കൊച്ചി ∙ പോളിങ് ശതമാനം ക്രമമായി കുറഞ്ഞുവരുന്ന ‘പതിവു’ ശീലം തെറ്റിച്ചു കോർപറേഷനിലെ വോട്ടർമാർ. രേഖപ്പെടുത്തിയതു 62.44 ശതമാനം പോളിങ്.
2020ൽ 62.04 ശതമാനമായിരുന്നു പോളിങ്. ഇക്കുറി നേരിയ വർധന; 0.40 ശതമാനം.
സമഗ്ര വിശകലനത്തിനു ശേഷം തിരഞ്ഞെടുപ്പു കമ്മിഷൻ കണക്കുകൾ പുതുക്കിയാൽ പോളിങ് ശതമാനത്തിൽ നേരിയ വ്യത്യാസത്തിനും സാധ്യതയുണ്ട്.
2010 മുതൽ 2020 വരെ നടന്ന 3 തദ്ദേശ തിരഞ്ഞെടുപ്പുകളിലും വോട്ടിങ് ശതമാനം ക്രമമായി കുറഞ്ഞു വന്ന പതിവാണ് ഇക്കുറി കോർപറേഷനിലെ വോട്ടർമാർ തെറ്റിച്ചത്. 2010ൽ 70.39 ശതമാനം, 2015ൽ 69.62, കോവിഡ് ഭീതിയിൽ തിരഞ്ഞെടുപ്പു നടന്ന 2020ൽ 62.04 എന്നിങ്ങനെയായിരുന്നു പോളിങ് കണക്കുകൾ.
അതേസമയം, ജില്ലാ തലത്തിലെയും നഗരസഭ – പഞ്ചായത്ത് തലങ്ങളിലെയും മികച്ച പോളിങ്ങുമായി താരതമ്യം ചെയ്യുമ്പോൾ കോർപറേഷനിൽ നടന്നതു താരതമ്യേന ‘തണുപ്പൻ’ പോളിങ്ങാണ്. ജില്ലാതലത്തിൽ 74.55 ശതമാനമാണു പോളിങ്.
മെച്ചപ്പെട്ടു, എങ്കിലും….
കേരളത്തിന്റെ മഹാനഗരം പതിഞ്ഞ താളത്തിലാണു വോട്ടു ചെയ്തു തുടങ്ങിയതെങ്കിലും പിന്നീടു ഗിയർ മാറ്റിയതോടെ പോളിങ് ശതമാനവും ഉയർന്നു തുടങ്ങി. എങ്കിലും, പ്രതീക്ഷിച്ച വർധന ദൃശ്യമായതുമില്ല.
ആവേശം കത്തിക്കാളിയ പ്രചാരണത്തിനു ശേഷം മുന്നണികളെല്ലാം പോളിങ് ശതമാനം കഴിഞ്ഞ തവണത്തെക്കാൾ ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു. റിബൽ സ്ഥാനാർഥികളുടെ എണ്ണം വർധിച്ചതും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ആവേശം വർധിപ്പിച്ചിരുന്നു.
കഴിഞ്ഞ തവണ പോളിങ് കുറഞ്ഞതാണു നേരിയ വ്യത്യാസത്തിനു കോർപറേഷൻ ഭരണം നഷ്ടമാക്കിയതെന്നു വിലയിരുത്തിയ യുഡിഎഫ് ഇക്കുറി കഴിയുന്നത്ര വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അതു കാര്യമായി വിജയിച്ചെന്നു കരുതുക പ്രയാസം.
മട്ടാഞ്ചേരി ഗവ.ഗേൾസ് സ്കൂളിലെ ഒന്നാം നമ്പർ ബൂത്ത് ഉൾപ്പെടെ ചില ബൂത്തുകളിൽ വോട്ടിങ് സമയം കഴിഞ്ഞതിനു ശേഷവും വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു.
പോളിങ് പൊതുവിൽ സമാധാനപരമായിരുന്നു. ഒരിടത്തു നിന്നും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല.
കള്ളവോട്ട് ചെയ്ത ഒരാളെ പിടികൂടി. പള്ളുരുത്തി ഹിദായത്തിൽ ഇസ്ലാം പബ്ലിക് സ്കൂളിലെ ബൂത്തിലാണു കള്ള വോട്ട് നടന്നത്.
പുതുക്കലവട്ടം, നമ്പ്യാപുരം ഡിവിഷനുകളിൽ കള്ളവോട്ട് നടന്നതായി യുഡിഎഫ് ആരോപിച്ചു. അശോക വേൾഡ് സ്കൂളിലെ മൂന്നാം നമ്പർ ബൂത്തിൽ കള്ളവോട്ട് രേഖപ്പെടുത്തിയതായാണ് യുഡിഎഫ് ആരോപണം.
ഉച്ചയ്ക്കു ശേഷം ആളൊഴിഞ്ഞ്
പശ്ചിമ കൊച്ചിയിലെ ഡിവിഷനുകളിൽ പലതിലും 65 ശതമാനം മുതൽ 75 ശതമാനം വരെയാണ് പോളിങ് നടന്നത്.
രാവിലെ മുതൽ ഉച്ച വരെ പലയിടത്തും നല്ല രീതിയിൽ പോളിങ് നടന്നെങ്കിലും പിന്നീടു 3 വരെ കാര്യമായി നടന്നില്ല. പോളിങ്ങിന്റെ അവസാന മണിക്കൂറിലും വോട്ടർമാർ കുറവായിരുന്നു.
പല ബൂത്തുകളും ആളൊഴിഞ്ഞ നിലയിലായിരുന്നു. സാധാരണ 6 മണിക്കു പോളിങ് സമയം കഴിഞ്ഞ ശേഷവും ബൂത്തുകളിൽ വോട്ടർമാരുടെ നിര ഉണ്ടാകുമെങ്കിലും ഇക്കുറി ഭൂരിഭാഗം ബൂത്തുകളിലും അത്തരം സാഹചര്യം ഇല്ലായിരുന്നു.
ചില ബൂത്തുകളിൽ വോട്ടെടുപ്പു തുടങ്ങിയപ്പോൾ സാങ്കേതിക തകരാറുകൾ ഉണ്ടായെങ്കിലും പരിഹരിച്ചു. തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്തിൽ യന്ത്രം പണി മുടക്കിയതിനെ തുടർന്ന് അര മണിക്കൂർ പോളിങ് തടസ്സപ്പെട്ടു.
പനയപ്പിള്ളി എംഎംഒവിഎച്ച്എസ് ബൂത്തിലും അര മണിക്കൂർ പോളിങ് മുടങ്ങി. കെ.ജെ.മാക്സി എംഎൽഎ തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലും സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് മുണ്ടംവേലി സാന്താ മരിയ സ്കൂളിലും വോട്ട് രേഖപ്പെടുത്തി.
തുരുത്തിന്റെ വോട്ട് തുരുത്തിനു പുറത്ത്
മഹാനഗരത്തിന്റെ സ്വന്തം തുരുത്തുകളായ താന്തോണിത്തുരുത്തിലും രാമൻ തുരുത്തിലും ഇക്കുറി പോളിങ് ബൂത്ത് ഇല്ലായിരുന്നു.
താന്തോണിത്തുരുത്തു നിവാസികൾക്കായി രണ്ടു പോളിങ് ബൂത്തുകൾ ഒരുക്കിയതു പച്ചാളത്തെ എൽഎംസിജിഎച്ച്എസിൽ. തിരക്കു കുറഞ്ഞ്, തീർത്തും ശാന്തമായിരുന്നു ഇരു ബൂത്തുകളും.
തുരുത്തിൽ നിന്നു ബോട്ടിൽ മറുകരയിൽ എത്തിയാണു പലരും ഇവിടെ വോട്ടു ചെയ്തത്. ആകെ 170 വോട്ടർമാരുള്ള താന്തോണിത്തുരുത്തിൽ പോളിങ് ബൂത്ത് അനുവദിക്കാത്തതിൽ നാട്ടുകാർക്ക് ശക്തമായ പ്രതിഷേധമുണ്ട്.
11 വോട്ടർമാരുള്ള രാമൻ തുരുത്തിലുംഇത്തവണ പോളിങ് ബൂത്ത് ഉണ്ടായിരുന്നില്ല. ഫോർട്ട്കൊച്ചി സെന്റ് ജോൺ ഡി ബ്രിട്ടോസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ എത്തിയാണ് ഇവർ വോട്ടു ചെയ്തത്.
ബോട്ടു കയറി, ബസ് കയറി വോട്ടു ചെയ്യാനായി ഒരു യാത്ര! …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

