തൊണ്ടർനാട് ∙ മൂന്നാം ഊഴം ലക്ഷ്യം വച്ച് ഇറങ്ങിയ എൽഡിഎഫിനു കനത്ത തിരിച്ചടി നൽകി തൊണ്ടർനാട് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു. 10 വർഷം തുടർച്ചയായി ഭരണം നടത്തിയ എൽഡിഎഫിനെ വെറും 3 സീറ്റിൽ ഒതുക്കിയാണ് യുഡിഎഫ് പഞ്ചായത്ത് പിടിച്ചെടുത്തത്.
കഴിഞ്ഞ തവണത്തെ 6 സീറ്റുകൾ നിലനിർത്തുകയും 7എണ്ണം പിടിച്ചെടുക്കുകയും ചെയ്ത മിന്നുന്ന മുന്നേറ്റമാണു യുഡിഎഫ് കാഴ്ച വച്ചത്.
എൽഡിഎഫ് കോട്ടയായി കണക്കാക്കിയ പള്ളിക്കുന്ന് വാർഡിൽ അടക്കം യുഡിഎഫ് വിജയം നേടി. വർഷങ്ങളായി എൽഡിഎഫ് കുത്തക സീറ്റുകളായിരുന്ന മക്കിയാട്, കരിമ്പിൽ, വഞ്ഞോട് വാർഡുകളും യുഡിഎഫ് പിടിച്ചെടുത്തു.
നിലവിലെ ഭരണ കാലത്ത് തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ സംഭവം ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ ഇത് കാര്യമായി പ്രതിഫലിച്ചതായി നാട്ടുകാർ പറയുന്നു.
മുൻ കാലങ്ങളിൽ യുഡിഎഫിൽ സ്ഥാനാർഥി നിർണയത്തെ തുടർന്ന് ഉയർന്നു വരാറുള്ള വിവാദങ്ങളാണ് തോൽവിക്ക് കാരണമായതെന്നും ഇത്തവണ ഈ കാര്യത്തിൽ കൃത്യമായ ഇടപെടൽ നടത്തിയത് വിജയം എളുപ്പമാകാൻ മറ്റൊരു കാരണമായതായും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
യുഡിഎഫ് കുത്തൊഴുക്കിൽ എൻഡിഎയ്ക്കും ഒരു സീറ്റ് നഷ്ടമായി. കഴിഞ്ഞ തവണ 2 സീറ്റ് ഉണ്ടായിരുന്ന എൻഡിഎ ഇത്തവണ ഒന്നിൽ ഒതുങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

