ശബരിമല ∙ പുല്ലുമേട് വഴി എത്തുന്ന തീർഥാടകർക്കായി കെഎസ്ആർടിസി വണ്ടിപ്പെരിയാർ– സത്രം റൂട്ടിൽ ചെയിൻ സർവീസ് തുടങ്ങി. രാവിലെ 5.30ന് കുമളിയിൽ നിന്നാണ് ആദ്യ ട്രിപ് പുറപ്പെടുന്നത്.
പിന്നീട് വണ്ടിപ്പെരിയാർ– സത്രം റൂട്ടിൽ പ്രതിദിനം 16 ട്രിപ് സർവീസ് ഉണ്ടാകും. കോട്ടയം – കുമളി ദേശീയ പാതയിൽ വണ്ടിപ്പെരിയാർ സ്റ്റാൻഡിൽ നിന്നാണു സത്രം ബസ് പുറപ്പെടുന്നത്.
തേയില തോട്ടങ്ങൾക്ക് ഇടയിലൂടെയുള്ള 16 കിലോമീറ്റർ ദൂരമുണ്ട്. വീതി കുറഞ്ഞ പാതയാണ്.
ഹെയർപിൻ വളവുകളും ഉണ്ട്. സത്രത്തിൽ എത്താൻ 40 മിനിറ്റ് എടുക്കും.
33 രൂപയാണ് നിരക്ക്. സത്രത്തിൽ നിന്ന് തിരികെ വണ്ടിപ്പെരിയാറിലേക്കുള്ള അവസാന ബസ് വൈകിട്ട് 6ന്.
വണ്ടിപ്പെരിയാർ – സത്രം റൂട്ടിൽ സ്വകാര്യ ജീപ്പുകളും ട്രിപ്പടിക്കുന്നുണ്ട്.
ഒരാൾക്ക് 100 രൂപയാണ് ഈടാക്കുന്നത്. സത്രം വരെ ഓട്ടം വിളിച്ചാൽ 1000 രൂപയാണ് ഈടാക്കുന്നത്.
സത്രത്തിൽ നിന്നു പുല്ലുമേട് വഴി സന്നിധാനത്തേക്ക് തീർഥാടകരെ കടത്തിവിടുന്നത് രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ്. ഒന്നിനു ശേഷം സത്രത്തിൽ എത്തുന്നവർക്ക് പിറ്റേദിവസം രാവിലെ മാത്രമേ സന്നിധാനത്തേക്ക് പോകാൻ പറ്റു.
സത്രത്തിൽ ദേവസ്വം ബോർഡിന്റെ സുബ്രഹ്മണ്യ ക്ഷേത്രമുണ്ട്. ഇവിടെ തീർഥാടകർക്ക് രാത്രി വിശ്രമിക്കാൻ സൗകര്യമുണ്ട്.
ദേവസ്വം ബോർഡ് ഇവിടെ സ്പോട് ബുക്കിങ് കൗണ്ടർ തുറന്നിട്ടുണ്ട്. വെർച്വൽ ക്യൂ ഇല്ലാത്തവർ സ്പോട് ബുക്കിങ് എടുക്കണം.
ഇതുള്ളവർക്കാണു പുല്ലുമേട് വഴി ശബരിമലയ്ക്കു പോകാൻ പാസ് നൽകുന്നത്.
മനസ്സുനിറയ്ക്കുന്ന ഒട്ടേറെ കാഴ്ചകളുണ്ട് പുല്ലുമേട് പാതയിൽ. മേഘച്ചാർത്തുകൾക്ക് ഇടയിൽ നിന്നു സൂര്യകിരണങ്ങൾ പുറത്തേക്കു വീശിപ്പടരുന്ന കാഴ്ച.
വഴിയുടെ മധ്യഭാഗത്താണ് പുല്ലുമേട്. കാട്ടാനയും കാട്ടുപോത്തും കടുവയും കരടിയും സ്വൈരവിഹാരം നടത്തുന്ന മലനിരകൾ.
എങ്ങോട്ടു നോക്കിയാലും പച്ചപ്പുല്ല്. അതിനുമപ്പുറം കൊടും പച്ചക്കാട്.
ആ മലനിരകളാണ് ഏറ്റവും വലിയ ആകർഷണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

