മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്നുപേരുടെ ദാരുണ മരണത്തിന് കാരണമായത് ഐഫോൺ വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കം.
കുനാൽ എന്ന 18കാരനും മാതാപിതാക്കളുമാണ് ടിസ്ഗാവ് മേഖലയിലെ കുന്നിൻമുകളിൽനിന്ന് വീണു ജീവനൊടുക്കിയത്. യുവാവ് നേരത്തെ ഒരു ഐഫോൺ വാങ്ങിയിരുന്നുവെന്നും ഇതിന്റെ പ്രതിമാസ തിരിച്ചടവ് തുക നൽകുന്നത് സംബന്ധിച്ച് കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു.
ഈ മാസത്തെ തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പിതാവുമായി വഴക്കിട്ട കുനാൽ, വീടുവിട്ടിറങ്ങി ടിസ്ഗാവ് പ്രദേശത്തെ കുന്നിൻമുകളിൽ എത്തുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയുമായിരുന്നു.
മകനെ തേടി പിതാവ് മുരളീധർ ചാന്ദ്ഗുഡെയും അമ്മ സംഗീതയും സംഭവസ്ഥലത്തെത്തി. കുന്നിൻമുകളിൽനിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി ഏകദേശം മൂന്നു മണിക്കൂറോളമാണ് കുനാൽ അവിടെ നിന്നത്.
ഈ സമയം പൊലീസും പ്രദേശവാസികളും സ്ഥലത്ത് എത്തിയിരുന്നു. ടിസ്ഗാവിലെ മുൻ പഞ്ചായത്ത് പ്രസിഡന്റായ സഞ്ജയ് ജാദവ് അടക്കമുള്ളവർ കുട്ടിയുമായി സംസാരിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചു.
“അമ്മയെ ഓർത്തെങ്കിലും ജീവിക്കൂ” എന്ന് കേഞ്ചിയെങ്കിലും, മരിക്കുകയല്ലാതെ വേറെ മാർഗമില്ലെന്ന നിലപാടിലായിരുന്നു കുനാൽ. ഉച്ചയ്ക്ക് ഒരു മണിയോടെ കുന്നിൻമുകളിൽ നിന്ന് കുനാലിനെ പിടിച്ചുമാറ്റാൻ പിതാവ് ശ്രമിക്കുന്നതിനിടെ രണ്ടുപേരുടെയും കാൽതെറ്റി താഴേക്ക് പതിക്കുകയായിരുന്നു.
ഇതു കണ്ടുനിന്ന മാതാവ് സംഗീതയും പിന്നാലെ താഴേക്ക് ചാടുകയായിരുന്നു. മൂവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു.
സംഭവസ്ഥലത്ത് പൊലീസും അഗ്നിരക്ഷാസേനയും സന്നിഹിതരായിരുന്നിട്ടും എന്തുകൊണ്ട് താഴെ സുരക്ഷാവല ഒരുക്കിയില്ലെന്ന ചോദ്യം ഇതിനോടകം ഉയരുന്നുണ്ട്.

