വെള്ളം കയറിയ കടയ്ക്കുള്ളിൽ ബാക്കിയായത് കുറച്ച് പാത്രങ്ങളും ചെളിയിൽ കുതിർന്ന ഓർമകളും. ഒരാഴ്ചയായി അടഞ്ഞുകിടന്ന കട
തുറന്നത് കച്ചവടത്തിനല്ല; മറിച്ച് ചെളി വാരിക്കളയാനാണ്. പാത്രങ്ങൾ വൃത്തിയാക്കണം, നശിച്ചുപോയ സാധനങ്ങൾ മാറ്റണം.
അതിനുശേഷം മാത്രമേ അടുപ്പ് വീണ്ടും പുകയൂ. നാലുമണിക്കാറ്റിൽ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കെ.വി.
സിന്ധുവിന്റെ കടയുടെയും അവസ്ഥ ഇതുതന്നെയാണ്. ജ്യൂസും ഉള്ളി വടയും ഇലയടയുമൊക്കെയായി ദിവസവും ഏകദേശം 3000 രൂപയുടെ കച്ചവടം നടന്നിരുന്ന സ്ഥാപനമാണ് വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചുപൂട്ടേണ്ടി വന്നത്.
വെള്ളിയാഴ്ച കട അടച്ചശേഷം ശനിയാഴ്ചയാണു ഇവർ വീണ്ടും ഇവിടെയെത്തിയത്.
കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന മൈദ, പഞ്ചസാര, പാത്രങ്ങൾ തുടങ്ങിയവ പൂർണ്ണമായും നശിച്ചിരിക്കുന്നു. ഉപയോഗിച്ചിരുന്ന ഗ്ലാസ്സുകളിലാകെ ചെളി കയറിയിട്ടുണ്ട്.
ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കിയാൽ മാത്രമേ അവയിൽ ചിലതെങ്കിലും വീണ്ടും ഉപയോഗിക്കാനാകൂ. വെള്ളം കയറിയതിന്റെ ആഘാതം കടയ്ക്കുള്ളിൽ മാത്രമായി ഒതുങ്ങുന്നില്ലെന്നും, അത് കുടുംബത്തിന്റെ ഉപജീവനമാർഗ്ഗത്തെയാണ് ബാധിച്ചതെന്നും സിന്ധു വ്യക്തമാക്കി.
ഒരാഴ്ചയായി ഒരു രൂപ പോലും വരുമാനമില്ലാത്ത അവസ്ഥയാണ്. നാലുമണിക്കാറ്റ് മേഖലയിൽ ഇത്തരത്തിൽ 12 കടകളാണ് പ്രവർത്തിക്കുന്നത്.
വെള്ളപ്പൊക്കത്തെ തുടർന്ന് ഇവയെല്ലാം പൂർണ്ണമായും അടച്ചിടേണ്ടി വന്നു. വെള്ളമിറങ്ങിയെങ്കിലും ഉടൻ തന്നെ കച്ചവടം പുനരാരംഭിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
കടകൾ പൂർണ്ണമായി വൃത്തിയാക്കി, പുതിയ സാധനങ്ങൾ എത്തിച്ച് എല്ലാം പഴയ നിലയിലാക്കാൻ ഇനിയും ഒരാഴ്ചയെങ്കിലും വേണ്ടിവരും. സർക്കാർ ദുരിതാശ്വാസമായി 10,000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ, ആ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിന്ധു ഉൾപ്പെടെയുള്ള വ്യാപാരികൾ.
ഒരാഴ്ചത്തെ വരുമാന നഷ്ടത്തിനും നശിച്ചുപോയ സാധനങ്ങൾക്കും പകരമാകില്ലെങ്കിലും, വീണ്ടും അടുപ്പ് കത്തിക്കാൻ ആ തുക വലിയൊരു കൈത്താങ്ങാകുമെന്നാണു ഇവർ പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

