വടുവൻചാൽ ∙ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അപ്രതീക്ഷിത വിജയം. എൽഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണു യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.
5–ാം വാർഡായ നെടുങ്കരണയിൽ നിന്നുള്ള സി.വി.സുധയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ 25 വർഷമായി യുഡിഎഫ് ഭരിച്ചിരുന്ന മൂപ്പൈനാട് പഞ്ചായത്തിൽ ഭരണം തിരിച്ചു പിടിക്കാനായതിന്റെ ആവേശത്തിലായിരുന്നു എൽഡിഎഫ്. എന്നാൽ, എൽഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ ആവേശം നിരാശയ്ക്ക് വഴിമാറി.
17 വാർഡുകളുള്ള പഞ്ചായത്തിൽ എൽഡിഎഫ്–9, യുഡിഎഫ്–8 എന്നിങ്ങനെയായിരുന്നു ഇക്കുറി കക്ഷിനില. പ്രസിഡന്റ് സ്ഥാനം പട്ടികവർഗ സംവരണമായ പഞ്ചായത്തിൽ 2–ാം വാർഡായ ജയ്ഹിന്ദിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട
വി.കേശവനായിരുന്നു എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി.
വോട്ടെടുപ്പിൽ എൽഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ ഇരുമുന്നണികൾക്കും 8 വീതം വോട്ടുകളായി. വോട്ടുനില തുല്യമായതിനെ തുടർന്ന് നറുക്കെടുപ്പിലേക്ക് കടന്നു.
നറുക്കെടുപ്പിൽ യുഡിഎഫിനെ ഭാഗ്യം തുണയ്ക്കുകയായിരുന്നു.
ഉച്ച കഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടുകളൊന്നും അസാധുവായില്ല.
തുടർന്ന് എൽഡിഎഫിലെ സി.എച്ച്.റെയ്ഹാനത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു സീറ്റിന്റെ വ്യക്തമായ മുൻതൂക്കമുണ്ടായിട്ടും പ്രസിഡന്റ് സ്ഥാനം നഷ്ടമായതിന്റെ നിരാശയിലാണ് എൽഡിഎഫ്.
ഇനി 6 മാസത്തിനു ശേഷം അവിശ്വാസപ്രമേയം അവതരിപ്പിച്ച് അതു പാസായാൽ മാത്രമേ എൽഡിഎഫിനു യുഡിഎഫിന്റെ പ്രസിഡന്റിനെ പുറത്താക്കാൻ കഴിയുകയുള്ളൂ.
താൽക്കാലികമായെങ്കിലും പ്രസിഡന്റ് സ്ഥാനം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണു യുഡിഎഫ് ക്യാംപ്.
മധുരം വിതരണം ചെയ്തും ആഹ്ലാദ പ്രകടനം നടത്തിയും യുഡിഎഫ് പ്രവർത്തകർ വിജയം ആഘോഷിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

