ന്യൂഡൽഹി∙ 6 മാസത്തിന്റെ ഇടവേളയ്ക്കു ശേഷം റിസർവ് ബാങ്ക് പണനയസമിതി (എംപിസി) അടിസ്ഥാനപലിശനിരക്കിൽ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി. റിപ്പോ നിരക്ക് 5.25 ശതമാനമായതിനാൽ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിൽ കുറവുണ്ടാകും.
വായ്പകളുടെ പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവു കാലയളവോ കുറയാം.
പുതിയ സ്ഥിരനിക്ഷേപങ്ങളുടെ പലിശയും ഇതിന് ആനുപാതികമായി കുറഞ്ഞേക്കും. പുതിയ നിക്ഷേപങ്ങൾക്കോ നിലവിലുള്ളതിന്റെ കാലാവധി തീരുമ്പോൾ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതിയ പലിശനിരക്ക് ബാധകമാകുന്നത്.
അടുത്ത എംപിസി യോഗം ഫെബ്രുവരി 4–6 തീയതികളിലാണ്.
2025 ഫെബ്രുവരി, ഏപ്രിൽ, ജൂൺ, ഡിസംബർ എംപിസി യോഗങ്ങളിലായി ആകെ 1.25 ശതമാനമാണ് പലിശ കുറച്ചത്. പലിശനിരക്ക് കുറയ്ക്കാനുള്ള ആറംഗ എംപിസിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു.
സാഹചര്യങ്ങൾക്കനുസരിച്ച് പലിശ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാൻ എംപിസിക്ക് സ്വാതന്ത്ര്യം നൽകുന്ന ന്യൂട്രൽ സ്റ്റാൻസ് തുടരും.
ആദ്യ 2 പാദങ്ങളിലും വളർച്ചയിൽ വൻകുതിപ്പുണ്ടായെങ്കിലും അടുത്ത 2 പാദങ്ങളിൽ അത്രയും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ആർബിഐ ചൂണ്ടിക്കാട്ടുന്നത്. വിലക്കയറ്റത്തോത് അസാധാരണമായവിധം കുറഞ്ഞതിനാലാണ് വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനായി പലിശ കുറയ്ക്കാൻ കഴിഞ്ഞത്.
വരുന്ന എംപിസി യോഗങ്ങളിൽ നിരക്ക് വീണ്ടും കുറയുമോയെന്ന ചോദ്യത്തിന്, ഇതുവരെയുള്ള പലിശയിളവ് കൃത്യമായി ജനങ്ങളിലേക്കെത്തട്ടെ എന്നായിരുന്നു ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ പ്രതികരണം.
ബാങ്കിങ് പരാതിപരിഹാര സംവിധാനമായ ആർബിഐ ഓംബുഡ്സ്മാന്റെ പക്കൽ ഒരു മാസത്തിലേറെയായി തീരുമാനമെടുക്കാതെ കിടക്കുന്ന പരാതികൾ പരിഹരിക്കാൻ ജനുവരി 1 മുതൽ 2 മാസത്തെ ക്യാംപെയ്ൻ നടത്തും.
രൂപയുടെ മൂല്യം നിശ്ചിത തോതിലായിരിക്കണമെന്ന് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നില്ലെന്ന് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ഫെബ്രുവരിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 88 വരെ ഉയർന്നെങ്കിലും 3 മാസത്തിനകം 84 ആയി കുറഞ്ഞു.
അസ്വാഭാവികമായ വ്യതിയാനം സംഭവിക്കുമ്പോഴാണ് ആർബിഐ ഇടപെടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
1.44 ലക്ഷം കോടി രൂപ ബാങ്കിങ് സംവിധാനത്തിലേക്ക്
പണലഭ്യതവർധിപ്പിക്കാനായി റിസർവ് ബാങ്ക് 1.44 ലക്ഷം കോടി രൂപ കൂടി ബാങ്കിങ് സംവിധാനത്തിലേക്ക് ഇറക്കുന്നു. പണലഭ്യത ഉയരുന്നതുവഴി വായ്പാലഭ്യതയും കൂടും.
ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ (ഒഎംഒ) വഴിയാണ് ഇതിൽ ഒരു ലക്ഷം കോടി രൂപ എത്തുന്നത്.
2 തവണയായി ഒരു ലക്ഷം കോടി രൂപയുടെ സർക്കാർ സെക്യൂരിറ്റികൾ ബാങ്കുകളിൽ നിന്ന് ആർബിഐ വാങ്ങും. 11,18 തീയതികളിലായിരിക്കും ഈ വാങ്ങൽ.
ഡോളർ–രൂപ മാറ്റിയെടുക്കൽ (സ്വാപ്) ലേലം വഴി ഏകദേശം 44,000 കോടി രൂപയും ബാങ്കിങ് സംവിധാനത്തിലേക്ക് കൊണ്ടുവരും. ബാങ്കുകളിൽ നിന്ന് ഡോളർ വാങ്ങി, പകരം ആർബിഐ രൂപ നൽകും.
3 വർഷം കാലാവധിക്കു ശേഷം ഈ ഡോളർ, ബാങ്കുകൾ തിരികെ വാങ്ങും.
ജിഡിപി അനുമാനം ഉയർത്തി
നടപ്പുസാമ്പത്തികവർഷത്തെ രാജ്യത്തിന്റെ ജിഡിപി വളർച്ചനിരക്ക് സംബന്ധിച്ച അനുമാനം ആർബിഐ 7.3 ശതമാനമായി ഉയർത്തി. മുൻ അനുമാനം 6.8 ശതമാനമായിരുന്നു. വിലക്കയറ്റത്തോത് സംബന്ധിച്ച അനുമാനം 2 ശതമാനമാക്കി കുറച്ചു.
മുൻപിത് 2.6 ശതമാനമായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

