തിരുവനന്തപുരം∙ കോർപറേഷനിൽ പാർട്ടിയെ തോൽപിച്ചതു സംഘടനാ ദൗർബല്യവും നേതാക്കൾക്കിടയിലെ വിഭാഗീയതയുമാണെന്നു സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. ഈ തോൽവിക്കുള്ള പരിഹാരവും സംഘടനാ നടപടിയും സംസ്ഥാന നേതൃത്വം തീരുമാനിക്കും.
ശബരിമല സ്വർണക്കൊള്ള വിവാദം തിരിച്ചടിയായി. മൂന്ന് ഏരിയാ സെക്രട്ടറിമാരെ മത്സരിപ്പിച്ചത് ഈ മേഖലയിലെ തിരഞ്ഞെടുപ്പു പ്രവർത്തനം ദുർബലമാക്കിയെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ എന്നിവർ പങ്കെടുത്ത ജില്ലാ കമ്മിറ്റിയോഗത്തിൽ വിമർശനമുണ്ടായി.
ശബരിമല തിരിച്ചടിച്ചെന്ന് വാർഡ് കമ്മിറ്റികളിൽനിന്നു വന്ന റിപ്പോർട്ടുകൾ അംഗീകരിക്കുന്നതായിരുന്നു ജില്ലാ സെക്രട്ടറി വി.ജോയ് യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ട്.
സ്വർണക്കൊള്ള വിവാദത്തിന്റെ ആഘാതം തിരിച്ചറിയാനോ, അതു മനസ്സിലാക്കി പ്രതിരോധിക്കാനോ കഴിഞ്ഞില്ലെന്നു ജില്ലാ സെക്രട്ടറി വിശദീകരിച്ചു.60 വോട്ടിൽ താഴെ 12 സീറ്റുകൾ നഷ്ടപ്പെട്ടതു നോട്ടക്കുറവുകൊണ്ടാണെന്നും മുട്ടടയിൽ സ്ഥാനാർഥിയുടെ വോട്ട് തള്ളിക്കാൻ നോക്കിയതിന്റെ പ്രതികരണം അവിടെയും മറ്റു ചില വാർഡുകളിലുമുണ്ടായെന്നും വിമർശനമുണ്ടായി. ചുമതല ലഭിച്ച നേതാക്കൾ സ്വന്തം താൽപര്യം നടപ്പാക്കുന്നവരായി മാറിയപ്പോൾ പാർട്ടിയുടെ പൊതുലക്ഷ്യം മറന്നു.
മേയർ എന്ന നിലയ്ക്കുള്ള ആര്യയുടെ പ്രവർത്തനം വോട്ടെടുപ്പിൽ പാർട്ടിക്ക് എതിരായെന്നു വിലയിരുത്തലുണ്ടായി.
മേയർക്കു ജനകീയയാകാനോ, നേതൃസ്ഥാനത്തിരുന്നു ടീമിനെ നയിക്കാനോ കഴിഞ്ഞില്ല. പുറമേക്കു നേതാക്കൾ ആര്യയെ പിന്തുണയ്ക്കുമ്പോഴാണു ജില്ലാ കമ്മിറ്റിയോഗത്തിൽ രൂക്ഷവിമർശനമുണ്ടായത്.
ആരും ആര്യയെയും ആ ഭരണസമിതിയെയും സംരക്ഷിക്കാൻ തുനിഞ്ഞില്ല. എ.പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതു കുറ്റം സംബന്ധിച്ചു വ്യക്തത വരാത്തതുകൊണ്ടാണെന്ന് എം.വി.ഗോവിന്ദൻ വിശദീകരിച്ചു.
കോർപറേഷൻ മേയർ സ്ഥാനത്തേക്ക് ആർ.പി.ശിവജിയെ മത്സരിപ്പിക്കാനുള്ള ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം യോഗം അംഗീകരിച്ചു. പേട്ടയിൽനിന്നു ജയിച്ച എസ്.പി.ദീപക്കിനെ പാർലമെന്ററി പാർട്ടി ലീഡറായും നിശ്ചയിച്ചു.
ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ടും വിലയിരുത്തലുകളും 27നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ വയ്ക്കും. തിരുവനന്തപുരം, കൊല്ലം കോർപറേഷനുകളിലെ തിരിച്ചടി പാർട്ടി കമ്മിഷനെ നിയോഗിച്ചു പരിശോധിക്കുമെന്നാണു വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

