റോക്കറ്റ് വിക്ഷേപണ രംഗത്ത് വിസ്മയങ്ങൾ തീർത്ത സ്പേസ് എക്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിലും പുതിയ ചരിത്രമെഴുതാൻ തയ്യാറെടുക്കുന്നു. വരുംകാലങ്ങളിൽ കമ്പനിയുടെ സാമ്പത്തിക അടിത്തറ പൂർണ്ണമായും മാറ്റിയെഴുതാൻ എഐ ബിസിനസിന് സാധിക്കുമെന്നാണ് സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്ക് വ്യക്തമാക്കുന്നത്.
2028ഓടെ കമ്പനിക്ക് 500 ബില്യൺ ഡോളർ വരെ വാർഷിക വരുമാനം സ്വന്തമാക്കാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ഫാൽക്കൺ റോക്കറ്റുകളുടെ വിക്ഷേപണവും ഡ്രാഗൺ പേടകത്തിലെ ദൗത്യങ്ങളും വിജയകരമായി തുടരുന്നതിനിടയിലാണ് കമ്പനി എഐ രംഗത്ത് ഇത്രയും വലിയ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 11ന് ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മസ്ക് നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചത്. സെപ്റ്റംബറോടെ സ്പേസ് എക്സിന്റെ എഐ വരുത്തൽ കമ്പനിയുടെ മറ്റ് എല്ലാ സ്രോതസുകളെയും പിന്തള്ളുമെന്നാണ് അദ്ദേഹം പ്രവചിച്ചത്.
ഈ വർഷത്തെ നാലാം പാദത്തിൽ മറ്റ് ബിസിനസ് മേഖലകളെ അപേക്ഷിച്ച് എഐയിൽ നിന്നുള്ള നേട്ടം ഗണ്യമായി ഉയരുമെന്നും, ഭാവിയിൽ കമ്പനിയുടെ പ്രധാന വരുമാന സ്രോതസ് ഇതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷത്തിന്റെ തുടക്കത്തിൽ മസ്ക് സ്ഥാപിച്ച എക്സ് എഐ സ്റ്റാർട്ടപ്പിനെ സ്പേസ് എക്സ് സ്വന്തമാക്കിയതോടെയാണ് ഈ മാറ്റങ്ങൾക്ക് വേഗത കൂടിയത്.
ഗ്രോക് ചാറ്റ്ബോട്ടിന്റെ സ്രഷ്ടാക്കളായ എക്സ് എഐ, ടെന്നസിയിലെ കൊളോസസ് സൂപ്പർകമ്പ്യൂട്ടർ ശൃംഖലയാണ് നിയന്ത്രിക്കുന്നത്. അടുത്ത വർഷം അവസാനത്തോടെ 10 ജിഗാവാട്ട് എഐ കംപ്യൂട്ടിങ് ശേഷി കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
നിലവിലുള്ള 1.4 ജിഗാവാട്ട് ശേഷിയിൽ നിന്നാണ് ഈ വലിയ കുതിപ്പ്. വലിയതോതിലുള്ള കംപ്യൂട്ടിങ് കരുത്ത് മറ്റ് ടെക് കമ്പനികൾക്കും എഐ ലാബുകൾക്കും നൽകുന്നതിലൂടെ ഒരു വാട്ടിന് 30 മുതൽ 50 ഡോളർ വരെ മൂല്യം നേടാനാണ് കണക്കുകൂട്ടൽ.
ഇതിലൂടെ പ്രതിവർഷം 300 മുതൽ 500 ബില്യൺ ഡോളർ വരെ വരുമാനത്തിലെത്താം. എഐ വിപുലീകരണത്തിന്റെ ഭാഗമായി ടെക്സസിൽ ടെറാഫാബ് എന്ന പേരിൽ പുതിയ വ്യവസായ സമുച്ചയം നിർമ്മിക്കാനും പദ്ധതിയുണ്ട്.
ടെസ്ലയുമായി സഹകരിച്ചുള്ള ഈ സംരംഭത്തിൽ അത്യാധുനിക സെമികണ്ടക്ടർ ചിപ്പുകളാണ് നിർമ്മിക്കുക. ഇതിനുപുറമെ, താഴ്ന്ന ഭ്രമണപഥത്തിൽ 1 മില്യൺ സ്റ്റാർമൈൻഡ് എഐ ഉപഗ്രഹങ്ങൾ വിന്യക്ഷിക്കാനും പദ്ധതി തയ്യാറായിക്കഴിഞ്ഞു.
പൂർണ്ണമായും പുനരുപയോഗിക്കാവുന്ന സ്റ്റാർഷിപ്പ് റോക്കറ്റുകളായിരിക്കും ഇതിനായി ഉപയോഗിക്കുക. ഭൂമിക്ക് പുറത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചന്ദ്രനിൽ ഫാക്ടറികൾ നിർമ്മിക്കാനും സ്പേസ് എക്സ് ലക്ഷ്യമിടുന്നുണ്ട്.
വൈദ്യുതകാന്തിക മാസ് ഡ്രൈവറുകൾ ഉപയോഗിച്ച് ചന്ദ്രോപരിതലത്തിൽ നിന്ന് ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് അയക്കാനാണ് പദ്ധതി. ഐപിഒയ്ക്ക് മുന്നോടിയായി സമർപ്പിച്ച രേഖകളിൽ കമ്പനി ലക്ഷ്യമിടുന്ന ആകെ വിപണി 28.5 ട്രില്യൺ ഡോളർ ആണെന്ന് വ്യക്തമാക്കിയിരുന്നു.
ഇതിൽ 23 ട്രില്യൺ ഡോളറും എഐ മേഖലയുമായി മാത്രം ബന്ധപ്പെട്ടതാണ്. പണത്തിനപ്പുറം മനുഷ്യരാശിയെ സഹായിക്കാനും മറ്റ് ഗ്രഹങ്ങളിലേക്കും നക്ഷത്രവ്യവസ്ഥകളിലേക്കും എത്തിക്കാനും സാധിക്കുന്ന എഐ രൂപപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് മസ്ക് വ്യക്തമാക്കി.
പദ്ധതികൾ വിജയകരമായാൽ സ്പേസ് എക്സിലെ ജീവനക്കാർക്ക് ഭാവിയിൽ ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ യാത്ര ചെയ്യാനുള്ള അവസരവും ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

