ആലപ്പുഴ∙ ക്രിസ്മസ്– പുതുവത്സര കാലയളവ് ആഘോഷങ്ങളുടേതാണ്, ക്രിസ്മസിനു പിന്നാലെ പുതുവർഷത്തെയും വരവേൽക്കാൻ ജില്ല ഒരുങ്ങി. ക്രിസ്മസ് ആഘോഷങ്ങൾ പ്രധാനമായും പള്ളികൾ കേന്ദ്രീകരിച്ചാണു നടക്കുന്നതെങ്കിൽ ബീച്ചുകളും പാർക്കുകളും കേന്ദ്രീകരിച്ചാണു പുതുവർഷ ആഘോഷങ്ങൾ നടക്കുന്നത്.
31നു രാത്രി വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ബീച്ചുകൾ തുടങ്ങിയയിടങ്ങളിൽ പുതുവത്സര ആഘോഷം നടക്കും. ഇവയ്ക്കു പുറമേ ദിവസങ്ങൾ നീളുന്ന ആഘോഷങ്ങളും ജില്ലയിൽ നടക്കുന്നുണ്ട്.
ആലപ്പുഴ നഗരത്തിൽ മുല്ലയ്ക്കൽ ചിറപ്പിനോട് അനുബന്ധിച്ചുള്ള കാർണിവൽ സജ്ജമായിക്കഴിഞ്ഞു. ചിറപ്പ് 27നു സമാപിക്കുമെങ്കിലും കാർണിവൽ ഏതാനും ദിവസം കൂടി തുടരാനാണു സാധ്യത.
ആലപ്പുഴ ബീച്ച് ഫെസ്റ്റ്
ആലപ്പുഴ ബീച്ചിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള ബീച്ച് ഫെസ്റ്റ് 27നു റേഡിയോ മാംഗോയുടെ പരിപാടിയോടെ ആരംഭിക്കും.
‘മാംഗോ ബീറ്റ്സ്’ എന്ന പേരിൽ ഡിജെ സാവിയോ നയിക്കുന്ന ഡിജെയാണു പ്രധാന ആകർഷണം. 31നു രാത്രി വരെയാണു പരിപാടികൾ.
ബീച്ചിനെ രാത്രിയുടെ ആഘോഷത്തിമിർപ്പിലാക്കുന്ന ദിവസങ്ങളാകും ഇത്. മത്സരങ്ങളും വിവിധ കലാപരിപാടികളുമായി ബീച്ച് ഫെസ്റ്റ് ഉത്സവാന്തരീക്ഷം സൃഷ്ടിക്കും.
31നു രാത്രി ബാൻഡ്, ഡിജെ തുടങ്ങിയവയുമുണ്ടാകും. നിലവിൽ ആലപ്പുഴ ബീച്ചിൽ സ്വകാര്യ സ്ഥാപനത്തിന്റെ കാർണിവൽ നടക്കുന്നുണ്ട്.
ചേർത്തല കനാൽ ഫെസ്റ്റ്
ചേർത്തല ടിബി കനാൽക്കരയിലാണു 29 മുതൽ 31 വരെ കനാൽ ഫെസ്റ്റ് നടക്കുന്നത്.
വൈകിട്ട് എഎസ് കനാൽ വശങ്ങളിൽ അഞ്ചു കിലോമീറ്റർ ദൂരത്തിൽ കനാൽ ഫെസ്റ്റ് വിളംബര വിളക്കു തെളിക്കും. 30നു വൈകിട്ട് 6നു ഡാൻസ് മത്സരം, 31ന് ഉച്ചയ്ക്ക് 2നു ചേർത്തലയിലെ ടൂറിസം സാധ്യതകൾ ശിൽപശാല, 6നു മെഗാ ഷോ എന്നിവ നടക്കും.
മാരാരിക്കുളം ബീച്ച് ഫെസ്റ്റ്
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മാരാരിക്കുളം ബീച്ചിൽ നടത്തുന്ന ഫെസ്റ്റ് നാളെ ആരംഭിക്കാനാണ് ആലോചന.
ഇവിടെയും സംഗീത പരിപാടികളാണു പ്രധാനമായും ഉണ്ടാവുക.
അർത്തുങ്കൽ ബീച്ച് ഫെസ്റ്റ്
30നു വൈകിട്ട് 3ന് അർത്തുങ്കൽ ബസിലിക്ക അങ്കണത്തിൽ കടൽത്തീരത്തേക്കു ഘോഷയാത്രയോടെ അർത്തുങ്കൽ ബീച്ച് ഫെസ്റ്റിനു തുടക്കമാകും. പ്രഛന്നവേഷ മത്സരവും നടത്തും.
31നു രാവിലെ 10ന് അർത്തുങ്കൽ പൊഴിയിൽ പൊന്തു വള്ളംകളി, വൈകിട്ടു സംഗീത വിരുന്ന്, കലാസന്ധ്യ എന്നിവ നടക്കും.
ഉളവയ്പ് കായൽ കാർണിവൽ
കൊച്ചി കാർണിവലിന്റെ മാതൃകയിൽ ജില്ലയിൽ പാപ്പാഞ്ഞിയെ കത്തിക്കുന്നത് ഉളവയ്പ് കായൽ കാർണിവലിലാണ്. ഇത്തവണ 25 അടി ഉയരമുള്ള വൈക്കോലിൽ പപ്പാഞ്ഞിയെയാണ് ഒരുക്കുന്നത്.
ഇൻഫ്ലുവൻസറും ഗായകനുമായ നിധീഷിന്റെ സംഗീത പരിപാടി ‘നിധീഷ് കത്തിക്കുന്നു’ എന്ന പേരിൽ 31നു രാത്രി 8നു നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

