പത്തനംതിട്ട: പ്രശസ്തമായ ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ വഴി പണം തട്ടിയ സംഭവത്തിൽ ആറന്മുള പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരനാണെന്ന് തെറ്റിധരിപ്പിച്ചാണ് പ്രതി പണം തട്ടിയെടുത്തത്.
വിവിധ ജില്ലകളിൽ നിന്ന് ഭക്തർ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം തിരിച്ചറിഞ്ഞത്. പ്രതി വിവിധ വ്യക്തികളിൽ നിന്നായി 5000 മുതൽ പതിനായിരം രൂപ വരെയാണ് കൈക്കലാക്കിയത്.
കൊല്ലം സ്വദേശികളായ ഒരു സംഘം ഇന്ന് ക്ഷേത്രത്തിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.
വിപിൻ ദാസ് എന്ന വ്യക്തിയാണ് ദേവസ്വം ബോർഡ് ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തി സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകിയിരുന്നത്. പരസ്യം കണ്ട് ബന്ധപ്പെടുന്നവരുമായി ചാറ്റ് ചെയ്ത് വള്ളസദ്യയും താമസവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആറന്മുളയിൽ ഒരുക്കി നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്യും.
എന്നാൽ, പണം ഓൺലൈൻ വഴി വാങ്ങിയ ശേഷം ആളുകൾ ക്ഷേത്രത്തിൽ എത്തുമ്പോൾ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരിക്കും. നിരവധി ജില്ലകളിൽ നിന്നുള്ളവർ കഴിഞ്ഞ കുറെ ദിവസങ്ങളായി സമാനമായ രീതിയിൽ തട്ടിപ്പിനിരയായിട്ടുണ്ട്.
ആദ്യം ലഭിച്ച പരാതികളിലൊന്നിലാണ് ഇപ്പോൾ പൊലീസ് കേസെടുത്തിട്ടുള്ളത്. സമാനമായ ഒട്ടനവധി പരാതികൾ കൂടി പൊലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടു.
ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ മൂന്ന് രീതിയിലാണ് വള്ളസദ്യ ലഭ്യമാകുന്നത്. വഴിപാട് ബുക്ക് ചെയ്തവർക്ക് സദ്യ കഴിക്കാം, കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ വഴിയുള്ള ബുക്കിംഗ്, കൂടാതെ പള്ളിയോട
സേവാസംഘം നൽകുന്ന സ്പെഷ്യൽ പാസ് എന്നിവയാണ് മറ്റ് വഴികൾ. സദ്യയുടെ സീസൺ ആരംഭിച്ച ആദ്യ ദിവസങ്ങളിൽ തന്നെ സ്പെഷ്യൽ പാസുകൾ പൂർണ്ണമായി തീർന്നിരുന്നു.
ഈ സാഹചര്യമാണ് തട്ടിപ്പുകാർ മുതലെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

