കണ്ണൂർ ∙ ഇടതുമുന്നണിക്കു തുടർഭരണം ലഭിച്ചില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇപ്പോൾ കാണുന്ന വികസനം ഉണ്ടാകുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർഭരണം സമ്മാനിച്ച ജനങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള നിരാശയ്ക്ക് ഇടയാക്കുന്ന ഒരു കാര്യവും ഉണ്ടായിട്ടില്ല.
നമ്മുടെ നാട് ഓരോ ഘട്ടത്തിലുമുണ്ടാക്കിയ നേട്ടങ്ങൾ നിലനിർത്തുന്നതിനൊപ്പം ലോകത്തിന്റെ മാറ്റത്തിനനുസരിച്ചു മുന്നോട്ടുപോകാൻ സാധിക്കുന്ന സംസ്ഥാനമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുമുന്നണിയുടെ കണ്ണൂർ കോർപറേഷൻ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് പൊതുയോഗമായിരുന്നെങ്കിലും കൂടുതൽ രാഷ്ട്രീയം പറയാതെ, വികസനനേട്ടത്തിനായിരുന്നു ഒരു മണിക്കൂർ പ്രസംഗത്തിൽ മുഖ്യമന്ത്രി ഊന്നൽ നൽകിയത്.
പ്രസംഗത്തിന്റെ ഒടുവിൽ മാത്രമാണു കോർപറേഷനിലെ വികസനമുരടിപ്പ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്തു വലിയ തോതിലുള്ള മാറ്റങ്ങൾക്കാണു കഴിഞ്ഞ 9 വർഷം സാക്ഷ്യം വഹിച്ചത്. പശ്ചാത്തല സൗകര്യ വികസനം പിറകിലായിരുന്നു.
ഇപ്പോൾ 44,000 കോടി രൂപ പശ്ചാത്തല സൗകര്യ വികസനത്തിനായി ചെലവിട്ടു. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 45 രൂപയിൽ തുടങ്ങിയ ക്ഷേമപെൻഷൻ വിതരണം ഇപ്പോൾ 2000 രൂപയിലെത്തി.
ഇതൊക്കെ തുടർഭരണത്തിന്റെ ഭാഗമായി സംഭവിച്ചതാണ്.
2016ൽ ആദ്യ മന്ത്രിസഭായോഗം ചേരുമ്പോൾ ക്ഷേമപെൻഷൻ കുടിശിക 18 മാസത്തേതായിരുന്നു. 600 രൂപയായിരുന്നു അന്നത്തെ പെൻഷൻ.
ആ കുടിശിക കൊടുത്തുതീർത്തശേഷം പെൻഷൻ വർധിപ്പിച്ചു. 2021ൽ 1600 രൂപയിലെത്തി.
ഇപ്പോൾ 2000 രൂപയിലും. 2021ൽ യുഡിഎഫ് ആയിരുന്നു അധികാരത്തിലെത്തിയിരുന്നതെങ്കിൽ 1600 രൂപ പോലും കിട്ടുമായിരുന്നില്ല.
നാടിന്റെ പൊതുവായ സാഹചര്യത്തിൽ വരുന്ന മാറ്റമാണിത്. മറ്റ് ആനുകൂല്യങ്ങളില്ലാത്ത വീട്ടമ്മമാർക്ക് ഉടൻ തന്നെ 1000 രൂപ വീതം ഓരോ മാസവും ലഭിക്കും.
ഈ പണം നാടിന്റെ വികസനത്തിനായി ചെലവിടുമ്പോൾ പൊതുവായ സാമൂഹിക അന്തരീക്ഷം മെച്ചപ്പെടും. പൊതുവിതരണം ശക്തിപ്പെടുത്താൻ 15,000 കോടി രൂപയാണു ചെലവിട്ടത്.
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായf- മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.പി.പ്രശാന്ത് അധ്യക്ഷനായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം എം.പ്രകാശൻ, ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, കെ.പി.സഹദേവൻ, സിപിഐ അസി.സെക്രട്ടറി സത്യൻ മൊകേരി, ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് പി.പി.ദിവാകരൻ, ആർജെഡി ജില്ലാ പ്രസിഡന്റ് വി.കെ.ഗിരിജൻ, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.രവീന്ദ്രൻ, കേരള കോൺഗ്രസ് നേതാവ് മാത്യു കുന്നപ്പള്ളി, ഐഎൻഎൽ സംസ്ഥാന ട്രഷറർ ബി.ഹംസ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.
കോർപറേഷനിലെ 56 സ്ഥാനാർഥികൾ റാലിയിൽ അണിനിരന്നു.
‘തിരഞ്ഞെടുപ്പ് ദിവസം അവധി നൽകണം’
കണ്ണൂർ ∙ തിരഞ്ഞെടുപ്പ് ദിവസം ജില്ലയിലെ കട, വ്യാപാര, വാണിജ്യ, ഐടി സ്ഥാപനങ്ങൾ, പ്ലാന്റേഷനുകൾ എന്നിവയിൽ ജോലി ചെയ്യുന്ന സമ്മതിദാന അവകാശമുള്ള ജീവനക്കാർക്കു വോട്ട് രേഖപ്പെടുത്തുന്നതിനു തൊഴിലുടമകൾ വേതനത്തോടുകൂടിയ അവധി നൽകേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫിസർ(എൻഫോഴ്സ്മെന്റ്) ജി.ജയേഷ് അറിയിച്ചു. അതേസമയം, അവധി അനുവദിക്കുന്നത് തൊഴിലിന് ആപത്കരമായ സാഹചര്യമുണ്ടാക്കാൻ ഇടയാക്കിയാൽ വോട്ട് രേഖപ്പെടുത്തുന്നതിനു പ്രത്യേക അനുമതി നൽകണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

