കൂത്തുപറമ്പ് ∙ ഒരു കാലത്ത് നടൻ ശ്രീനിവാസന്റെ കലാ – സാംസ്കാരിക പ്രവർത്തനങ്ങളുടെ തട്ടകമായിരുന്നു കൂത്തുപറമ്പ്. മട്ടന്നൂർ കോളജിൽ പഠിക്കുന്ന കാലത്ത് സുഹൃത്തായ നാടക-ചലച്ചിത്ര നടൻ രാധാകൃഷ്ണൻ കൂത്തുപറമ്പിനോടൊപ്പം കൂത്തുപറമ്പ് സികെജി തിയറ്റേഴ്സിലെ നിത്യസന്ദർശകനായിരുന്നു.
രാധാകൃഷ്ണൻ കൂത്തുപറമ്പും ഇപ്പോൾ വിദേശത്തുള്ള ശ്രീകുമാറും ശങ്കർജിയും കൂത്തുപറമ്പിൽ ദീർഘകാലം ഹോമിയോ പ്രാക്ടീഷണറായിരുന്ന ഡോ.മുഹമ്മദ് അബ്ദുല്ലയുടെ മകൻ മുഹമ്മദും ഉൾപ്പെടെ ചേർന്ന് രൂപീകരിച്ച നാടകസംഘം ശ്രീനിവാസന്റെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ രാജവീഥി എന്ന നാടകം അവതരിപ്പിച്ചിരുന്നു.
1993ൽ സികെജി തിയറ്റേഴ്സിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് 6 ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികളിൽ നാടക രംഗം പ്രശ്നങ്ങളും പ്രതിസന്ധിയും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തത് ശ്രീനിവാസനായിരുന്നു.
നാടകരംഗത്ത് ഒരുമിച്ച്
ത ങ്ങളുടെ കുടുംബ സുഹൃത്താണ് ശ്രീനിവാസനെന്ന് നാടക പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ രവീന്ദ്രൻ മാണിയാറത്ത് അനുസ്മരിച്ചു. തന്റെ പിതാവിന് സേലത്ത് ബിസിനസ് ആയിരുന്നു.
താനും ശ്രീനിവാസനും ശ്രീനിവാസന്റെ ജ്യേഷ്ഠൻ രവീന്ദ്രനും പ്രദേശത്തെ അഭ്യസ്തവിദ്യരായ കുറെ ചെറുപ്പക്കാരും യോജിച്ച് കൽപന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രൂപീകരിച്ചു. 1970ലായിരുന്നു അത്.
1978 വരെ അഖിലകേരള നാടക മത്സരങ്ങളിൽ അമച്വർ നാടകങ്ങളുമായി സംസ്ഥാനത്തുടനീളം ടീം നിരവധി പുരസ്കാരങ്ങൾ നേടി. 1978ലാണ് ഡൽഹിയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ശ്രീനിവാസൻ പഠിക്കാനായി പോകുന്നത്.
ബാർബർ ബാലൻ എന്ന കുഞ്ഞിരാമേട്ടൻ
പാട്യം ∙ നിറഞ്ഞ ചിരിയുമായാണ് കുഞ്ഞിരാമേട്ടൻ വരവേറ്റത്.
അതെ ഞാൻ തന്നെ….. ശ്രീനിവാസിന്റെ സിനിമയിലെ ബാർബർ ബാലൻ.
എന്റെ പേരുമാറ്റി അവതരിപ്പിച്ചു എന്നേയുള്ളൂ. കൊട്ടയോടി ടൗണിൽ പഴമയുടെ പ്രൗഢിയിൽ കുഞ്ഞിരാമേട്ടന്റെ ബാർബർ ഷോപ്പ് ഇപ്പോഴുമുണ്ട്.
നെയിം ബോർഡ് ഒന്നും ഇല്ലെങ്കിലും നാട്ടുകാർക്ക് കുഞ്ഞിരാമേട്ടന്റെ ബാർബർ ഷോപ്പ് ഏറ്റവും പ്രിയം തന്നെ. കഥ പറയുമ്പോൾ എന്ന ചലച്ചിത്രം പുറത്തുവന്നപ്പോൾ തന്നെ നാട്ടുകാർ കുഞ്ഞിരാമേട്ടനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയിരുന്നു.
കുഞ്ഞിരാമേട്ടനും അറിയാം ശ്രീനിവാസന്റെ ബാർബർ ബാലൻ ഞാൻ തന്നെയാണെന്ന്. ശ്രീനിവാസൻ തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് പാട്യം സ്വദേശിയും ശ്രീനിവാസന്റെ ഭാര്യാസഹോദരനുമായ മോഹനൻ മണ്ടോടിയാണ്.
‘മനുഷ്യസ്നേഹിയായ പച്ച മനുഷ്യൻ’
ചെറുവാഞ്ചേരി ∙ മനുഷ്യസ്നേഹിയായ ഒരു പച്ചയായ മനുഷ്യനാണ് ശ്രീനിവാസനെന്ന ബഹുമുഖ പ്രതിഭയെന്ന് സുഹൃത്തും കലാകാരനുമായ ചെറുവാഞ്ചേരിയിലെ ടി.പി.കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരിച്ചു.
കൂത്തുപറമ്പ് സികെജി തിയറ്റേഴ്സുമായുള്ള ബന്ധത്തിലൂടെയാണ് മണി മാസ്റ്റർ എന്നറിയപ്പെട്ട ടി.പി.കുഞ്ഞിരാമൻ ശ്രീനിവാസനുമായി ഏറെ സൗഹൃദത്തിലായത്.
വയലിനിസ്റ്റും നാടക പ്രവർത്തകനുമായ കുഞ്ഞിരാമൻ സികെജിയുമായുള്ള ബന്ധത്തിലൂടെ ചെറുപ്പം മുതലേ ഇവരെ ഉറ്റ ചങ്ങാതിമാരാക്കിയിരുന്നു.
പാട്യം, കോങ്ങാറ്റ, കൂത്തുപറമ്പ് തുടങ്ങിയ ഭാഗങ്ങളിൽ അമച്വർ നാടക സമിതികളിലൂടെ ഇവരുടെ സൗഹൃദം വളർന്നു. പിന്നീട് ശ്രീനിവാസൻ സിനിമകളിൽ സജീവമായതോടെ ബന്ധങ്ങൾ കുറഞ്ഞു.
നിരവധി തവണ സിനിമ മേഖലയിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും സ്നേഹപൂർവം നിരസിക്കുകയായിരുന്നുവെന്ന് കുഞ്ഞിരാമൻ പറഞ്ഞു. മേള എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം കൂത്തുപറമ്പിൽ നടക്കുമ്പോൾ നരവൂരിൽ ബന്ധുവീട് ഒരുക്കി കൊടുത്തതും ശ്രീനിവാസന്റെ വീട്ടിൽ ഒത്തുകൂടിയതും ഓർമയിലുണ്ട്.
നിരവധി നാടകങ്ങൾക്ക് ശ്രീനിവാസന്റെ മുഖത്ത് ചായമിട്ടത് മണി മാഷായിരുന്നു.
സിനിമാമേഖലയിൽ നല്ല തിരക്കുള്ള സമയത്തും കൂത്തുപറമ്പിൽ എത്തിയപ്പോഴെല്ലാം ഇവർ സൗഹൃദം പുതുക്കിയിരുന്നു. തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിലെ അപ്പക്കാള എന്ന കഥാപാത്രത്തിന് വേണ്ടി കണ്ണവം ആദിവാസി മേഖലയിലെ ഉന്നതികളിൽ അവരുടെ പ്രത്യേക ഭാഷാരീതി പഠിച്ചടുക്കാനായി മറ്റൊരാൾ മുഖേന ബന്ധപ്പെട്ടതും മണി മാസ്റ്റർ ഓർത്തെടുക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

