‘ആർക്കു വോട്ട് ചെയ്യണമെന്ന് ടെൻഷനാ മോനേ…
ഇഷ്ടോള്ള പാർട്ടിക്ക് ചെയ്യണമെന്ന് കരുതിയാ അപ്പുറത്തു നിൽക്കുന്നത് നമുക്ക് അറിയാവുന്നോരാ. എന്നും കാണുന്നോരോ ബന്ധുക്കളോ ഒക്കെയാ.
സ്ഥാനാർഥിക്കു വന്ന് വോട്ടും ചോദിച്ച് ചിരിച്ചുപോയാൽ മതി. നമ്മക്കാണ് ടെൻഷൻ..’– ഞങ്ങളോട് സംസാരിക്കുന്നതിനിടെ പുതുപ്പറമ്പിൽ വിജയമ്മയുടെ മുഖത്ത് ഒരു കുസൃതിച്ചിരി വിടർന്നു.
മുറ്റമടിക്കാൻ ഇറങ്ങിയതാണ് 80 വയസ്സുള്ള വിജയമ്മ.
കൂട്ടുകാരി മഞ്ഞപ്പള്ളിക്കുന്നേൽ അന്നമ്മയെ കണ്ടപ്പോൾ റോഡിലെത്തി. ഇപ്പോൾ കഥക പറഞ്ഞു റോഡരിക് അടിച്ചുവാരുന്നു.
അതിജീവനത്തിന്റെയും അവകാശ സംരക്ഷണ പോരാട്ടങ്ങളുടെയും സമരഭൂമിയായ കിഴക്കൻ മലയോരത്തെ വോട്ടുകാഴ്ചകൾ കാണാൻ മലയാള മനോരമ സംഘം നടത്തിയ ‘മോട്ടോർ സൈക്കിൾ യാത്ര’യിലാണ് ഏഞ്ചൽവാലിക്ക് സമീപം ഇരുവരെയും കണ്ടത്.
ഏഞ്ചൽവാലി– പമ്പാവാലി, സമയം രാവിലെ 11
ഏഞ്ചൽവാലി– പമ്പാവാലി റോഡിൽനിന്ന് കൈപ്പാടകലെയായി പമ്പാനദി. അക്കരെത്തീരത്തെ പച്ചപ്പുൽത്തിട്ടകൾക്കു മീതെയായിരുന്നു അപ്പോൾ വെയിൽ.
പെരിയാർ ടൈഗർ റിസർവിന്റെ ബഫർസോൺ ഉയർത്തുന്ന ആശങ്കയുടെ നിഴലിലാണ് നാട്. മേഖലയെ പരിസ്ഥിതി ലോല പ്രദേശമാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ നിയമപോരാട്ടം നടക്കുന്നു.
2022ൽ വനംവകുപ്പ് ഓഫിസ് ഉപരോധത്തിൽ ചാർത്തപ്പെട്ട കേസുകളിൽ കോടതികളിൽ കയറിയിറങ്ങുന്നവരെയും ഇരുഗ്രാമങ്ങളിലും കണ്ടു.
കാതടപ്പിക്കുന്ന അനൗൺസ്മെന്റുമായി ഏഞ്ചൽവാലി അങ്ങാടിയിലേക്കു വന്ന വണ്ടി സമീപത്തെ കുന്നു കയറി, റബർ മരങ്ങൾക്കിടയിൽ മറഞ്ഞു. ഒരൊറ്റ പോസ്റ്റർ പോലും വണ്ടിയിൽ പതിച്ചിട്ടില്ല.
കാരണം ശബ്ദമാണ് ‘മെയിൻ’. ചുറ്റുമുള്ള മലകളിലും അതിനുമപ്പുറത്തുള്ള കൃഷിയിടങ്ങളിലെ വോട്ടർമാർ കേൾക്കണം. കേട്ടുകേട്ട് വോട്ടുകുത്താൻ എത്തുമ്പോൾ പേരുകൾ ഓർക്കണം.
അതിനാണ് അത്യുച്ചത്തിലുള്ള അനൗൺസ്മെന്റ്. പമ്പാവാലി അങ്ങാടിയിലെ കടകളെല്ലാം അടഞ്ഞുകിടക്കുന്നു.
വാങ്ങാനാളില്ലാത്തതിനാൽ പലതും ഇപ്പോൾ തുറക്കാറില്ലത്രേ. ‘നിർബന്ധിത കർഷക കുടിയിറക്കം അവസാനിപ്പിക്കുക’ എന്നാവശ്യപ്പെടുന്ന പോസ്റ്ററുകൾ ചിലയിടങ്ങളിൽ പതിച്ചിട്ടുണ്ട്.
ബാങ്കുകൾ ഇപ്പോൾ വായ്പ അനുവദിക്കുന്നില്ലെന്നും കുരങ്ങും മലയണ്ണാനുമാണ് തങ്ങളെ വിടാതെ ദ്രോഹിക്കുന്നതെന്നുമാണ് കർഷകർ പറയുന്നത്. റബറിൽ മാത്രമാണ് അവരുടെ പ്രതീക്ഷ.
കാരണം അതിന്റെ പാലുമാത്രം ഒരു ജീവിക്കും വേണ്ട.ഇനി കോരുത്തോടു വഴി കൊമ്പുകുത്തിയിലെത്തണം.
കൊമ്പുകുത്തി
ആനക്കൊമ്പുകൾക്കിടയിൽ അകപ്പെട്ടുപോയ ഒരുപറ്റം മനുഷ്യരുടെ നാട്, അതാണ് കൊമ്പുകുത്തി. കോടമഞ്ഞിനും കാടിന്റെ പച്ചിലച്ചാർത്തിനും മറവിൽ പതിയിരിക്കുന്ന കാട്ടാനകളുള്ള കാട്.
അതു മറികടന്നു വേണം ഗ്രാമത്തിലെത്താൻ. ഉച്ചയ്ക്ക് 2 ആയപ്പോഴാണ് ഞങ്ങൾ കാടിനുള്ളിലേക്ക് പ്രവേശിച്ചത്.
വന്യമായ നിശ്ശബ്ദത. നല്ല റോഡാണ്.
എങ്കിലും ഇരുവശത്തും നോക്കി ആനയില്ലെന്ന് ഉറപ്പാക്കിയായിരുന്നു യാത്ര. ജില്ലയിലെ ഏക ട്രൈബൽ ഹൈസ്കൂളിലേക്കുള്ള കുട്ടികളും ഈ കാട്ടിലൂടെയാണ് സഞ്ചരിക്കേണ്ടതെന്ന് പിന്നീടാണ് അറിഞ്ഞത്, ഉള്ളിൽ ഭയം നിറഞ്ഞു.
കാട്ടാനശല്യം രൂക്ഷമായതോടെ കർഷകരിൽ വലിയൊരു വിഭാഗം കൃഷിയിടം ഉപേക്ഷിച്ച് മലയിറങ്ങി. മറ്റുള്ളവരുടെ പറമ്പിൽ റബർ വെട്ടിയും കൂലിപ്പണി ചെയ്തുമാണ് പലരും ഇപ്പോൾ ജീവിക്കുന്നത്.
20 വീടുകളുണ്ടായിരുന്ന മലകളിൽ ആളുള്ളത് പത്തിൽ താഴെ വീടുകളിൽ മാത്രമാണ്. എങ്കിലും വോട്ട് ചെയ്യാനായി എല്ലാവരും എത്തുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർഥികൾ.
രാവിലെ 7, 9, ഉച്ചകഴിഞ്ഞ് 3, 6 എന്നീ സമയത്താണ് ഇവിടേക്കു ബസുള്ളത്. വൈകിട്ട് 6 കഴിഞ്ഞാൽ അത്യാവശ്യത്തിനു പോലും വാഹനമില്ല.
ആനയിറങ്ങുന്ന വഴിയായതിനാൽ ഓട്ടോക്കാരും വരില്ല. 3നുള്ള ബസ് പിടിക്കാനായി രണ്ടിനേ കാത്തിരിപ്പു തുടങ്ങിയ കുട്ടികൾ ജനവാസ മേഖലയ്ക്ക് സമീപത്തെ ആനത്താര ഞങ്ങൾക്ക് കാട്ടിത്തന്നു.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച വൈദ്യുതവേലി തകർന്ന് മണ്ണിൽ കിടപ്പുണ്ട്. ആനയെ കാട്ടിൽ നിർത്താനായി കോടികൾ ചെലവഴിച്ച് നിർമിച്ച വലിയ കിടങ്ങിലേക്ക് റോഡിൽ നിന്ന് 700 മീറ്റർ മാത്രമാണ് ദൂരം.
പലയിടങ്ങളിലും കിടങ്ങ് ഇടിക്കാനുള്ള ശ്രമം ആന തുടങ്ങിയെന്നു നാട്ടുകാർ പറഞ്ഞു. ദൂരെ മലകളിൽ മഴ വീണുതുടങ്ങി.
അതിന്റെ മുഴക്കം ഞങ്ങൾക്കും കേൾക്കാം. മഴ വീഴുന്നതിനും മുൻപേ കാടിറങ്ങണം.
കൂട്ടിക്കലിലേക്ക് എത്തണം.
കൂട്ടിക്കൽ
ഉരുൾപൊട്ടൽ ദുരിതത്തിന് ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിനാണ് കൂട്ടിക്കൽ ഒരുങ്ങുന്നത്. എന്നാൽ ആവേശം ലവലേശമില്ല. ദുരിതത്തിന് പിന്നാലെ വലിയൊരു ഭാഗം താമസക്കാർ മലയിറങ്ങി.
സഞ്ചാരികൾ നിലച്ചതോടെ മേഖലയുടെ സാമ്പത്തിക സ്ഥിതി മോശമായി. എപ്പോൾ വേണമെങ്കിലും ഉരുൾപൊട്ടാമെന്ന ആശങ്കയാണ് പ്രദേശത്തുനിന്നുള്ള ഒഴിഞ്ഞു പോകലിന് കാരണമെന്ന് കൂട്ടിക്കലിൽ 25 വർഷത്തിലേറെയായി കട
നടത്തുന്ന മേലംപറമ്പിൽ മോഹനൻ പറഞ്ഞു. വോട്ട് ചോദിച്ച് സ്ഥാനാർഥികൾ എത്തുന്നു എന്നതിനപ്പുറം പ്രചാരണം ഒന്നും കാര്യമായി ഇവിടെ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അൽപം കൂടെ മുൻപോട്ടു പോയി ഏന്തയാറിലെത്തി. അവിടെനിന്ന് കയറ്റം കയറിയാൽ പ്ലാപ്പള്ളിയായി. വഴിയരികിൽ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ കാണാം.
ഉരുളുപൊട്ടിയെത്തിയ കല്ലും ചെളിയും ചേർന്ന് മലഞ്ചെരുവിലേക്ക് എടുത്തെറിഞ്ഞ ഗ്രാമം. ഉപയോഗശൂന്യമായ വീടുകൾ, കൃഷിയിടങ്ങൾ.
ഉരുളുപോയ വഴിയിൽ പച്ചപ്പ് ഇടതൂർന്ന് വളർന്നുതുടങ്ങിയിരിക്കുന്നു. ഉരുൾപൊട്ടൽ ഭീഷണിയിലാണ് ഇപ്പോഴും ജീവിതമെങ്കിലും നാട്ടിലെ രാഷ്ട്രീയ ചർച്ചകളിൽ ആ ദുരിതനാളുകൾ ഓർമിക്കപ്പെടാറില്ലെന്ന് നാട്ടുകാർ പറഞ്ഞു. വൈകിട്ട് 6നു ഞങ്ങൾ അവിടെനിന്ന് തിരിച്ചിറങ്ങാൻ തുടങ്ങി.
മുന്നിൽ ഉയർന്നുനിൽക്കുന്ന വാഗമൺ കുന്നുകളിൽനിന്നു മഞ്ഞ് കൂട്ടിക്കലിലേക്ക് ഒഴുകിയിറങ്ങുകയാണ്. അതാ, അകലെനിന്ന് ഒരു മഴയും പെയ്തു വരുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

