ബൈജൂസ് സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് അമേരിക്കയിലെ കോടതിയിൽ നിന്ന് വൻ ആശ്വാസം. ബൈജു ഉടൻ 1.07 ബില്യൻ ഡോളർ (ഏകദേശം 9,600 കോടി രൂപ) അടയ്ക്കണമെന്ന ഉത്തരവ് ഡെലവെയറിലെ പാപ്പരത്ത കോടതി (ബാങ്ക്റപ്റ്റ്സി കോർട്ട്) മരവിപ്പിച്ചു.
ബൈജു സമർപ്പിച്ച പുനഃപരിശോധനാ ഹർജി പരിഗണിച്ചാണ് നടപടി.
കഴിഞ്ഞ നവംബർ 20ന് ആയിരുന്നു കോടതി 1.07 ബില്യൻ കെട്ടിവയ്ക്കണമെന്ന് ഉത്തരവിട്ടത്. എന്നാൽ, കോടതി തന്റെ ഭാഗം കേട്ടില്ലെന്നും അഭിഭാഷകനെ നിയോഗിക്കാനും തന്റെ വാദം ഉയർത്താനും നിയമപ്രകാരമുള്ള 30 ദിവസം അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ബൈജു ഹർജി സമർപ്പിക്കുകയായിരുന്നു.
ഒരു ബില്യനിലധികം ഡോളറിന്റെ നഷ്ടമുണ്ടായെന്ന വായ്പാദാതാക്കളുടെ കണക്ക് ശരിയല്ലെന്ന് ബൈജുവിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഒരു ഡോളറിന്റെ പോലും നഷ്ടമുണ്ടായിട്ടില്ല. ഇന്ത്യയിലും മറ്റിടങ്ങളിലും വായ്പാദാതാക്കൾ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ബൈജൂസ് ഡയറക്ടർമാരായ ബൈജു രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ എന്നിവരെ ബുദ്ധിമുട്ടിക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞു.
ഈ വാദങ്ങൾ പരിഗണിച്ചാണ് കോടതി ഇപ്പോൾ വിധി മരവിപ്പിച്ചതെന്ന് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിന്റെ സ്ഥാപകർ പ്രസ്താവനയിൽ വ്യക്തമാക്കി.
കേസ് 2026 ജനുവരിയിൽ വീണ്ടും പരിഗണിക്കും. ബൈജൂസിന്റെ അമേരിക്കയിലെ ഉപസ്ഥാപനമായ ബൈജൂസ് അൽഫയിൽനിന്ന് 533 മില്യൻ ഡോളർ (ഏകദേശം 4,700 കോടി രൂപ) ഉൾപ്പെടെ കാണാതായ കേസിലായിരുന്നു കോടതി നേരത്തേ 1.07 ബില്യൻ അടയ്ക്കണമെന്ന് വിധിച്ചത്.
പണം എവിടെയെന്ന് തെളിയിക്കാനോ കേസ് നടപടികളുടെ ഭാഗമായി കോടതിയിൽ ഹാജരാകാനോ ബൈജു രവീന്ദ്രന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞിരുന്നു.
നേരത്തേ കോടതി ഉത്തരവ് പാലിക്കാതിരുന്നതിന്, പ്രതിദിനം 10,000 ഡോളർ വീതം പിഴയും ബൈജുവിന് വിധിച്ചിരുന്നു. ഇതും അടച്ചിട്ടില്ലെന്നും ഇപ്പോൾ ഈയിനത്തിലെ പിഴമാത്രം ലക്ഷക്കണക്കിന് ഡോളർ ആയെന്നും ജഡ്ജി പറഞ്ഞിരുന്നു.
533 മില്യൻ ഡോളർ ‘കടത്തി’യെന്ന് ആരോപണം
ബൈജൂസ് ആൽഫയിൽ നിന്ന് 2022ൽ മയാമി ആസ്ഥാനമായ ഹെഡ്ജ് ഫണ്ട് സ്ഥാപനമായ (നിക്ഷേപ കമ്പനി) കാംഷാഫ്റ്റ് ക്യാപിറ്റലിലേക്ക് 533 മില്യൻ ഡോളർ വകമാറ്റിയിരുന്നു.
പിന്നീട് 2023ൽ മറ്റൊരു 540.6 മില്യൻ ഡോളറും ഇത്തരത്തിൽ മാറ്റി. ഇരു തുകകളും ചേർത്ത് ആകെ 1.07 ബില്യൻ തിരിച്ചടയ്ക്കാനായിരുന്നു കോടതി ഉത്തരവ്.
ആവർത്തിച്ച് നിർദേശിച്ചിട്ടും പണം എവിടെയെന്ന് വ്യക്തമാക്കാൻ ബൈജു രവീന്ദ്രൻ ഉൾപ്പെടെയുള്ളവർ വീഴ്ച വരുത്തിയെന്ന് കോടതി നവംബറിൽ അഭിപ്രായപ്പെട്ടിരുന്നു.
കാംഷാഫ്റ്റിന് പണം കൈമാറിയതു സംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കണമെന്നും ബൈജുവിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. 2021ലാണ് ബൈജൂസ് ആൽഫയുടെ തുടക്കം.
ഇക്കാലയളവിൽ യുഎസ് ബാങ്കിങ് കൺസോർഷ്യത്തിൽനിന്ന് ബൈജൂസ് 1.2 ബില്യൻ ഡോളർ (ഏകദേശം 10,000 കോടി രൂപ) വായ്പ എടുത്തിരുന്നു. ഇതു തിരിച്ചടയ്ക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ബൈജൂസിനെതിരെ ബാങ്കുകൾ പാപ്പരത്ത നടപടി തേടി കോടതിയെ സമീപിച്ചത്.
ഇതിനിടെയായിരുന്നു, 533 മില്യൻ ഡോളർ ‘കടത്തി’യെന്ന ആരോപണവും ബാങ്കുകൾ ഉയർത്തിയത്. പണം കണ്ടുകെട്ടുന്നത് തടയാൻ ബൈജു പണം ‘ഒളിപ്പിച്ചു’ എന്ന ആരോപണവും ബാങ്കുകൾ ഉയർത്തി.
കേസിന്റെ പശ്ചാത്തലത്തിൽ ബൈജൂസ് ആൽഫയെ ഏറ്റെടുക്കാൻ ബാങ്കുകളെ കോടതി അനുവദിച്ചിരുന്നു.
ഇതിനുശേഷം ബൈജൂസ് ആൽഫയും ബാങ്കുകളുടെ പ്രതിനിധിയായ ഗ്ലാസ് ട്രസ്റ്റുമാണ് ഒളിപ്പിച്ച പണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോടതിയിൽ എത്തിയത്. വായ്പാത്തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബൈജൂസ് ഇന്ത്യയിലും പാപ്പരത്ത നടപടി നേരിടുകയാണ്.
ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേണിനെ ഏറ്റെടുക്കാൻ ശതകോടീശ്വരൻ ഡോ. രഞ്ജൻ പൈ നയിക്കുന്ന മണിപ്പാൽ ഗ്രൂപ്പ്, റോണി സ്ക്രൂവാലയുടെ എജ്യുടെക് കമ്പനിയായ അപ്ഗ്രേഡ് എന്നിവയാണ് രംഗത്തുള്ളത്.
മറുകേസ് കൊടുക്കാൻ ബൈജു
ബൈജൂസ് സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രൻ അമേരിക്കൻ വായ്പാ ദാതാക്കൾക്കെതിരെ മറുകേസ് നൽകാനും ശ്രമിക്കുന്നുണ്ട്.
കാണാതായെന്ന് പറയുന്ന 533 മില്യൻ ഡോളർ (ഏകദേശം 4,700 കോടി രൂപ) ഒളിപ്പിക്കുകയോ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്ന് ബൈജു വ്യക്തമാക്കിയിട്ടുണ്ട്. പണം കമ്പനിയുടെ ആവശ്യത്തിനാണ് പ്രയോജനപ്പെടുത്തിത്.
ഇതിനു തെളിവുണ്ടെന്നും വ്യക്തമാക്കിയാണ് മറുകേസിനുള്ള ബൈജുവിന്റെ ഒരുക്കം. ഈ തെളിവുകൾ ഇന്ത്യയിലെ കോടതിയിലും സമർപ്പിക്കും.
വായ്പാദാതാക്കളുടെ ആരോപണങ്ങൾ അഭിമാനക്ഷതമുണ്ടാക്കിയെന്ന് ആരോപിച്ച് 2.5 ബില്യൻ ഡോളർ (ഏകദേശം 22,300 കോടി രൂപ) ആവശ്യപ്പെട്ടുള്ള മാനനഷ്ടക്കേസ് നൽകാനും ഒരുങ്ങുകയാണ് ബൈജു.
കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് വായ്പാദാതാക്കൾ ചെയ്തത്. ഈ സാഹചര്യത്തിലാണ് മാനനഷ്ടക്കേസ് നൽകാനുള്ള നീക്കം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

