യുവതാരം ഹൃദു ഹറൂൺ നായകനാകുന്ന പുതിയ തമിഴ് ചിത്രമായ ‘ടെക്സാസ് ടൈഗർ’ എന്ന സിനിമയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘ടൈഗേറിയൻസ് റോർ’ എന്നുതുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
കെലിത്തീ, തമിഴ് ആദവൻ, ആ പാ രാജ എന്നിവരുടെ വരികൾക്ക് ഓഷോ വെങ്കട് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് കെലിത്തീയും തമിഴ് ആദവനും ചേർന്നാണ്.
ലോകപ്രശസ്തമായ കാൻ ചലച്ചിത്രോത്സവത്തിൽ പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’, ‘മുറ’, ‘ഡ്യൂഡ്’, ‘തഗ്സ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹൃദു ഹറൂൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ടെക്സാസ് ടൈഗർ’. സംവിധായകൻ സെൽവ കുമാർ തിരുമാരൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.
സെൽവ കുമാർ തിരുമാരൻ മുൻപ് സംവിധാനം ചെയ്ത ‘ഫാമിലി പടം’ എന്ന ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ വലിയ പ്രശംസ നേടിയിരുന്നു. നർമ്മത്തിനും വികാരങ്ങൾക്കും പ്രാധാന്യം നൽകിയായിരുന്നു ആ ചിത്രം ഒരുക്കിയത്.
യുകെ സ്ക്വാഡിന്റെ ബാനറിൽ ‘ഫാമിലി പടം’ നിർമ്മിച്ചവർ തന്നെയാണ് ഈ പുതിയ ചിത്രത്തിന്റെയും നിർമ്മാണം നിർവ്വഹിക്കുന്നത്. സുജിത്ത്, ബാലാജി കുമാർ, പാർത്തി കുമാർ, സെൽവ കുമാർ തിരുമാരൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
നിലവിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അന്തിമ ഘട്ടത്തിൽ പുരോഗമിക്കുകയാണ്. ഈ വർഷം തന്നെ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

