പാക്കിസ്ഥാനിലെ പ്രൊഫഷണൽ ഭിക്ഷക്കാർക്കും വേണ്ടത്ര രേഖകൾ ഇല്ലാത്തവർക്കും ഇനി വിദേശത്തേക്ക് പറക്കാൻ വിമാന ടിക്കറ്റ് കൊടുക്കില്ലെന്ന് പാക്ക് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി. ചില ഭിക്ഷക്കാർ വിദേശത്തുപോയി പാക്കിസ്ഥാനെ ലോകത്തിനു മുൻപിൽ നാണംകെടുത്തിയെന്ന് മന്ത്രി പറഞ്ഞു.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റുമാണ് മൊഹ്സിൻ നഖ്വി.
നേരത്തേ ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീം ഏഷ്യ കപ്പ് നേടിയപ്പോൾ നഖ്വിയിൽ നിന്ന് കിരീടം വാങ്ങില്ലെന്ന് നിലപാട് എടുത്തിരുന്നു. കഴിഞ്ഞദിവസം ജൂനിയർ ഏഷ്യ കപ്പ് ഫൈനലിൽ റണ്ണേഴ്സ് അപ്പായ ഇന്ത്യൻ അണ്ടർ 19 ടീമും നഖ്വിയിൽ നിന്ന് മെഡലുകൾ സ്വീകരിച്ചില്ല.
പകരം, ഐസിസി ഭാരവാഹി മുബാഷിർ ഉസ്മാനിയാണ് മെഡൽ സമ്മാനിച്ചത്.
ഭിക്ഷാടനം നടത്തിയതിനും ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെട്ടതിനും 56,000 പാക്കിസ്ഥാൻകാരെ സൗദി അറേബ്യ നാടുകടത്തിയെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇത് പാക്കിസ്ഥാന് ആഗോളതലത്തിൽ വൻ നാണക്കേടായി.
2025ൽ ഇതുവരെ സൗദിയും യുഎഇയും ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ആകെ 66,154 പാക്കിസ്ഥാനി ഭിക്ഷക്കാരെയാണ് തിരിച്ചയച്ചത്.
യുഎഇ ഇവർക്ക് വീസ വിലക്കും പ്രഖ്യാപിച്ചു. യുഎഇ മടക്കി അയച്ചത് 6,000 പാക്കിസ്ഥാനികളെയാണ്. അസർബൈജാൻ 2,500 പേരെയും തിരിച്ചയച്ചു.
ഒമാൻ, ഇറാക്ക്, ഖത്തർ, മലേഷ്യ, തായ്ലൻഡ്, കംബോഡിയ, ചില യൂറോപ്യൻ രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങളും സമാനമായ നടപടി സ്വീകരിച്ചതും പാക്കിസ്ഥാന് തിരിച്ചടിയായി.
തീർഥാടന വീസയിൽ രാജ്യത്തെത്തി തിരിച്ചുപോകാതെയും അനധികൃതമായി തങ്ങിയും പാക്കിസ്ഥാനികൾ ഭിക്ഷാടന രംഗത്തേക്കും ക്രിമിനൽ കുറ്റകൃത്യങ്ങളിലേക്കും കടക്കുകയാണെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ ഭിക്ഷക്കാരെ കയറ്റിവിടുന്നത് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാന് സൗദി ശക്തമായ താക്കീതും നൽകിയിട്ടുണ്ട്.
അനുസരിച്ചില്ലെങ്കിൽ പാക്കിസ്ഥാനിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർഥാടനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും സൗദി മുന്നറിയിപ്പ് നൽകിയിരുന്നു.
സൗദിയും യുഎഇയും ഉൾപ്പെടെ വിവിധ രാജ്യങ്ങൾ പാക്കിസ്ഥാനി ഭിക്ഷക്കാരെ തിരിച്ചയയ്ക്കുന്നുണ്ടെന്ന കാര്യം പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. പ്രശ്നം ഗുരുതരമാണെന്നും ഇങ്ങനെപോയാൽ പാക്കിസ്ഥാനികൾക്ക് മറ്റു രാജ്യങ്ങളുടെ വീസ കിട്ടാൻ പ്രയാസമാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഏതാണ്ട് 2.2 കോടിയോളം പാക്കിസ്ഥാനികൾ ഭിക്ഷയാചിച്ചാണ് കഴിയുന്നതെന്നും ഓരോ വർഷവും 42 ബില്യൻ ഡോളറാണ് (ഏകദേശം 3.75 ലക്ഷം കോടി രൂപ) ഇവർ സമാഹരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ലോകത്ത് അറസ്റ്റ് ചെയ്യപ്പെടുന്ന ഭിക്ഷക്കാരിൽ 90 ശതമാനവും പാക്കിസ്ഥാനികൾളാണെന്ന് 2023ൽ പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി സുൽഫിക്കൽ ഹൈദറും അഭിപ്രായപ്പെട്ടിരുന്നു. തീർഥാടന വീസ നേടി സൗദി, ഇറാൻ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലെത്തുന്നവരാണ് മടങ്ങിവരാതെ ഭിക്ഷാടനത്തിലേക്ക് കടക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

