തളിപ്പറമ്പ് ∙ നടൻ ശ്രീനിവാസന്റെ ജൈവപച്ചക്കറിക്കൃഷിയും പവിയേട്ടന്റെ മധുരച്ചൂരലും കൂവേരി ഗ്രാമത്തിന് മറക്കാൻ സാധിക്കാത്ത ഓർമകളാണ്. സിനിമ ചിത്രീകരണത്തിനായി വിവിധ സീനുകൾക്ക് ആവശ്യമായ സെറ്റുകൾ ഇടുന്നതിന് പകരം പച്ചക്കറിക്കൃഷിയെ കുറിച്ച് ചിത്രീകരിക്കാൻ പച്ചക്കറിക്കൃഷി തന്നെ വേണമെന്ന ശ്രീനിവാസന്റെ ആശയത്തിലാണ് കൂവേരിയിൽ അര ഏക്കറോളം സ്ഥലത്ത് ജൈവപച്ചക്കറിക്കൃഷി തന്നെ ഒരുക്കിയത്.
8 വർഷങ്ങളോളം മുൻപ് ജൈവകൃഷിയുടെ ആശയവുമായി ശ്രീനിവാസൻ തിരക്കഥയും സംഭാഷണവും ഒരുക്കി തളിപ്പറമ്പിലും പരിസരങ്ങളിലും ഉള്ളവർ ചേർന്ന് നിർമിച്ച പവിയേട്ടന്റെ മധുരച്ചൂരൽ എന്ന സിനിമയ്ക്കു വേണ്ടിയാണ് ചപ്പാരപ്പടവ് പഞ്ചായത്തിലെ കൂവേരി പുഴയോരത്ത് യഥാർഥ ജൈവ പച്ചക്കറിക്കൃഷി ഒരുങ്ങിയത്.
ലെന, ഹരിശ്രീ അശോകൻ, വിജയരാഘവൻ എന്നിവർ അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിങ്ങിനും പച്ചക്കറി കൃഷിയുടെ മേൽനോട്ടത്തിനുമായി ഒട്ടേറെത്തവണ ശ്രീനിവാസൻ കൂവേരിയിൽ വന്നിരുന്നു. സിനിമയിലെ പ്രമുഖ താരങ്ങൾ അഭിനയിച്ച വിവിധ രംഗങ്ങളും ഈ പച്ചക്കറി തോട്ടത്തിൽ വച്ച് തന്നെ നടത്തി.
കൂവേരി കടവിന് സമീപം ബംഗ്ലാപറമ്പ് എന്നറിയപ്പെടുന്ന സ്ഥലമാണ് പച്ചക്കറിക്കൃഷിക്കായി തിരഞ്ഞെടുത്തിരുന്നത്.
പാലയാട് ഫാമിൽ നിന്നാണ് ഇതിനാവശ്യമായ പച്ചക്കറി തൈകൾ ശ്രീനിവാസന്റെ നേതൃത്വത്തിൽ കൂവേരിയിലേക്കു കൊണ്ടുവന്നത്. നിലമൊരുക്കുന്നത് മുതലുള്ള പ്രവൃത്തികൾക്ക് ധർമശാലയിൽ താമസിച്ചാണ് അദ്ദേഹം എത്തിയതെന്ന് കൃഷിത്തോട്ടത്തിന് സമീപത്തെ വീട്ടുകാരനായ ശ്രീനി ഓർത്തു.
ഇവിടെ ഷൂട്ടിങ് നടക്കുന്ന സമയങ്ങളിൽ ശ്രീനിയുടെ വീട്ടിലായിരുന്നു ശ്രീനിവാസൻ വിശ്രമിച്ചിരുന്നത്. ഒരു ഗാനരംഗം ഉൾപ്പെടെയുള്ള സീനുകൾ ഇവിടെ വച്ച് എടുത്തിരുന്നു.
തളിപ്പറമ്പിലും ഷൂട്ടിങ് നടന്നിരുന്നു.
വിവരമറിഞ്ഞെത്തിയ നാട്ടുകാരോട് ജൈവ പച്ചക്കറിയുടെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ബോധവൽക്കരിച്ചു. കൊച്ചു കുട്ടികളെ മടിയിയിരുത്തി താലോലിച്ചും നാട്ടുകാർക്കൊപ്പം സെൽഫി എടുത്തും അദ്ദേഹവും കൂവേരിക്കാരനായി മാറി.
ഒടുവിൽ ഷൂട്ടിങ് സമാപിച്ചപ്പോൾ കൃഷിയിടത്തിലെ പച്ചക്കറികളുടെ വിളവെടുപ്പും ആഘോഷപൂർവമായാണ് നടത്തിയത്. ചുരുക്കം പച്ചക്കറികൾ മാത്രം തന്റെ ആവശ്യത്തിന് കൊണ്ട് പോയി ബാക്കിയുള്ള എല്ലാ പച്ചക്കറികളും കൂവേരി എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം ഒരുക്കാൻ ശ്രീനിവാസൻ സൗജന്യമായി നൽകുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

