നെടുമങ്ങാട്∙ നാലുവരിപ്പാതയുടെ നിർമാണ ജോലികൾ നടക്കുന്ന വഴയില–നെടുമങ്ങാട് റോഡിൽ വാഹനാപകടങ്ങളും വർധിക്കുന്നു. രണ്ട് മാസത്തിനിടെ വിവിധ അപകടങ്ങളിൽ നാല് പേരുടെ ജീവനാണ് പൊലിഞ്ഞത്.
ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളിൽ പരുക്കേറ്റ് ചികിത്സ തേടിയവരുടെ എണ്ണവും കുറവല്ല. പത്താംകല്ല് അമ്പനാട്ടിൽ മിനിലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികരായ അരുവിക്കര കാരംകോണം തമ്പുരാൻപാറ സ്വദേശിനി പ്രേമ കുമാരി (54), മകൻ ഹരികൃഷ്ണൻ (24) എന്നിവർ മരിച്ചത് കഴിഞ്ഞ 23ന് രാത്രിയാണ്. നാലുവരിപ്പാതയുടെ നിർമാണത്തിന് എടുത്ത കുഴിയിൽ വീണു സ്കൂട്ടർ യാത്രികൻ കരകുളം ഏണിക്കര ദുർഗ ലെയ്ൻ ശിവശക്തിയിൽ വാടകയ്ക്കു താമസിച്ച ആകാശ് മുരളി (30) മരിച്ചത് കഴിഞ്ഞ 5ന് പുലർച്ചെയാണ്.
രണ്ടാൾ താഴ്ചയുള്ള കുഴിയിലേക്ക് സ്കൂട്ടർ വീഴുകയും കലുങ്കിന് മുകളിലെ കോൺക്രീറ്റ് സ്ലാബിലേക്ക് ആകാശ് മുരളി തെറിച്ചു വീഴുകയും ചെയ്തിരുന്നു.
കഴിഞ്ഞ നവംബർ 6ന് വഴയില പെട്രോൾ പമ്പിന് സമീപം തെന്നി മറിഞ്ഞ ബൈക്കിൽ നിന്ന് കെഎസ്ആർടിസി ബസിനടിയിലേക്ക് തെറിച്ചു വീണ കാരക്കോണം മഞ്ചവിളാകം ത്യപ്പല്ലൂർ കൃഷ്ണ മംഗലത്ത് വീട്ടിൽ ആർ.രാജേഷ് (31) സംഭവ സ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തിരുന്നു. അമിത വേഗതയും അശ്രദ്ധയും മൂലം റോഡ് ഒട്ടേറെ തവണയാണ് ചോരക്കളമായത്. നാലുവരിപ്പാതയുടെ നിർമാണ ജോലികൾ നടക്കുന്നതിനാൽ കരകുളം പാലം ജംക്ഷൻ മുതൽ എട്ടാംകല്ല് വരെ റോഡിൽ ഗതാഗത നിയന്ത്രണവുമുണ്ട്. റോഡിൽ വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

