സ്വത്തുക്കളുമായി ബന്ധപ്പെട്ട ജനങ്ങളുടെ വിവിധ സംശയങ്ങൾക്ക് വിദഗ്ധർ നൽകുന്ന മറുപടികൾ പ്രസക്തമാകുന്നു.
2023-ൽ വാങ്ങിയ ഫ്ലാറ്റിന്റെ ആധാരത്തിൽ ഭർത്താവിന്റെ പേര് മാറി ചേർത്തതായി കണ്ടാൽ എന്തുചെയ്യണമെന്ന ചോദ്യത്തിന് നിയമപരമായ പരിഹാരമുണ്ട്. ആധാരത്തിൽ നേരിട്ട് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താധാരം രജിസ്റ്റർ ചെയ്യേണ്ടി വരും.
ഇതിനായി വാങ്ങിയ വ്യക്തിയും പ്രമാണം എഴുതിത്തന്ന വ്യക്തിയും നേരിട്ട് ഹാജരാകേണ്ടതുണ്ട്. ഇത്തരം തിരുത്താധാരങ്ങൾക്ക് ഫീസ് അടയ്ക്കേണ്ടി വരില്ല.
എന്നാൽ പ്രമാണത്തിൽ വിവരങ്ങൾ ശരിയായിരിക്കുകയും സബ് രജിസ്ട്രാർ ഓഫിസിലെ കംപ്യൂട്ടർ രേഖകളിലോ ഇ-രേഖകളിലോ ആണ് പിഴവ് സംഭവിച്ചതെങ്കിൽ, ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫിസിൽ ആവശ്യമായ തെളിവുകൾ സഹിതം രേഖാമൂലം അപേക്ഷ സമർപ്പിച്ചാൽ മതിയാകും.
ഉദ്യോഗസ്ഥർ പരിശോധനാടിസ്ഥാനത്തിൽ രേഖകൾ തിരുത്തി നൽകും. വില്ലേജിലെ ഡിജിറ്റൽ സർവേ പൂർത്തിയായെങ്കിലും മരിച്ചുപോയ അമ്മയുടെ പേരിലുള്ള 30 സെന്റ് സ്ഥലത്ത് സർവേ നടന്നോ എന്നറിയാത്ത സാഹചര്യത്തിൽ സ്വീകരിക്കേണ്ട
നടപടികൾ വ്യക്തമാണ്. പ്രദേശത്ത് ഡിജിറ്റൽ സർവേ നടന്നിരിക്കാനാണ് സാധ്യത കൂടുതൽ.
‘എന്റെ ഭൂമി’ പോർട്ടൽ മുഖേനയോ നേരിട്ട് ഡിജിറ്റൽ സർവേ ക്യാംപ് ഓഫിസ്, വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാം. ഔദ്യോഗികമായി രേഖാമൂലമുള്ള തെളിവ് ആവശ്യമുണ്ടെങ്കിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചാൽ മതിയാകും.
ഏതെങ്കിലും കാരണത്താൽ സർവേ നടത്താൻ വിട്ടുപോയിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട സർവേ ക്യാംപ് ഓഫീസറെയോ താലൂക്ക് സർവേയറെയോ സമീപിച്ച് അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
ഒരാളുടെ പേരിൽ 24.5 സെന്റ് സ്ഥലവും, ഭാര്യയുമായുള്ള കൂട്ടുടമസ്ഥതയിൽ 7 സെന്റ് സ്ഥലവുമുള്ള വ്യക്തികൾക്ക് ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് ഫീസ് ഇളവുകൾ ലഭ്യമാകുമോ എന്ന ആശങ്കയ്ക്കും വ്യക്തതയുണ്ട്. ഈ രണ്ട് ഭൂമിയും വ്യത്യസ്ത ആധാരങ്ങളിലായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നതിനാൽ ഓരോ ആധാരത്തിലും 25 സെന്റിൽ താഴെയായതിനാൽ രണ്ട് ഭൂമിക്കും പ്രത്യേകം ഫീസാനുകൂല്യം ലഭിക്കുന്നതാണ്.
എന്നാൽ ഈ രണ്ട് ഭൂമിയും 2018-ന് മുമ്പ് അതായത് 30.12.2017-ന് മുൻപ് തന്നെ കൂട്ടിച്ചേർത്ത് 25 സെന്റിൽ കൂടുതലാണ് എങ്കിൽ ഈ ആനുകൂല്യം ലഭിക്കില്ല. ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും അളവിൽ 5 സെന്റോളം കുറവ് കണ്ടെത്തിയ സാഹചര്യത്തിൽ എന്തുചെയ്യണമെന്ന ചോദ്യത്തിന് റവന്യൂ അധികാരികളെ സമീപിക്കാമെന്ന് നിർദ്ദേശിക്കുന്നു.
സർവേ പൂർത്തിയായി അഞ്ച് മാസം കഴിഞ്ഞിട്ടും വിവരങ്ങൾ ലഭ്യമല്ലെങ്കിൽ ‘എന്റെ ഭൂമി’ പോർട്ടൽ വഴിയോ ഡിജിറ്റൽ സർവേ ക്യാംപ് ഓഫിസ്, വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ നിന്നോ വിശദാംശങ്ങൾ അറിയാൻ സാധിക്കും. പരിശോധനയിൽ ഭൂമിയുടെ അളവിൽ കുറവുണ്ടെന്ന് ബോധ്യപ്പെടുകയാണെങ്കിൽ സർവേ അസിസ്റ്റന്റ് ഡയറക്ടർക്കോ തഹസിൽദാർക്കോ പരാതി നൽകാം.
കൈവശമുള്ള ആധാരവും പഴയ റവന്യു രേഖകളും അടിസ്ഥാനമാക്കി അധികൃതർ വീണ്ടും സ്ഥലപരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തി നൽകുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

