്ന വില്ലേജുകൾ ഏതൊക്കെയെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് മേൽനോട്ടം വഹിക്കേണ്ട
ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയുമുള്ള പ്രാരംഭ വിജ്ഞാപനം (3a) നേരത്തെ തന്നെ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ദേശീയപാത 544 ലെ അങ്കമാലി കരയാംപറമ്പ് മുതൽ ദേശീയപാത 66 ലെ അരൂർ വരെ നീളുന്ന 49.4 കിലോമീറ്റർ ദൈർഘ്യമുള്ള എട്ടുവരിപ്പാത എറണാകുളം, ആലപ്പുഴ ജില്ലകളിലായി ആകെ 20 വില്ലേജുകളിലൂടെയാണ് കടന്നുപോകുന്നത്.
അതീവ വേഗതയുള്ള പാതയായതിനാൽ ബൈപാസിലേക്ക് പ്രവേശിക്കുന്നതിനുള്ള എൻട്രി പോയിന്റുകൾ വളരെ പരിമിതമായിരിക്കുമെന്നാണ് വിലയിരുത്തൽ. എങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
രാജ്യത്തെ മറ്റ് അതിവേഗ പാതകളിൽ നാലോ അഞ്ചോ പ്രവേശന കവാടങ്ങൾ മാത്രമാണുള്ളത്. കൊച്ചി വിമാനത്താവളത്തിലേക്ക് പാതയിൽ പ്രവേശനമുണ്ടാകുമെന്നാണ് പ്രാഥമിക വിവരം.
അതേസമയം, പ്രധാന റോഡുകളിലേക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, അങ്കമാലി വില്ലേജിൽ ഭൂമിയുടെ ന്യായവില കുറച്ച നടപടി ഭൂവുടമകളെ പ്രതികൂലമായി ബാധിച്ചേക്കാം.
ഇവിടെ ഭൂമി വിട്ടുകൊടുക്കുന്നവർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയിൽ വൻ കുറവുണ്ടാകുമെന്നാണ് ആശങ്ക.
മുൻപമുണ്ടായിരുന്ന ന്യായവിലയേക്കാൾ പകുതിയിലേറെ കുറവാണ് പലയിടങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളത്. ചിലരുടെ നിവേദനത്തെ തുടർന്ന് ഒരു വില്ലേജിലെ ന്യായവില കുറച്ചതിനെതിരെ വ്യാപകമായ പ്രതിഷേധവും പരാതികളും ഉയരുന്നുണ്ട്.
ഇതുൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം കാണേണ്ടതുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഭൂവുടമകൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

