കളമശേരി ∙ നഗരസഭയിലെ 46–ാം വാർഡിലെ ചക്യാടം പാടശേഖരം പാതിരാത്രി നികത്താനുള്ള ശ്രമം പൊലീസെത്തി തടഞ്ഞു. 2 ലോറിയും മണ്ണുമാന്തി യന്ത്രവും പൊലീസ് പിടിച്ചെടുത്തു.
16 ലോറികളിലായി മണ്ണെത്തിച്ചു വ്യാഴാഴ്ച രാത്രി 12 മണിയോടെയാണു പാടം നികത്തൽ ആരംഭിച്ചത്. പൊലീസെത്തിയെപ്പോൾ രക്ഷപ്പെടാനുള്ള തിടുക്കത്തിൽ ഒരു ലോറി നിയന്ത്രണം വിട്ട് മഞ്ഞുമ്മൽ ആറാട്ടുകടവിന്റെ പടികളിലൂടെ പിന്നോട്ടുരുണ്ട് പുഴയിൽ വീണു.
കടവിന്റെ കൈവരി തകർന്നു. ഈ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചേരാനല്ലൂർ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തിന്റെ നേതൃത്വത്തിലാണു പാടം നികത്തൽ നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു.
നോർത്ത് കളമശേരി ഭാഗത്തുനിന്നാണ് മണ്ണ് കൊണ്ടുവന്നത്. മണ്ണുമായി വാഹനങ്ങൾ വരുന്ന ജംക്ഷനുകളിലെല്ലാം ഗുണ്ടകൾ കാവൽ നിന്നിരുന്നു.
രാത്രി പൊടിശല്യം മൂലം ഉറക്കം നഷ്ടപ്പെട്ട നാട്ടുകാർ പൊലീസിൽ വിളിച്ചു പരാതിപ്പെടുകയായിരുന്നു.
ചക്യാടം പാടശേഖരം നികത്തുന്നതിനെതിരെ മുൻപ് സ്റ്റോപ് മെമ്മോ നൽകിയിട്ടുള്ളതാണെന്നും രാത്രികാലങ്ങളിലുള്ള നികത്തൽ തടയാൻ പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതാണെന്നും തൃക്കാക്കര നോർത്ത് വില്ലേജ് ഓഫിസർ പറഞ്ഞു.
വീണ്ടും നികത്തിയതു കണ്ടെത്തിയെങ്കിൽ പൊലീസാണു തുടർനടപടികൾ സ്വീകരിക്കേണ്ടതെന്നും വില്ലേജ് ഓഫിസർ പറഞ്ഞു.
തരിശു പാടശേഖരം കൃഷിചെയ്യാൻ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും തുടക്കത്തിൽ അനുകൂല നിലപാടെടുത്ത സ്ഥലമുടമ പിന്നീടു പിന്മാറിയെന്നും കൃഷി ഓഫിസർ അറിയിച്ചു. കടവിന്റെ കൈവരി നശിപ്പിച്ചതിനെതിരെ പരാതികൊടുക്കുമെന്നു നഗരസഭാധികൃതരും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

