ആലപ്പുഴ∙ തദ്ദേശ ജനപ്രതിനിധികൾ ചുമതലയേൽക്കുമ്പോൾ ദൃഢപ്രതിജ്ഞയോ ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞയോ ചെയ്യാമെന്നാണു ചട്ടം. എന്നാൽ ഇന്നലെ ശ്രീരാമനും ശ്രീനാരായണഗുരുവും മുതൽ വി.എസ്.അച്യുതാനന്ദനും രക്തസാക്ഷികളും വരെ തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയിലെത്തി. ഭാരതാംബയുടെയും ഭരണഘടനയുടെയും പേരിലും അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.
ചില സംഭവങ്ങളിൽ ചട്ടലംഘനം ആരോപിച്ചു എതിർപാർട്ടിക്കാർ പരാതി നൽകിയിട്ടുണ്ട്.
∙ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ സിപിഎം അംഗം പ്രേം ഭാസി സത്യപ്രതിജ്ഞ ചെയ്തതു അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നാമത്തിൽ. ഇതേ ബ്ലോക്കിലെ സിപിഎം അംഗം കെ.എഫ്.ലാൽജി രക്തസാക്ഷികളുടെ പേരിൽ ദൃഢ പ്രതിജ്ഞയെടുത്തു.
∙ പള്ളിപ്പുറം പഞ്ചായത്തിലെ സിപിഎം അംഗം പി.ആർ.ഹരിക്കുട്ടനും രക്തസാക്ഷികളുടെ നാമത്തിലാണു ദൃഢപ്രതിജ്ഞ ചെയ്തത്.
∙ ചുനക്കര പഞ്ചായത്തിലെ സിപിഎം അംഗം എസ്.മഹേഷ് രക്തസാക്ഷി ജി.ഭുവനേശ്വരന്റെ നാമത്തിലാണു സത്യപ്രതിജ്ഞ ചെയ്തത്
∙ മാവേലിക്കര നഗരസഭയിലെ കോൺഗ്രസ് അംഗം ഒ.വി.വരുൺദേവ് ഭരണഘടനയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ∙ ബുധനൂർ പഞ്ചായത്തിലെ കോൺഗ്രസ് അംഗം ജോൺ ഉളുന്തി ഭരണഘടനയുടെ ആമുഖപേജ് ഉയർത്തി കാട്ടിയാണു സത്യപ്രതിജ്ഞ ചെയ്തത്.
∙ പള്ളിപ്പുറം പഞ്ചായത്തിലെ 7 ബിജെപി അംഗങ്ങളും ഈശ്വര നാമത്തിലും ഭാരതാംബയുടെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
ഇതിൽ ഒരംഗം ഈശ്വര നാമത്തിലും ഭാരതാംബയുടെ നാമത്തിലും ധീരബലിദാനികളുടെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
∙ കായംകുളം നഗരസഭയിൽ കോൺഗ്രസ് അംഗങ്ങളായ സുധ സുധാകരൻ, ബിജെപി അംഗം ഷീല പ്രസാദ്, ആലപ്പുഴ നഗരസഭയിലെ കോൺഗ്രസ് അംഗം പി.വി.വേണുഗോപാൽ എന്നിവർ ശ്രീനാരായണ ഗുരുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു
∙ ആലപ്പുഴ നഗരസഭയിലെ 5 ബിജെപി അംഗങ്ങളും ശ്രീരാമ നാമത്തിലാണു സത്യപ്രതിജ്ഞ ചെയ്തത്.
നാട് നയിക്കാൻ നായകരായി
ആലപ്പുഴ ∙ ജനങ്ങൾ ഏൽപ്പിച്ച ദൗത്യം വിവേചനമില്ലാതെ നിറവേറ്റുമെന്നു സത്യപ്രതിജ്ഞ ചെയ്തു തദ്ദേശ ജനപ്രതിനിധികൾ ചുമതലയേറ്റു. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായുള്ള 1666 ജനപ്രതിനിധികളിൽ 1665 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്.
മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കോൺഗ്രസ് അംഗം ആന്റണി മത്തായി ആശുപത്രിയിൽ ചികിത്സയിലായതിനാൽ ചടങ്ങിനെത്തിയില്ല. ഇദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ അധ്യക്ഷ തിരഞ്ഞെടുപ്പിനു ശേഷം നടത്തും.
ജില്ലാ പഞ്ചായത്ത്, 12 ബ്ലോക്ക് പഞ്ചായത്തുകൾ, 72 പഞ്ചായത്തുകൾ, 6 നഗരസഭകൾ എന്നിവിടങ്ങളിലെ ജനപ്രതിനിധികളാണ് ഇന്നലെ ചുമതലയേറ്റത്.
തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങളുടെ തുടർച്ചയെന്നപോലെ അണികളുടെ ആവേശത്തിരയിലായിരുന്നു പലയിടത്തും സത്യപ്രതിജ്ഞാ ചടങ്ങു നടന്നത്. ആദ്യം വരണാധികാരി മുതിർന്ന അംഗത്തിനു സത്യവാചകം ചൊല്ലിക്കൊടുത്തു.
മുതിർന്ന അംഗം മറ്റംഗങ്ങൾക്കു സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ ഭരണസമിതിയുടെ ആദ്യയോഗം.
അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിന്റെ തീയതി അറിയിക്കുകയെന്ന ഒറ്റ അജൻഡ പൂർത്തിയാക്കി യോഗം പിരിഞ്ഞു.
നഗരസഭകളിൽ 26നും ത്രിതല പഞ്ചായത്തുകളിൽ 27നുമാണ് അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്. ഡിസിസി ഓഫിസിൽ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കോൺഗ്രസ് അംഗങ്ങൾ സത്യപ്രതിജ്ഞയ്ക്കെത്തിയത്.
ജില്ലാ പഞ്ചായത്തിൽ ഉണ്ണിയപ്പ മധുരം
ജില്ലാ പഞ്ചായത്തിൽ മനക്കോടം ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് അംഗം ജയിംസ് ചിങ്കുതറയ്ക്ക് കലക്ടർ അലക്സ് വർഗീസ് സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർച്ച് ജയിംസ് മറ്റ് അംഗങ്ങൾക്കു സത്യവാചകം ചൊല്ലിക്കൊടുത്തു. യുഡിഎഫിലെ 8 അംഗങ്ങൾക്കൊപ്പം എൽഡിഎഫിലെ കേരള കോൺഗ്രസ് (എം) അംഗം ബിനി ജയിനും (ചെന്നിത്തല) ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ എൽഡിഎഫിലെ ബാക്കി 15 അംഗങ്ങളും ദൃഢപ്രതിജ്ഞ ചെയ്തു.
യുഡിഎഫ് അംഗങ്ങൾ ഈശ്വരനാമത്തിലും എൽഡിഎഫ് അംഗങ്ങൾ ദൃഢമായും പ്രതിജ്ഞ ചെയ്യുന്നതിനിടെ ഒരു എൽഡിഎഫ് അംഗം ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ സദസ്സിൽ പെട്ടെന്നൊരു ആശയക്കുഴപ്പം.
സിപിഎം അംഗം ആർ.റിയാസ് പറഞ്ഞു; ‘‘ഘടകകക്ഷിയാണേ’’ സംശയം ചിരിക്കു വഴിമാറി. അമ്പലപ്പുഴ ഡിവിഷനിലെ കോൺഗ്രസ് അംഗം എ.ആർ.കണ്ണൻ കൊണ്ടുവന്ന അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉണ്ണിയപ്പം എല്ലാ അംഗങ്ങളും പങ്കിട്ടു കഴിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ, കെപിസിസി കോർ കമ്മിറ്റിയംഗം ഷാനിമോൾ ഉസ്മാൻ, എംഎൽഎമാരായ യു.പ്രതിഭ, പി.പി.ചിത്തരഞ്ജൻ, കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ പ്രസിഡന്റ് കെ.ജി.രാജേശ്വരി, വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്, സിപിഐ ജില്ലാ അസി.
സെക്രട്ടറി പി.വി.സത്യനേശൻ എന്നിവർ ആശംസകളുമായെത്തി. എഡിഎം ആശാ സി.ഏബ്രഹാം, ഇലക്ഷൻ ഡപ്യൂട്ടി കലക്ടർ എസ്.ബിജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു.
ആദ്യ ഭരണസമിതിയോഗം നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ചു.
നഗരസഭകളിൽ ആഘോഷാരവം
പ്രവർത്തകരുടെ ആവേശത്തിമിർപ്പിലായിരുന്നു നഗരസഭകളിലെ സത്യപ്രതിജ്ഞാ ചടങ്ങുകൾ. ആലപ്പുഴ നഗരസഭയിൽ മുതിർന്ന അംഗം മോളി ജേക്കബ് ഡപ്യൂട്ടി കലക്ടർ ജെ.ബോബിയുടെ മുൻപാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. മാവേലിക്കര നഗരസഭയിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ.അനിൽകുമാർ മുതിർന്ന അംഗം യോഹന്നാൻ ഡി.ബാബുവിനു സത്യവാചകം ചൊല്ലിക്കൊടുത്തു.
ചെങ്ങന്നൂർ നഗരസഭയിൽ ആർഡിഒ ടി.ഐ.വിജയസേനൻ മുതിർന്ന അംഗമായ സൂസമ്മ ഏബ്രഹാമിനു സത്യവാചകം ചൊല്ലിക്കൊടുത്തു.
ഹരിപ്പാട് നഗരസഭയിൽ ക്ഷീരവികസന ഡപ്യൂട്ടി ഡയറക്ടർ നിഷ വി.ഷെരീഫ് മുതിർന്ന അംഗം വിജയമ്മ പുന്നൂർമഠത്തിന് സത്യ വാചകം ചൊല്ലിക്കൊടുത്തു. കായംകുളം നഗരസഭയിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ കെ.എം. മാത്യൂസ് മുതിർന്ന അംഗം കെ.ഹസൻകോയയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ചേർത്തല നഗരസഭയിൽ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ റിജോ മാത്യു മുതിർന്ന അംഗമായ സുരേഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

