തിരുവൻവണ്ടൂർ ∙ വരട്ടാറിന്റെ തീരം ഇടിയുന്നതു സമീപത്തെ വീടുകൾക്കു ഭീഷണിയാകുന്നു. 2018 ലെ പ്രളയത്തിനും വരട്ടാർ -ആദിപമ്പ പുനരുജ്ജീവന പ്രവർത്തനങ്ങൾക്കും ശേഷം വരട്ടാറിലെ വെള്ളത്തിന്റെ ഒഴുക്കിനു ശക്തി കൂടിയതാണ് തീരം നദിയിലേക്ക് ഇടിയുന്നതിനു കാരണം.
മേഖലയിലെ 19 വീടുകൾ അപകടഭീഷണിയിലാണ്. പഴവൂർകടവ് ഭാഗം മുതൽ ഏറ്റവും ആഴമുള്ള മുളംതോട് (പഴയ വരട്ടാർ) ആരംഭിക്കുന്നസ്ഥലം, പടിഞ്ഞാറ് കളീക്കൽ പുത്തൻവീട് ഭാഗം വരെ തീരം ഉയർന്നു കിടക്കുന്ന ഭാഗത്താണ് തിട്ട
കൂടുതൽ ഇടിയുന്നത്.
നദിയുടെ ഗതി പടിഞ്ഞാറോട്ട് മാറുന്നതും ഈ ഭാഗത്ത് നിന്നാണ്. ഇവിടെ നദിയുടെ തെക്കുഭാഗത്തു മാത്രമാണ് ഇറിഗേഷൻ വകുപ്പ് മുൻപ് സംരക്ഷണഭിത്തി നിർമിച്ചിരിക്കുന്നത്.
ഇതു മൂലം വെള്ളപ്പൊക്ക സമയത്ത് ഒഴുകി വരുന്ന നദീജലം ശക്തിയായി ഭിത്തിയിൽ തട്ടിയ ശേഷം തിരികെ പടിഞ്ഞാറോട്ട് ഒഴുകുമ്പോൾ എതിർവശത്തെ തിട്ടയും തകരുന്നു.
പ്രദേശവാസികളായ എസ്.ആർ. ഗോപിനാഥൻപിള്ള, എം.പി.
ജോസഫ്, ഇന്ദുകല, ടി.ആർ. ഗോപാലകൃഷ്ണ പിള്ള, രാധാമണി, ശശിധരൻ, അരുൺകുമാർ ,സുരേഷ്, ഹരികുമാർ, ശ്രീദേവി തുടങ്ങി 19 പേരുടെ കുടുംബങ്ങളാണ് ഈ പ്രദേശത്ത് ആശങ്കയോടെ കഴിയുന്നത്.
രണ്ടു മുതൽ നാലു സെന്റ് വരെ ഭൂമി നദിയുടെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ടതായി ഇവർ പറയുന്നു. മഴ ശക്തമാകുമ്പോൾ തിട്ടയിടിഞ്ഞ് ആറ്റിലേക്ക് പതിക്കുന്നത് പതിവാണ്.
ശക്തമായ ഒഴുക്കു മൂലം വസ്തുവിന്റെ ഭൂമിയുടെ അടിഭാഗത്തുള്ള മണ്ണ് ഒലിച്ചു പോവുകയും മുകൾ ഭാഗം അപകടാവസ്ഥയിലുമാണ്.
പഴവൂർക്കടവു മുതൽ കൊച്ചു കളീയ്ക്കൽ ഭാഗത്തേയ്ക്ക് തീരത്തുകൂടിയുള്ള വഴി പോലും ഭാഗികമായി മാത്രമാണ് അവശേഷിക്കുന്നത്. ബാക്കി ഭാഗത്തെ തീരം നദിയെടുത്തു. പഴവൂർക്കടവ് മുതൽ തെക്കുംമുറി (പുത്തൻതോട് ) പാലം വരെയുള്ള ഏകദേശം 325 മീറ്റർ നീളത്തിലുള്ള ഭാഗം കല്ലു കെട്ടിയോ, കോൺക്രീറ്റ് ചെയ്തോ സംരക്ഷിച്ചില്ലെങ്കിൽ ബാക്കിയുള്ള ഭൂമിയും നദിയിലാകും.
തീരം സംരക്ഷിക്കണമെന്ന്് ആവശ്യപ്പെട്ടു പ്രദേശവാസികൾ ആർഡിഒയ്ക്കും വില്ലേജ് ഓഫിസർക്കും പരാതി നൽകിയിട്ടുണ്ട്. പുത്തൻതോട് ഭാഗം ഉയർന്ന പുരയിടങ്ങൾക്കു നടുവിലൂടെയാണ് കടന്നുപോകുന്നത്.
മാത്രമല്ല, വരട്ടാറിന്റ കിഴക്കുഭാഗങ്ങളിലെ പോലെ വീതിയുമില്ല. വെള്ളപ്പൊക്ക സമയത്തു കൂടുതൽ വെള്ളം വരട്ടാറിൽ നിന്നു പുത്തൻ തോടു ഭാഗത്തേക്കെത്തുമ്പോൾ ഉയർന്ന ഭാഗങ്ങൾ നദിയിലേക്ക് ഇടിഞ്ഞു വീഴുന്നതു പതിവാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

