ആലപ്പുഴ ∙ റേഷൻ വാതിൽപടി വിതരണം നടത്തിയ ഇനത്തിൽ വൻതുക കുടിശികയായതോടെ വാതിൽപടി വിതരണ കരാറുകാർ സമരത്തിലേക്ക്. നവംബർ വരെയുള്ള ചരക്കുനീക്കം പൂർത്തിയായിട്ടും സെപ്റ്റംബറിലെ ബില്ലിന്റെ സംസ്ഥാന വിഹിതം മാത്രമേ അനുവദിച്ചിട്ടുള്ളൂ.
സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള ബില്ലുകളിൽ മാത്രം 35 കോടിയോളം രൂപയാണു കുടിശികയുള്ളത്. ഈ സാഹചര്യത്തിൽ ജനുവരി മുതൽ ചരക്കുനീക്കം നിർത്തിവയ്ക്കുമെന്ന് ഉന്നയിച്ചു കേരള ട്രാൻസ്പോർട്ടിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (കെടിസിഎ) സപ്ലൈകോ മാനേജിങ് ഡയറക്ടർക്കു കത്തുനൽകി.ഏപ്രിൽ മുതലുള്ള 10% തുക ഓഡിറ്റ് പൂർത്തിയായി ലഭിക്കാനുണ്ട്.
ഇതിനു പുറമേ ചിലയിടങ്ങളിൽ കഴിഞ്ഞവർഷത്തെ തുകയും ഓഡിറ്റ് പൂർത്തിയായി ലഭിച്ചിട്ടില്ല.
തൊഴിലാളികൾക്കു കൂലി വർധിപ്പിച്ചപ്പോൾ വാതിൽപടി കരാറുകാർക്കും നൽകാമെന്നേറ്റ 13% വർധന ഇതുവരെ നടപ്പാക്കിയില്ല. തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള വിഹിതവും സെപ്റ്റംബറിനു ശേഷം അടച്ചിട്ടില്ല.
ക്ഷേമനിധി വിഹിതം അടയ്ക്കാൻ വൈകുന്നതു തർക്കങ്ങൾ ഉണ്ടാക്കുകയും ഗോഡൗണുകളിൽ നിന്നുള്ള ചരക്കുനീക്കത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്.കരാറുകാർക്കു സപ്ലൈകോയിൽ നിന്നു പണം ലഭിക്കാൻ വൈകുന്നതോടെ ലോറി വാടകയും കുടിശികയാകും.
ഇതോടെ ചരക്കുനീക്കത്തിനു ലോറി ലഭിക്കാതെ വരും. ഇത്തരം തർക്കങ്ങൾ ജനങ്ങൾക്കു സമയത്തു റേഷൻ ലഭിക്കുന്നതിനും തടസ്സമാകുന്നുണ്ട്.
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിൽ ഡിസംബറിൽ നൽകേണ്ട റേഷൻ സാധനങ്ങൾ ക്രിസ്മസിനു ശേഷമാണു റേഷൻകടകളിൽ എത്തിയത്.വാതിൽപടി വിതരണത്തിന്റെ തുക വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സംബന്ധിച്ചു വ്യക്തത വരുത്തുകയും ഒക്ടോബർ വരെയുള്ള കുടിശിക അനുവദിച്ചു നൽകുകയും ചെയ്തെങ്കിലേ ജനുവരിയിൽ ചരക്കുനീക്കം ആരംഭിക്കൂ എന്നു കെടിസിഎ ജനറൽ സെക്രട്ടറി ഫഹദ് ബിൻ ഇസ്മായിൽ പറഞ്ഞു.
ഡിസംബറിലെ റേഷനെത്തിച്ചില്ല: എ.ആർ ട്രാൻസ്പോർട്ടേഴ്സിനെ കരാറിൽ നിന്നുനീക്കി
ആലപ്പുഴ∙ ക്രിസ്മസ് ആയിട്ടും ഡിസംബറിൽ വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങൾ റേഷൻകടകളിൽ എത്തിക്കാഞ്ഞതിനെ തുടർന്ന് അമ്പലപ്പുഴ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ റേഷൻ വാതിൽപടി വിതരണ കരാറുകാരനെ, കരാറിൽ നിന്നു നീക്കി.
മൂന്നു താലൂക്കുകളിൽ വാതിൽപടി വിതരണ കരാറെടുത്തിരുന്ന എ.ആർ ട്രാൻസ്പോർട്ടേഴ്സ് എന്ന സ്ഥാപനത്തെയാണു കരാറിൽ നിന്നു നീക്കിയത്.
കരാറിൽ രണ്ടാമതെത്തിയ സ്ഥാപനത്തിനാണു പകരം ചുമതല നൽകിയത്.ലോറി വാടകക്കുടിശികയെ തുടർന്നു വാതിൽപടി കരാറുകാരും ലോറിക്കാരും തമ്മിലുള്ള തർക്കം കാരണം റേഷൻ വിതരണം വൈകി. തർക്കം കഴിഞ്ഞു റേഷൻ വിതരണം ആരംഭിച്ചപ്പോഴും വിതരണം മന്ദഗതിയിലായിരുന്നു.
ആവശ്യത്തിനു ലോറികളും കരാറുകാരൻ എത്തിച്ചില്ലെന്നു സപ്ലൈകോ അധികൃതർ പറയുന്നു.ക്രിസ്മസ് ആയിട്ടും അമ്പലപ്പുഴ താലൂക്കിൽ അൻപതിലേറെ കടകളിൽ പച്ചരിയും പുഴുക്കലരിയും എത്തിയിരുന്നില്ല.
കുട്ടനാട് താലൂക്കിൽ 36 കടകളിലും റേഷൻ എത്തിയില്ല. കാർത്തികപ്പള്ളി താലൂക്കിലും വിതരണം പൂർത്തിയാക്കാനായില്ല.
ഇതോടെ റേഷൻ വ്യാപാരികൾ കരാറുകാരനെതിരെ രംഗത്തെത്തിയിരുന്നു. എഫ്സിഐ ഗോഡൗണിൽ നിന്ന് എൻഎഫ്എസ്എ ഗോഡൗണിലേക്കുള്ള ചരക്കുനീക്കവും നിലച്ചു.
തുടർന്നാണു സപ്ലൈകോ കരാറിൽ നിന്നു സ്ഥാപനത്തെ പുറത്താക്കിയതായി അറിയിച്ചത്. ക്രിസ്മസിനു ശേഷം പുതിയ സ്ഥാപനമാണു വാതിൽപടി വിതരണം നടത്തുന്നത്.
എഫ്സിഐയിൽ നിന്നുള്ള സംഭരണവും പുനരാരംഭിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

