കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലും പൂഞ്ഞാറിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ വൻ നാശനഷ്ടം. വ്യാപകമായി വീടുകളിലേക്കും കടകളിലേക്കും റോഡുകളിലേക്കും വെള്ളം ഇരച്ചെത്തുകയായിരുന്നു.
ഇതിനിടെ, ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.സി. ജോർജിന്റെ പൂഞ്ഞാറിലെ വസതിയിലും വെള്ളം കയറി.
തന്റെ വീടിനും ഭാര്യയുടെ ഉടമസ്ഥതയിലുള്ള കടയ്ക്കുമായി ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ:
‘‘40 കൊല്ലമായി ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്.
ഇന്നുവരെ ഇതുപോലൊരു അവസ്ഥ ഉണ്ടായിട്ടില്ല. ഇത്രയും വെള്ളം കയറുന്നത് ആദ്യമായിട്ടാണ്.
ഇന്നലെ പുലർച്ചെ 2 മണിക്കാണ് തൊട്ടടുത്ത് താമസിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥൻ വീട്ടിലെത്തി വാതിലിൽ മുട്ടിയത്. അപ്പോഴാണ് വെള്ളം കയറുന്നുണ്ടെന്ന് അറിഞ്ഞത്.
ഏതാണ്ട് രണ്ടരയോടെ മണിയായതോടെ വീടിനകത്തേയ്ക്കും വെള്ളം കയറി. ഏതാണ്ട് മൂന്നരയടി വെള്ളം വീടിനകത്ത് കയറി.
ഞാനും ഭാര്യ ഉഷയും രണ്ടാമത്തെ മകൻ ഷെയ്നുമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. പെട്ടെന്ന് തന്നെ ഞങ്ങൾ വീടിന്റെ മുകളിലത്തെ നിലയിലേക്ക് മാറി.
വെള്ളം കയറി വീട്ടിലെ ഉപകരണങ്ങൾ പലതും നശിച്ചു. പാത്രങ്ങൾ 2 ഫ്രിജ്, ടിവി തുടങ്ങി നശിക്കാത്തതൊന്നുമില്ല.
പലതും വെള്ളം കയറി നശിച്ചു. വീട്ടിൽ മാത്രം ഏതാണ്ട് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ട്.
2 ഇന്നോവ കാറുകളിലും വെള്ളം കയറി. അതുമാത്രമല്ല, പൂഞ്ഞാറിൽ ഭാര്യ ഉഷ ഒരു സ്ഥാപനം നടത്തുന്നുണ്ട്.
അവിടെയും വെള്ളം കയറി. സാരികളെല്ലാം നശിച്ചുപോയി. പലതും വിലകൂടിയ സാരികളാണ്.
ഏതാണ്ട് 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് നിഗമനം’’– പി.സി.ജോർജ് പറഞ്ഞു. ഇതിലും വലിയ നഷ്ടങ്ങൾ സംഭവിച്ചവരുണ്ടെന്നും അതിനിടയിൽ തന്റെ പ്രശ്നം പറയുന്നതിൽ ന്യായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂഞ്ഞാർ മേഖലയിൽ 213 മിമീ വരെ മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. അർധരാത്രിയോടെ ഈരാറ്റുപേട്ട
മേഖലയിൽ ജലനിരപ്പ് ഉയർന്നുതുടങ്ങിയിരുന്നു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പാലാ വരെയുള്ള റോഡുകളുടെ വിവിധ ഭാഗങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

