മാവേലിക്കര ∙ബൈബിൾ പൂർണമായി പകർത്തി എഴുതിയതിന്റെ ആഹ്ലാദം 2 പേർ പങ്കിടുമ്പോൾ, പുതിയ നിയമം ഭാഗം മാത്രം പകർത്തി എഴുതിയതിന്റെ സന്തോഷം 20 പേരും ക്രിസ്മസ് നാളിൽ ആഘോഷിക്കുകയാണ്. പുതിയകാവ് കളീക്കൽ പുത്തൻവീട്ടിൽ റോയി തോമസ്, വലിയപെരുമ്പുഴ മംഗലത്ത് മിനി റൂസ്വെൽറ്റ് എന്നിവരാണു വേദപുസ്തകം പൂർണമായി എഴുതിയത്.
റോയിക്ക് സ്വപ്നം സഫലമായ ക്രിസ്മസ്
അഞ്ചേമുക്കാൽ വർഷം നീണ്ട
പ്രയത്നം, ബൈബിൾ പൂർണമായി പകർത്തിയെഴുതുക എന്ന സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണു മാവേലിക്കര പുതിയകാവ് കളീക്കൽ പുത്തൻവീട്ടിൽ റോയി തോമസ് ഇന്നു ക്രിസ്മസ് ആഘോഷിക്കുന്നത്. കാൽ നൂറ്റാണ്ടോളം ദുബായിൽ ആർട്ട് ഡയറക്ടറായി പ്രസിദ്ധീകരണ സ്ഥാപനത്തിൽ പ്രവർത്തിച്ച ശേഷം നാട്ടിലെത്തി 2020 ഫെബ്രുവരിയിലാണു ബൈബിൾ കയ്യെഴുത്തുപ്രതി തയാറാക്കുക എന്ന പരിശ്രമം തുടങ്ങിയത്.
വീട് നിർമാണം പുരോഗമിച്ചതോടെ എഴുത്ത് തടസ്സപ്പെട്ടു.
അവസാനം നവംബറിൽ ഉദ്യമം പൂർത്തിയാക്കി. 1675 പേജുകളിലായി വേദപുസ്തകം പൂർണമായി പകർത്തി എഴുതാൻ 110 പേനകൾ ഉപയോഗിച്ചു.
യേശുക്രിസ്തുവിന്റെ വചനങ്ങൾ മാത്രം ചുവപ്പു നിറത്തിലും ബാക്കിയുള്ളവ കറുപ്പ് നിറത്തിലുമാണ് എഴുതിയത്. റോയിയുടെ കയ്യക്ഷരം അച്ചടി അക്ഷരം പോലെ മനോഹരമായതിനാൽ അച്ചടിച്ച വേദപുസ്തകം ആണോയെന്നു സംശയിക്കും. ഓരോ ഭാഗവും ആരംഭിക്കുമ്പോൾ രചയിതാവിന്റെ പേര്, രചന കാലഘട്ടം, മൊത്തം അധ്യായം, വാക്യം, പ്രധാന സ്ഥലങ്ങൾ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്.
അനുബന്ധമായി വേദപുസ്തകത്തിൽ പരാമർശിക്കുന്ന സ്ഥലങ്ങളുടെ പഴയതും പുതിയതുമായ ചിത്രങ്ങൾ ചേർത്തിട്ടുണ്ട്.
ആമുഖത്തിൽ വേദപുസ്തകത്തിന്റെ ചരിത്രവും എഴുതി ചേർത്തിട്ടുണ്ട്. റോയി പകർത്തിയെഴുതിയ വേദപുസ്തകം തിരുവനന്തപുരം വെമ്പായത്തു ബ്രദർ മാത്യൂസ് വർഗീസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വേൾഡ് ടു വേൾഡ് ബൈബിൾ മ്യൂസിയത്തിനു കൈമാറി. ചിത്രകാരൻ കൂടിയായ റോയിയുടെ പ്രവർത്തനത്തിനു ഭാര്യ എലിസബത്ത് റോയി, മക്കളായ ഫെബിൻ റോയി, രേഷ്മ റോയി എന്നിവരുടെ പിന്തുണയും ഉണ്ടായിരുന്നു.
പുൽക്കൂട്ടിലേക്ക് സ്നേഹസമ്മാനം
ഒന്നര വർഷത്തോളം നീണ്ട
പരിശ്രമത്തിലാണു എസ്എസ്എ ബിആർസി സ്പെഷൽ എജ്യുക്കേറ്റർ മിനി റൂസ്വെൽറ്റ് വേദപുസ്തകം പൂർണമായി പകർത്തി എഴുതിയത്. 2023 ഒക്ടോബർ ഒന്നിനാണു പകർത്തി എഴുതാൻ തുടങ്ങിയത്.
3284 പേജുകളിലായി പൂർത്തീകരിച്ചു. മിനിയുടെ പരിശ്രമത്തിൽ പ്രചോദനം ഉൾക്കൊണ്ടു മിനി ഉൾപ്പെടെ 20 പേർ േചർന്ന് 6 മാസം സമയമെടുത്തു പുതിയ നിയമം ഭാഗം മാത്രം പകർത്തിയെഴുതി 3 ബൈബിൾ തയാറാക്കി.
ഇന്ന് ക്രിസ്മസ് ആഘോഷവേളയിൽ സമ്പൂർണ ബൈബിളും 3 പുതിയ നിയമവും വലിയ പെരുമ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ പുൽക്കൂട്ടിൽ സമർപ്പിക്കും. മിനിയുടെ ഉദ്യമം അറിഞ്ഞ സ്വപ്നവിഹാർ ബിയാട്രീസ് ജോസഫ്, പാവൂരേത്ത് സ്വപ്ന മേരി ജോസഫ്, ആൻസൺ വില്ല അനിത ജെറോം, കൊട്ടയ്ക്കാട്ടുതറയിൽ ജെസി ബേസിൽ, ടെസി വില്ല ഷൈനി ജയൻ, സ്നേഹതീരം ജാസ്മിൻ ക്രൂസ്, വിരുപ്പാട്ട് എൽസമ്മ ക്ലീറ്റസ്, മംഗലത്ത് അലീന റൂസ്വെൽറ്റ്, വിഴലിൽ തെക്കേതിൽ പ്രിയ ടി.ജോസഫ്, കണ്ടത്തിൽ സൂസൻ അലക്സ്, വിരിപ്പാട്ട് തെക്കേതിൽ അഞ്ജു ക്ലീറ്റസ്, ഇടവന മഠം ജിൻഷ ജോസ്, തട്ടുപുരയ്ക്കൽ ജോളി വിനോദ്, ലോഡ്സ് പാലസ് നിർമല സ്റ്റീഫൻ, നിർമലാലയം മേരി തോമസ്, ജെസ്മി വില്ല സീന ജോസ്, കടവിൽ ഷെറി ജോൺസൺ, കരിമ്പട്ടയിൽ മെറിൻ കെ.ജോസ്, അഗസ്റ്റിൻ പറമ്പിൽ സിസിലി ജോമോൻ എന്നിവരാണു ബൈബിളിലെ പുതിയ നിയമം ഭാഗങ്ങൾ പകർത്തി എഴുതാൻ തുടങ്ങിയത്. 15 മുതൽ 69 വരെ പ്രായമുള്ളവരാണു സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. 20 പേരുടെയും വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി ഓരോരുത്തർക്കും എഴുതേണ്ട
ഭാഗം നിശ്ചയിച്ചു നൽകി. എ ഫോർ സൈസ് കടലാസിന്റെ ഇരുവശവും കറുപ്പ് മഷിയുള്ള പേന ഉപയോഗിച്ചാണു എഴുതിയത്.
ഒരു പുതിയ നിയമം ബൈബിൾ 1100 പേജുകളിലാണു പൂർത്തിയാക്കിയത്. വലിയപെരുമ്പുഴ പള്ളി മുൻ വികാരി ഫാ.സാജൻ വാൾട്ടർ, നിലവിലെ വികാരി ഫാ.ടി.വിപിൻ എന്നിവരുടെ പിന്തുണ പ്രോത്സാഹനമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

