മഹാരാഷ്ട്രയിൽ കുന്നിൻമുകളിൽനിന്നു താഴെവീണ് അച്ഛനും അമ്മയും മകനും ദാരുണമായി അന്ത്യം സംഭവിച്ചു. മുംബൈക്കടുത്തുള്ള ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖവ്ദ കുന്നിൽ രാവിലെ പത്തു മണിയോടെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
ദേവ്ലായ് സ്വദേശിയായ പതിനെട്ടുകാരൻ കുന്നിന്റെ വശത്ത് കുത്തനെയുള്ള ഭാഗത്തു കയറിനിന്ന് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. മൂന്നു മണിക്കൂറോളം യുവാവിന്റെ മാതാപിതാക്കളും പ്രദേശവാസികളും പൊലീസും ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പിന്മാറാൻ തയാറായില്ല.
താഴെ നിന്ന് പല തവണ ആവശ്യപ്പെട്ടിട്ടും മകൻ അനുസരിക്കാതെ വന്നതോടെ പിതാവ് കുന്നിന്മുകളിലേക്കു കയറുകയായിരുന്നു. പിതാവ് അടുത്തേക്ക് വരുന്നത് കണ്ട് മകൻ വീണ്ടും പിന്നോട്ട് നീങ്ങി.
എന്നാൽ മകനെ പിടികൂടാൻ പിതാവ് ശ്രമിച്ചതിനിടയിൽ ഇരുവരുടെയും നിയന്ത്രണം നഷ്ടപ്പെടുകയും താഴേക്ക് പതിക്കുകയും ചെയ്തു. ഈ ദാരുണ രംഗം കണ്ട് പരിഭ്രാന്തയായ അമ്മയും നിമിഷങ്ങൾക്കകം താഴേക്ക് വീഴുകയായിരുന്നു.
യുവാവ് എന്തിനാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മാതാപിതാക്കളും മറ്റുള്ളവരും യുവാവിനെ അനുനയിപ്പിക്കാൻ നിരന്തരം ശ്രമിച്ചിരുന്നതായി ദൃക്സാക്ഷി സഞ്ജയ് ജാദവ് വ്യക്തമാക്കി.
‘‘അവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ മാതാപിതാക്കളും മറ്റുള്ളവരും ശ്രമിച്ചു. എന്നാൽ കേൾക്കാൻ തയാറായിരുന്നില്ല.
യുവാവിന്റെ അമ്മ അവനോട് ചാടരുതെന്ന് അപേക്ഷിച്ചുകൊണ്ടിരുന്നു’’– സഞ്ജയ് ജാദവ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

