തൃശൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിനും വോട്ടെണ്ണലിനുമുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി കലക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. ആകെ 111 തദ്ദേശ സ്ഥാപനങ്ങളിലെ 2204 വാർഡുകളിലേക്ക് 9284 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
ഇതിൽ 3881 സ്ത്രീകളും 3403 പുരുഷന്മാരുമുണ്ട്. അന്തിമ വോട്ടർപട്ടിക പ്രകാരം ജില്ലയിൽ 27.36 ലക്ഷം (27,36,817) വോട്ടർമാരുണ്ടെന്നും ഇതിൽ 54,204 പേർ കന്നി വോട്ടർമാരാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർ പറഞ്ഞു.
ആകെ വോട്ടർമാരിൽ 14,59,670 പേർ സ്ത്രീകളും 12,77,120 പേർ പുരുഷന്മാരുമാണ്. 27 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട്.
280 പ്രവാസി വോട്ടർമാരും.
ജില്ലയിൽ ആകെ 3282 പോളിങ് കേന്ദ്രങ്ങളാണ് സജ്ജീകരിക്കുന്നത്. ഇതിൽ 81 കേന്ദ്രങ്ങൾ പ്രശ്നബാധിത സാധ്യതയുള്ള സ്ഥലങ്ങളാണ്.
ഇവിടെ വെബ് കാസ്റ്റിങ് സംവിധാനമൊരുക്കുമെന്നും കൺട്രോൾ റൂം കലക്ടറേറ്റിൽ പ്രവർത്തിക്കുമെന്നും കലക്ടർ പറഞ്ഞു. 3282 പ്രിസൈഡിങ് ഓഫിസർമാർ, 3282 ഫസ്റ്റ് പോളിങ് ഓഫിസർമാർ, 6564 പോളിങ് ഓഫിസർ എന്നിവരടക്കം ആകെ 15,753 ഉദ്യോഗസ്ഥരെ പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
20% ഉദ്യോഗസ്ഥരെ റിസർവ് ആയും നിയമിച്ചു. 4757 പൊലീസ് ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ജോലികൾക്കായി വിന്യസിച്ചിട്ടുണ്ട്.
ജില്ലയിൽ ആകെ 24 വോട്ടിങ് യന്ത്ര വിതരണ/സ്വീകരണ കേന്ദ്രങ്ങളുണ്ടാകും.
13,158 ബാലറ്റ് യൂണിറ്റുകളും 4,572 കൺട്രോൾ യൂണിറ്റുകളും (25% റിസർവ്) ഉൾപ്പെടെയാണ് പോളിങ്ങിന് ഉപയോഗിക്കുന്നത്. ഏതെങ്കിലും യന്ത്രങ്ങൾക്കു തകരാർ സംഭവിച്ചാൽ പകരം അതത് സെക്ടർ ഓഫിസർമാർ വഴി റിസർവ് യന്ത്രങ്ങളെത്തിക്കും.
സെക്ടർ ഓഫിസർമാരുടെ ചുമതലയിൽ 20 പോളിങ് കേന്ദ്രങ്ങൾ ഉൾപ്പെടുത്തി 214 സെക്ടറുകൾ രൂപീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. നാളെ രാവിലെ 7 മുതൽ 6 വരെയാണ് വോട്ടെടുപ്പ് സമയം.
വൈകിട്ട് 6 വരെ വരിയിലുള്ള എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം നൽകും. 25 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 13ന് രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിക്കും. ഇന്നു രാവിലെ 7 മുതൽ 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ 13നും പൂർണമായും ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു.
അവധി ഇങ്ങനെ
പോളിങ് കേന്ദ്രവും പോളിങ് യന്ത്രങ്ങളുടെ വിതരണ/സ്വീകരണ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
വോട്ടെടുപ്പ് ദിനമായ നാളെ ജില്ലയിലെ എല്ലാ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 12ന് സ്ട്രോങ് റൂം/വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

