പേരാവൂർ ∙ മഞ്ഞിനെയും തണുപ്പിനെയും പ്രായത്തെയും പരിമിതികളെയും വഴിമാറ്റി പേരാവൂർ മാരത്തണിൽ കായികതാരങ്ങൾ ഓടിക്കയറിയത് പുതിയ കായിക സംസ്കാരത്തിലേക്ക്. ഭിന്നശേഷിക്കാരും ബഡ്സ് സ്കൂൾ താരങ്ങളും സ്ത്രീകളും കുട്ടികളും പ്രായമായവരും നിരന്തര പരിശീലനവും കായികക്കരുത്തും ആവോളം ആവാഹിച്ച പ്രഫഷനൽ താരങ്ങളും ഒറ്റ ഫിനിഷിങ് പോയിന്റ് കടന്നുപോയപ്പോൾ കയ്യടിക്കാൻ ആയിരങ്ങളാണ് അണിനിരന്നത്.
പരിമിതികളിൽ പതറാതെയും വെല്ലുവിളികളെ വെല്ലുവിളിച്ചും ഓരോരുത്തരും ഫിനിഷിങ് പോയിന്റ് പിന്നിട്ടപ്പോൾ, ജേതാക്കളുടെ കഴുത്തിലണിയിക്കാൻ മെഡലുകളുമായി സംഘാടകരും കാത്തിരിക്കുകയായിരുന്നു.
8,300 പേരാണ് പേരാവൂരിന്റെ സ്വന്തം മാരത്തണിൽ പങ്കെടുക്കാൻ മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്ത് ജഴ്സി അണിഞ്ഞെത്തിയത്. ഫൺ റണ്ണിനായും കാഴ്ചക്കാരായും പല വിഭാഗങ്ങളിൽ എത്തിയരും ചേർന്നപ്പോൾ കായികക്കൂട്ടം 10,000 കടന്നു.
രാവിലെ 5ന് ആരംഭിച്ച വാംഅപിനു ശേഷം കായിക താരങ്ങൾ കൂട്ടത്തോടെ സ്റ്റാർട്ടിങ് പോയിന്റിലേക്ക് മാർച്ച് ചെയ്തു. 6ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തതോടെ മാരത്തണിന് തുടക്കമായി.
തൊട്ടുപിന്നാലെ റോളർ സ്കേറ്റിങ് താരങ്ങളുടെ പ്രകടനവും നടന്നു. മുപ്പതോളം ഭിന്നശേഷിക്കാർ വീൽചെയറിൽ ഒരേതാളത്തിൽ മത്സരത്തിന് ഇറങ്ങിയപ്പോൾ കണ്ടുനിന്നവർക്കും ആവേശമായി.
എല്ലാവരും ഫിനിഷിങ് പോയിന്റ് പിന്നിട്ടതിനു പിന്നാലെ കോളയാട് പഞ്ചായത്ത് ബഡ്സ് സ്കൂൾ കുട്ടികളും ട്രാക്കിലിറങ്ങി.
കായിക പരിശീലകനും വോളി താരവുമായ രമേശൻ ആലച്ചേരി പരിശീലിപ്പിച്ച ബഡ്സ് സ്കൂൾ കുട്ടികളെ കയ്യടികളോടെയാണ് കാഴ്ചക്കാർ സ്വീകരിച്ചത്.
പിന്നീട് കാണികളും കാഴ്ചക്കാരുമായി നിന്നവർ പ്രായവും പരിമിതികളും അവഗണിച്ച് 4.5 കിലോമീറ്റർ ഫൺ റണ്ണിൽ പങ്കെടുക്കാൻ തിരക്കുകൂട്ടുകയായിരുന്നു. 80 വയസ്സ് പിന്നിട്ടവരും റണ്ണിന്റെ ഭാഗമായി.
മികച്ച സംഘാടനം
സംഘാടക മികവുകൊണ്ട് വേറിട്ട
അനുഭവമായി മാറിയ പേരാവൂർ മാരത്തണിൽ വാഹന പാർക്കിങ് മുതൽ ശുദ്ധജല വിതരണം വരെ പ്രഫഷനൽ മികവോടെയാണ് സംഘാടകർ നിർവഹിച്ചത്. എണ്ണായിരത്തിലധികം പേർ ഒരേസമയം ഓടാൻ എത്തുമ്പോഴുള്ള തിക്കുംതിരക്കും നിയന്ത്രിക്കുകയും എല്ലാവർക്കും സൗജന്യ ഭക്ഷണവും വെള്ളവും ഉറപ്പാക്കുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

