നല്ലളം ∙ പുനരുജ്ജീവന നടപടികൾ നീളുന്നതിനാൽ ബാംബൂ കോർപറേഷൻ നല്ലളത്തെ തറയോടു ഫാക്ടറി ഊർധ്വശ്വാസം വലിക്കുന്നു. തറയോട് ഉൽപാദനം പൂർണമായും നിലച്ച കമ്പനി ഏതുസമയവും അടച്ചു പൂട്ടുമെന്ന നിലയായി.
24 സ്ഥിരം തൊഴിലാളികളും മുപ്പതോളം കരാർ തൊഴിലാളികളുമായി 2011 ഫെബ്രുവരിയിൽ തുടങ്ങിയ സ്ഥാപനത്തിൽ ഇപ്പോൾ 3 സ്ഥിരം തൊഴിലാളികളും 4 ഓഫിസ് ജീവനക്കാരുമാണ് ശേഷിക്കുന്നത്.
കഴിഞ്ഞ 2 വർഷമായി കമ്പനിയിൽ തറയോട് ഉൽപാദനമില്ല. പ്രകൃതി സൗഹൃദ ഹട്ട് നിർമാണങ്ങളും തദ്ദേശ സ്ഥാപനങ്ങൾക്ക് മുളയാണി നിർമിച്ച് നൽകിയുമായിരുന്നു പിടിച്ചു നിന്നത്.
മുള കൊണ്ടുള്ള ഫർണിച്ചർ ഉൽപാദനം, വനംവകുപ്പിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുള കൊണ്ടുള്ള കെട്ടിടനിർമാണം എന്നിവയിലേക്ക് ചുവടു വച്ചെങ്കിലും ബാംബൂ കോർപറേഷനിൽ നിന്നു വേണ്ടത്ര പിന്തുണ കിട്ടാത്തത് തിരിച്ചടിയായി.
10 കോടി രൂപ ചെലവിട്ടാണ് ബാംബൂ കോർപറേഷൻ നല്ലളത്ത് ഹൈടെക് ബാംബൂ ഫ്ലോറിങ് ടൈൽ ഫാക്ടറി തുടങ്ങിയത്. നേരത്തേ ബാംബൂ കോർപറേഷന്റെ ഫീഡർ യൂണിറ്റുകളിൽ നിന്നു അസംസ്കൃത വസ്തുക്കൾ എത്തിച്ചായിരുന്നു തറയോട് നിർമാണം.
ആവശ്യത്തിനു മുള എത്തിക്കുന്നതിൽ കാലതാമസം നേരിട്ടത് ഏറെക്കാലം പ്രതിസന്ധിയായിരുന്നു. പിന്നീട് ബിൽ കുടിശികയെത്തുടർന്നു വൈദ്യുതി വിഛേദിച്ചതും ഉൽപാദനം നിലയ്ക്കാൻ ഇടയാക്കി.
7 താൽക്കാലിക ജീവനക്കാരെ 2024 നവംബറിൽ പിരിച്ചുവിട്ടിരുന്നു.
ഇവർക്ക് ആറര മാസത്തെ ശമ്പളം നൽകാനുണ്ട്. ഒരു വർഷം പിന്നിട്ടിട്ടും തൊഴിലാളികളുടെ ശമ്പള കുടിശിക പോലും അനുവദിച്ചില്ല.
2011ൽ ജോലിയിൽ പ്രവേശിച്ച തൊഴിലാളികളെ യാതൊരു ആനുകൂല്യവും നൽകാതെ പിരിച്ചുവിട്ടതിനെതിരെ സിഐടിയു നേതൃത്വത്തിൽ സമരം ചെയ്തെങ്കിലും ഫലമുണ്ടായില്ല.
പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപനം പാഴ്വാക്കായി
നല്ലളം ബാംബൂ ഫാക്ടറിയിൽ ഉൽപാദനം പുനരാരംഭിക്കാൻ മന്ത്രിതല ചർച്ചയിൽ 3 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. മന്ത്രിമാരായ പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ജൂലൈ 10ന് തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത ചർച്ചയിലാണ് തുക അനുവദിക്കാൻ ധാരണയായത്.
ഇതു സംബന്ധിച്ച് വിശദ പദ്ധതി സമർപ്പിക്കുകയുമുണ്ടായി. എന്നാൽ 5 മാസം പിന്നിട്ടിട്ടും തുക ലഭ്യമാക്കാൻ നടപടിയുണ്ടായില്ല.
ഇതാണു കമ്പനിയെ ഇപ്പോഴത്തെ നിലയിൽ എത്തിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

