തിരുവനന്തപുരം ∙ ഒരു മാസത്തിനിടയിൽ സീബ്ര വര ലംഘിച്ചതിന് ജില്ലയിൽ റജിസ്റ്റർ ചെയ്തത് 641 കേസ്. സീബ്രാ ലൈനുകൾ കേന്ദ്രീകരിച്ച് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ സീബ്ര ലൈൻ ലംഘനത്തിന് കേസെടുത്ത് 2000 രൂപ വീതം പിഴ ചുമത്താനുള്ള നടപടിയാണ് തുടങ്ങിയത്.
കേശവദാസപുരം മുതൽ കിഴക്കേക്കോട്ട വരെയുള്ള സ്ഥലങ്ങളിലായിരുന്നു പരിശോധന.
എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നേരിട്ടാണു പിഴ ചുമത്തുന്നത്.
സീബ്ര ലൈൻ ഉള്ള ഭാഗങ്ങളിൽ വാഹനം സുരക്ഷിതമായ അകലത്തിൽ നിർത്താതിരിക്കുക, സീബ്രാ വരയിൽ യാത്രക്കാർ നിന്നാൽ പോലും വാഹനം നിർത്താതിരിക്കുക, റെഡ് സിഗ്നൽ മറികടക്കുക തുടങ്ങിയവ മുൻനിർത്തിയായിരുന്നു പരിശോധന.
മാഞ്ഞു പോയ സീബ്രാ ലൈൻ വീണ്ടും വരയ്ക്കാനും പുതിയവ വരയ്ക്കാനും പുതിയ സിഗ്നൽ സംവിധാനം ഒരുക്കാനും എൻഫോഴ്സ്മെന്റ് റിപ്പോർട്ട് നൽകി. നഗരത്തിലെ മറ്റു ഭാഗങ്ങളിലും പരിശോധന നടത്തുമെന്ന് തിരുവനന്തപുരം എൻഫോഴ്സമെന്റ് ആർടിഒ വി.എസ്.അജിത് കുമാർ അറിയിച്ചു.
4 സ്ക്വാഡ് ആയാണ് പരിശോധിക്കുന്നത്. ജനുവരി മുതൽ നവംബർ വരെ സംസ്ഥാനത്തെ റോഡ് അപകടങ്ങളിൽ മരിച്ച കാൽനടയാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്.
കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം മുൻനിർത്തി ഹൈക്കോടതി നിർദേശ പ്രകാരം തിരുവനന്തപുരം നഗരപരിധിയിൽ ഉള്ള സീബ്ര ക്രോസിങ്ങുകളിൽ പെഡസ്ട്രിയൻ ക്രോസിങ് ടേബിൾ ടോപ് സംവിധാനം പരിഷ്കരിക്കാനും പ്രധാനപ്പെട്ട സ്കൂളുകൾക്കു മുന്നിലും തിരക്കേറിയ ജംക്ഷനുകളിലും പെലിക്കൻ സിസ്റ്റം നടപ്പാക്കാനുമുള്ള റിപ്പോർട്ട് മോട്ടർ വാഹന വകുപ്പ് സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

