ഇന്തൊനീഷ്യയിൽ ഏകദേശം 250 ഓളം യാത്രക്കാരുമായി സഞ്ചരിച്ച ഫെറിക്ക് തീപിടിച്ച് വൻ ദുരന്തം. രാജ്യത്തെ സുലവേസി ദ്വീപിലെ മകാസറിലേക്ക് യാത്ര തിരിച്ച ഫെറിയിലാണ് ഈ അപകടമുണ്ടായത്.
പ്രാഥമിക വിവരങ്ങൾ പ്രകാരം സംഭവത്തിൽ 5 പേർ ജീവൽവെടിയുകയും 41 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. യാത്ര ആരംഭിച്ച് ഏതാനും മണിക്കൂറുകൾ പിന്നിട്ട
വേളയിലാണ് ഫെറിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഫെറിക്ക് തീപിടിച്ചിരിക്കുന്നു എന്ന വിവരം കാപ്റ്റൻ സന്ദേശത്തിലൂടെ അധികൃതരെ അറിയിക്കുകയായിരുന്നു.
ഇതിന് തൊട്ടുപിന്നാലെ കപ്പലുമായുള്ള ആശയവിനിമയബന്ധം പൂർണ്ണമായും നിലച്ചുപോവുകയായിരുന്നു. നിലവിൽ ഇന്തൊനീഷ്യയിലെ ജാവയിലുള്ള സപുഡി ദ്വീപിന് ഏകദേശം 19 നോട്ടിക്കൽ മൈൽ വടക്കുമായാണ് അപകടത്തിൽപ്പെട്ട
ഫെറി ഉള്ളത്. തീപിടിത്തത്തെ തുടർന്ന് ഫെറി ഏറെക്കുറെ പൂർണ്ണമായ നിലയിൽ മുങ്ങിപ്പോയിട്ടുണ്ട്.
ഈ നിർണായക ഘട്ടത്തിൽ അപകടസ്ഥലത്തിന് തൊട്ടടുത്തായി ഉണ്ടായിരുന്ന മറ്റ് കപ്പലുകളും ചെറുയാനങ്ങളും ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനായി രംഗത്തിറങ്ങി. നിലവിൽ നാല് കപ്പലുകളാണ് ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഫെറിയിൽ തീ പടർന്നുപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലൈഫ് ജാക്കറ്റുകൾ ധരിച്ചുകൊണ്ട് യാത്രക്കാർ ഫെറിയുടെ മറുവശത്തേക്ക് തിങ്ങിനിൽക്കുന്നതും ചിലർ പ്രാണരക്ഷാർഥം വെള്ളത്തിലേക്ക് എടുത്തുചാടുന്നതും പ്രചരിക്കുന്ന വീഡിയോകളിൽ വ്യക്തമാണ്.
അതേസമയം, ഫെറിയിൽ തീപിടിത്തം ഉണ്ടാകാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് ഇനിയും ഔദ്യോഗികമായി വ്യക്തമായിട്ടില്ല. ദുരന്തബാധിത പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ഇപ്പോഴും തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

