ബത്തേരി ∙ നഗരസഭയായതു മുതൽ എൽഡിഎഫ് കയ്യാളിയ ഭരണത്തിന് യുഡിഎഫിന്റെ മികച്ച വിജയത്തോടെ കടിഞ്ഞാൺ. 24 മുതൽ 27 സീറ്റു വരെ നേടി വിജയിക്കുമെന്ന് വോട്ടെണ്ണലിനു തൊട്ടു മുൻപു വരെ ആത്മവിശ്വാസം പ്രകടിപ്പിച്ച എൽഡിഎഫിനു പരാജയം നുണയേണ്ടി വന്നു.
സംസ്ഥാനതലത്തിൽ വീശിയ യുഡിഎഫ് കാറ്റിൽ ബത്തേരിയിലെ ചുവന്നപൂക്കളും കരിഞ്ഞു. ആകെയുള്ള 36 വാർഡുകളിൽ 20 എണ്ണം നേടിയാണ് യുഡിഎഫ് തേരോട്ടം.
11ൽ നിന്ന് 9 സീറ്റുകൾ വർധിപ്പിച്ചാണ് യുഡിഎഫ് 20 ലേക്കെത്തിയത്.
എൽഡിഎഫാകട്ടെ 23ൽ നിന്ന് 13 ലേക്ക് കൂപ്പുകുത്തി. 29 സീറ്റിൽ മത്സരിച്ച സിപിഎമ്മിന് 13 പേരെയാണു വിജയിപ്പിക്കാനായത്.
2 സീറ്റിൽ മത്സരിച്ച കേരള കോൺഗ്ര(എം)സിന് ഒരു സീറ്റു കിട്ടി. 3 സീറ്റിലും സിപിഐക്ക് വിജയിക്കാനായില്ല.
കഴിഞ്ഞ തവണ 5 സീറ്റിൽ വിജയിച്ച ലീഗിന് ഇത്തവണ 9ഉം കഴിഞ്ഞ തവണ 6 സീറ്റിൽ വിജയിച്ച കോൺഗ്രസിന് ഇത്തവണ 10 സീറ്റും ലഭിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും ഒരു സീറ്റു ലഭിച്ചു.
5 വർഷത്തെ ഇടവേളയ്ക്കു ശേഷം ബത്തേരിയിൽ വീണ്ടും താമര വിരിഞ്ഞതും ചർച്ചയായി.
35ാം ഡിവിഷൻ പഴുപ്പത്തൂരിലാണ് എൻഡിഎ സ്ഥാനാർഥി ജെ.പി. ജയേഷ് വിജയിച്ചത്.
33ാം ഡിവിഷനിൽ ലീഗ് വിമതനായി മത്സരിച്ച നൗഷാദ് മംഗലശേരിയുടെ വിജയവും ശ്രദ്ധേയമായി. 20 –21 സീറ്റുകളിൽ ഉറപ്പെന്നായിരുന്നു ഇരുമുന്നണികളുടെയും കണക്കു കൂട്ടൽ.
ആദ്യ വിജയം എൽഡിഎഫിന് അനുകൂലമായതോടെ നഗരസഭ വീണ്ടും ഇടത്തോട്ടു ചായുമോ എന്ന ചർച്ച വന്നു. അതും യുഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു എൽഡിഎഫ്.
എന്നാൽ ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ 3–3 എന്ന തുല്യ നിലയിലെത്തി.
2 റൗണ്ടു കഴിഞ്ഞപ്പോൾ 6–6 എന്ന നിലയിലും. എന്നാൽ ടൗൺ വാർഡുകൾ എണ്ണിത്തുടങ്ങിയതോടെ യുഡിഎഫ് സീറ്റുനില കുത്തനെ ഉയർത്തി.
16ാം വാർഡു മുതൽ 28ാം വാർഡു വരെ തുടർച്ചയായി 13 വാർഡുകൾ യുഡിഎഫ് വിജയിച്ചതോടെ ഭരണവും അവരുടെ കയ്യിലായി. എന്നാൽ അവസാനത്തെ 8 വാർഡുകളിൽ ഒന്നും യുഡിഎഫിന് ലഭിച്ചില്ല. അല്ലായിരുന്നെങ്കിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ലഭിക്കുമായിരുന്നു.
ബത്തേരിയിൽ വീണ്ടും താമര വിരിയിച്ച് ബിജെപി
ബത്തേരി ∙ നഗരസഭയിൽ വീണ്ടും താമര വിരിയിച്ചു ബിജെപി.
35ാം ഡിവിഷൻ പഴുപ്പത്തൂരിലാണു പാർട്ടിക്ക് മിന്നും ജയമുണ്ടായത്. കോൺഗ്രസിലെ ബാബു പഴുപ്പത്തൂരിനെ ബിജെപിയിലെ ജെ.പി.
ജയേഷ് 47 വോട്ടിനു പരാജയപ്പെടുത്തി. 2020 ലെ തിരഞ്ഞെടുപ്പിൽ ഇതേ വാർഡിൽ ബിജെപി ജയിച്ചിരുന്നെങ്കിലും കഴിഞ്ഞ തവണ നഷ്ടപ്പെട്ടിരുന്നു. ബിജെപി മണ്ഡലം പ്രസിഡന്റ് എ.എസ്.
കവിത മത്സരിച്ച കിടങ്ങിൽ വാർഡിലും പി.ആർ. രവീന്ദ്രൻ മത്സരിച്ച ചേനാട് വാർഡിലും രണ്ടാമതെത്താനും പാർട്ടിക്കായി. ചേനാട് 322 വോട്ടും കിടങ്ങിൽ 261 വോട്ടും ബിജെപി നേടി.
ആദ്യമായി സ്ഥാനാർഥികളെ നിർത്തിയ വാർഡുകളിൽ പോലും 50 ഉം 100 ഉം വോട്ടുകൾ നേടാൻ ബിജെപിക്കായി.
ബത്തേരിയിൽ ഓരോ വോട്ടിന് തോറ്റും ജയിച്ചും സ്ഥിരം സമിതി അധ്യക്ഷർ
ബത്തേരി ∙ നഗരസഭയിലെ ഓരോ വാർഡുകളിൽ ഓരോ വോട്ടിന് തോറ്റും ജയിച്ചും നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ. ടോം ജോസും ഷാമില ജുനൈസുമാണ് ഭാഗ്യവും നിർഭാഗ്യവും വോട്ടിലൂടെ എത്തിയത്. 13ാം വാർഡ് തിരുനെല്ലിയിൽ എൽഡിഎഫിലെ ടോം ജോസ് കോൺഗ്രസിലെ റിനു ജോണിനെ ഒരു വോട്ടിനാണു പരാജയപ്പെടുത്തിയത്.
വോട്ടെണ്ണൽ യന്ത്രത്തിലെ കണക്കിൽ റിനു മുന്നിലെത്തിയെങ്കിലും പോസ്റ്റൽ വോട്ടുകളെണ്ണിയപ്പോൾ ടോം വിജയിക്കുകയായിരുന്നു. (406–405).
27ാം വാർഡ് മണിച്ചിറയിൽ സ്ഥിരം സമിതി അധ്യക്ഷ ഷാമില ജുനൈസിനെ യുഡിഎഫിലെ ഫൗസി പരാജയപ്പെടുത്തിയത് ഒരു വോട്ടിനാണ്. (369– 368).
എൽഡിഎഫ് കുതിപ്പിന് തടയിട്ട് ബത്തേരി ബ്ലോക്കിൽ യുഡിഎഫ്
ബത്തേരി ∙ കഴിഞ്ഞ 2 ടേമിലും വിജയിച്ച എൽഡിഎഫിന്റെ കുതിപ്പിനു ബത്തേരി ബ്ലോക്കിൽ യുഡിഎഫ് തടയിട്ടു.
കഴിഞ്ഞ രണ്ടു തവണയും ഒരു സീറ്റിന്റെ മുൻതൂക്കത്തിൽ ഭരിച്ചിരുന്ന എൽഡിഎഫിനെ ഇത്തവണ 4 സീറ്റിനാണ് യുഡിഎഫ് പിന്തള്ളിയത്. ആകെയുള്ള 14 സീറ്റിൽ യുഡിഎഫ് 10 സീറ്റുകളും എൽഡിഎഫും 5 സീറ്റും നേടി. അപ്പാട്, കൊളഗപ്പാറ, മൂലങ്കാവ്, ചുള്ളിയോട്, അമ്പലവയൽ എന്നീ സീറ്റുകൾ എൽഡിഎഫുകാർ നേടിയപ്പോൾ മീനങ്ങാടി, മുത്തങ്ങ, നൂൽപുഴ, ചീരാൽ, കോളിയാടി, അമ്പുകുത്തി, തോമാട്ടുചാൽ, നെല്ലാറച്ചാൽ, കുമ്പളേരി വാർഡുകൾ യുഡിഎഫ് പിടിച്ചടക്കി. എൽഡിഎഫിന് മുൻതൂക്കമുണ്ടായിരുന്ന വാർഡുകളടക്കം യുഡിഎഫ് നേടിയത് അവരുടെ വിജയത്തിന് തിളക്കമേറ്റി.
പ്രസിഡന്റ് സ്ഥാനം വനിത സംവരണമായ ബത്തേരി ബ്ലോക്കിൽ കോൺഗ്രസിലെ പ്രസന്ന ശശീന്ദ്രനാണു സാധ്യത.
യുഡിഎഫിൽ 20ൽ 14ഉം വനിതകൾ
ബത്തേരി ∙ നഗരസഭയിൽ യുഡിഎഫ് ഭരണം നേടുമ്പോൾ അവരിൽ 20 ൽ14 ഉം വനിതകൾ. അധ്യക്ഷ സ്ഥാനം വനിതയായിരിക്കെ സ്ഥാനമോഹികൾ കുറവില്ലെന്നതാണു സ്ഥിതി.
ലീഗിലെയും കോൺഗ്രസിലെയും 5 പുരുഷ നേതാക്കളുടെ പരാജയമാണ് കണക്ക് ഈ രീതിയിലേക്കെത്തിച്ചത്. ജയിച്ചു വന്ന 6 പേരിൽ 4ഉം പുതുമുഖങ്ങളാണു താനും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

