പുതുശ്ശേരി ∙ ബ്രൂവറി വിഷയത്തിൽ വിവാദം വീശിയടിച്ച എലപ്പുള്ളിയിലും പുതുശ്ശേരിയിലും വലിയ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം വിജയം നേടിയതോടെ പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളെല്ലാം തകർന്നതായി ഭരണനേതൃത്വം. വികസനമാണ് ജനത്തിന്റെ മനസ്സില്ലെന്നും ഇടതുപക്ഷത്തിനു നൽകിയ മിന്നും വിജയം ഇതിനു തെളിവാണെന്നും സിപിഎം പുതുശ്ശേരി ഏരിയ സെക്രട്ടറി നിതിൻ കണിച്ചേരിയും സിപിഎം ജില്ലാ കമ്മിറ്റി അംഗം സുഭാഷ് ചന്ദ്രബോസും പറഞ്ഞു.
തിരഞ്ഞെടുപ്പിനു മുൻപേ കോൺഗ്രസ് ഭരിക്കുന്ന എലപ്പുള്ളിയിലും സിപിഎം ഭരിക്കുന്ന പുതുശ്ശേരിയിലും ബ്രൂവറിയായിരുന്നു പ്രധാന ചർച്ചാ വിഷയം.
എലപ്പുള്ളി മണ്ണുക്കാട് ഒയാസിസ് കമ്പനി ഏറ്റെടുക്കുന്ന ഭൂമിയിലാണ് സംസ്ഥാന സർക്കാർ ബ്രൂവറിക്ക് അനുമതി നൽകിയത്. ഒട്ടേറെ സമര പരിപാടികൾ ഇതേത്തുടർന്ന് എലപ്പുള്ളി കണ്ടു.
ബ്രൂവറിക്ക് കെട്ടിട നിർമാണത്തിനു കോരയാർ പുഴയിൽ നിന്നു വെള്ളം നൽകാൻ സിപിഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്ത് അനുമതി നൽകിയതും വിവാദമായി.
ഇതേത്തുടർന്ന് ബ്രൂവറി സമരം പുതുശ്ശേരിയിലേക്കും നീണ്ടു. എന്നാൽ അടിത്തട്ടു കേന്ദ്രീകരിച്ചു നടത്തിയ പ്രവർത്തനങ്ങളാണ് വൻവിജയം ഇടതുപക്ഷത്തിനു സമ്മാനിച്ചത്.
ബ്രൂവറി വിഷയത്തിൽ വാർഡുകൾ കേന്ദ്രീകരിച്ചു ജനഹിത പരിശോധനയും വിശദീകരണ യോഗങ്ങളും അടിത്തറയായി. ഗ്രൂപ്പു തർക്കങ്ങളും പടലപ്പിണക്കങ്ങളും പരിഹരിച്ചു പുതുശ്ശേരിയിൽ കോൺഗ്രസ് ഉറച്ചു നിന്നെങ്കിലും വിജയം കണ്ടില്ല.
ബ്രൂവറി വരുന്നതുമായി ബന്ധപ്പെട്ടു വിഷയത്തിൽ എലപ്പുള്ളി കോൺഗ്രസ് രണ്ടു ചേരിയായി മാറിയതും ഇതു മൂലമുണ്ടായ വിമതശല്യവും തിരിച്ചടിയായി.
പഞ്ചായത്ത് അധ്യക്ഷ കെ.രേവതി ബാബുവിനെതിരെ കോൺഗ്രസിലെ മുതിർന്ന നേതാവും പഞ്ചായത്ത് അംഗവുമായിരുന്ന കെ.അപ്പുക്കുട്ടൻ വിമതനായി മത്സരിച്ചു. അപ്പുക്കുട്ടൻ നേടിയ വോട്ടുകൾ കെ.രേവതിബാബുവിനെ മൂന്നാം സ്ഥാനത്തേക്കു തള്ളിയിട്ടു.
വിമതനായി മത്സരിച്ച ഭരണസമിതിയിലെ സ്ഥിരം സമിതി അധ്യക്ഷൻ കെ.ശരവണകുമാറും നെയ്തല വാർഡിൽ രണ്ടാം സ്ഥാനത്തെത്തിയതോടെ കോൺഗ്രസ് സ്ഥാനാർഥി മൂന്നാമതായി.
ഈ പഞ്ചായത്തുകളിലെ ഇടതു വിജയം വരും ദിവസങ്ങളിൽ കോൺഗ്രസിൽ വലിയ ചർച്ചകൾക്കും പൊട്ടിത്തെറിക്കും വഴിയൊരുക്കിയേക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

