പാക്കിസ്ഥാനൊപ്പം ചേർന്ന് ഇന്ത്യാവിരുദ്ധ ചേരിയിലെത്തിയ ബംഗ്ലദേശിലെ യൂനുസ് ഭരണകൂടത്തെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി. ബംഗ്ലദേശിലേക്കുള്ള അരി കയറ്റുമതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളിൽ ഒരു വിഭാഗം കേന്ദ്രത്തെ സമീപിച്ചു.
ചിറ്റഗോങ്ങിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഓഫീസിന് നേരെയും കഴിഞ്ഞ ദിവസങ്ങളിൽ അക്രമണമുണ്ടായിരുന്നു.
ഈ സാഹചര്യത്തിൽ അവിടേക്കുള്ള കയറ്റുമതി സുരക്ഷിതമല്ലെന്നാണ് വ്യാപാരികളുടെ വാദം. അടുത്തിടെ ഇന്ത്യയിലേക്കുള്ള ചണം കയറ്റുമതി ബംഗ്ലദേശ് നിരോധിച്ചതും ഇവർ ചൂണ്ടിക്കാട്ടുന്നു.
അരി ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്ന് കഴിഞ്ഞദിവസം യൂനുസ് സർക്കാർ ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു.
ഈ അപേക്ഷ കേന്ദ്രം പരിഗണിക്കുമോ എന്നതിൽ തീരുമാനമായിട്ടില്ല. ഇതിനൊപ്പം ബംഗ്ലദേശിന് വൈദ്യുതി നൽകുന്നത് നിറുത്തണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
നേരത്തേ, കുടിശിക വരുത്തിയതിനെ തുടർന്ന് മാസങ്ങളോളം ബംഗ്ലദേശിനുള്ള വൈദ്യുതി വിതരണം അദാനി ഗ്രൂപ്പ് നിറുത്തിയിരുന്നു.
പാക്കിസ്ഥാനേക്കാൾ വിലക്കുറവ്
ഇന്ത്യയിൽ നിന്നുള്ള അരി ബംഗ്ലദേശിന് ഏറെ നിർണായകമാണ്. മറ്റു രാജ്യങ്ങളിൽ നിന്നുള്ളതിനേക്കാൾ കുറഞ്ഞവിലയ്ക്ക് നല്ല അരി ഇന്ത്യയിൽ നിന്ന് കിട്ടുമെന്നത് ബംഗ്ലദേശിന് സാമ്പത്തികമായി വലിയ ആശ്വാസമാണ്.
നടപ്പുസാമ്പത്തിക വർഷം (2025-26) ആകെ 9 ലക്ഷം ടൺ അരിയാണ് ബംഗ്ലദേശ് ഇറക്കുമതി ചെയ്യാൻ പദ്ധതിയിട്ടിട്ടുള്ളത്.
രാജ്യത്തെ വില നിയന്ത്രണത്തിനും മതിയായ സ്റ്റോക്ക് നിലനിറുത്തുന്നതിനും ഇത് അത്യാവശ്യവുമാണ്. ഇതിൽ രണ്ട് ലക്ഷം ടണ് സർക്കാരുകൾ തമ്മിലുള്ള ധാരണപ്രകാരം മ്യാൻമർ, വിയറ്റ്നാം, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തും.
ബാക്കി സ്വകാര്യ വ്യാപാരികളിൽ നിന്ന് ടെൻഡർ അടിസ്ഥാനത്തിലാണ് വാങ്ങുന്നത്.
ഇതിൽ ഏറ്റവും കുറവ് തുകയ്ക്കുള്ള ടെൻഡർ സമർപ്പിക്കുന്നത് ഇന്ത്യൻ വ്യാപാരികളാണെന്നതാണ് പ്രത്യേകത. പാക്കിസ്ഥാൻ ടണ്ണിന് 395 ഡോളർ നിരക്കാണ് ഈടാക്കുന്നത്.
ഇതിൽ നിന്ന് 40 ഡോളറോളം കുറച്ചാണ് ഇന്ത്യക്കാരുടെ ടെൻഡറുകൾ. അതേസമയം, ഇന്ത്യയുടെ അരി കയറ്റുമതിയിൽ ചെറിയ അളവ് മാത്രമാണ് ബംഗ്ലദേശിലേക്കുള്ളതെന്ന് ഇന്ത്യൻ വ്യാപാരികൾ പറയുന്നു.
ഇന്ത്യയ്ക്ക് ആഫ്രിക്ക അടക്കമുള്ള വലിയ വിപണികൾ നിലവിലുണ്ട്.
ആഗോളതലത്തിൽ ഇന്ത്യൻ അരിക്ക് ആവശ്യക്കാരും ഏറെ. മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ളതിനേക്കാൾ മികച്ച വിലയിലാണ് ഇന്ത്യൻ അരി രാജ്യാന്തര വിപണിയിലെത്തുന്നത്.
ഉയർന്ന നിലവാരവും കുറഞ്ഞവിലയും ഇന്ത്യൻ അരിയെ കൂടുതൽ സ്വീകാര്യമാക്കുന്നു.
ടണ്ണിന് 351 ഡോളറാണ് ഇന്ത്യൻ അരിയുടെ വില. പാകിസ്ഥാൻ 395 ഡോളർ, വിയറ്റ്നാം 360 ഡോളർ, തായ്ലൻഡ് 430 ഡോളർ എന്നിങ്ങനെയാണ് വില.
ഈ സാഹചര്യത്തിൽ നഷ്ടം സഹിച്ച് രാജ്യവിരുദ്ധ ചേരിയിൽ നിൽക്കുന്നൊരു രാജ്യത്തിന് അരി നൽകണമോയെന്ന ചോദ്യമാണ് വ്യാപാരികൾ ഉയർത്തുന്നത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല.
അദാനി ഫ്യൂസ് ഊരുമോ വീണ്ടും?
പല സമ്പദ് മേഖലകളിലും പ്രതിസന്ധി നേരിടുന്ന ബംഗ്ലദേശ് വൈദ്യുതിക്ക് ഇന്ത്യയെയാണ് ആശ്രയിക്കുന്നത്.
ഇതിൽ തന്നെ കൂടുതലും വിതരണം ചെയ്യുന്നത് ഗൗതം അദാനിയുടെ അദാനി പവർ. പ്രതിദിനം 1,500 മെഗാവാട്ട് വൈദ്യുതിയാണ് അദാനി ബംഗ്ലദേശിന് നൽകുന്നത്.
എൻടിപിസി, പിടിസി ഇന്ത്യ ലിമിറ്റഡ്, സെംകോർപ്പ് എനർജി ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ കമ്പനികളും വൈദ്യുതി വിതരണം ചെയ്യുന്നുണ്ട്.
ഇവരെല്ലാം പിന്മാറിയാൽ ബംഗ്ലദേശ് ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

