ആലപ്പുഴ ∙ കലോത്സവങ്ങളിൽ മാന്നാറിനൊരു ശൈലിയുണ്ട്– ഗ്രൂപ്പ് ഇനങ്ങളിൽ വളരെ നേരത്തെ പരിശീലനം തുടങ്ങും. നേതൃത്വം നൽകാൻ മുൻ ടീമംഗങ്ങളും അധ്യാപകരുമെത്തും.
കലോത്സവങ്ങളിൽ പുതിയ ഇനങ്ങൾ ചേർക്കുമ്പോൾ അവയിലെ പ്രഗൽഭരെ തേടി കണ്ടുപിടിച്ചു പരിശീലകരാക്കും. ഈ ശൈലിയാണ് മാന്നാർ നായർ സമാജം ബോയ്സ് എച്ച്എസ്എസിനെ ഇത്തവണയും ജില്ലാ സ്കൂൾ കലോത്സവത്തിലെ കിരീടധാരികളാക്കിയത്.
അതും തുടർച്ചയായ 23ാം വർഷം.
കഴിഞ്ഞവർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ 7 സംസ്ഥാന കലോത്സവങ്ങളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ സ്ഥിരം സാന്നിധ്യമാണു മാന്നാർ സ്കൂൾ.
ഇതിൽ മൂന്നു തവണ ഒന്നാം സ്ഥാനം.62 ഇനങ്ങളിൽ 200ലേറെ വിദ്യാർഥികളുമായാണു ജില്ലാ സ്കൂൾ കലോത്സവത്തിനെത്തിയത്. സ്കൂൾ ആകെ നേടിയ 272 പോയിന്റിൽ 220 പോയിന്റും എച്ച്എസ്എസ് വിഭാഗത്തിലാണു നേടിയത്.
ഹയർ സെക്കൻഡറിയിൽ മാത്രം 19 ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി എച്ച്എസ്എസ് വിഭാഗത്തിലെ ചാംപ്യനുമായി. ഗ്രൂപ്പ് ഇനങ്ങളിലാണു കൂടുതൽ നേട്ടങ്ങൾ.
49 ഇനങ്ങളിലാണു സ്കൂൾ എ ഗ്രേഡ് നേടിയത്.
സ്കൂൾ പ്രിൻസിപ്പൽ മനോജ് വിശ്വനാഥന്റെ നേതൃത്വത്തിൽ അധ്യാപകരും പിടിഎയും സ്കൂൾ മാനേജ്മെന്റും ചേർന്നാണു മത്സരങ്ങൾക്കുള്ള ചെലവ് വഹിക്കുന്നത്. 2004ലാണു മനോജ് പ്രിൻസിപ്പലായത്. 1998 മുതൽ ഇതേ സ്കൂളിൽ അധ്യാപകനാണ്.
മാതാവ് അസുഖബാധിതയായി ആശുപത്രിയിലായതിനാൽ മനോജിനു കലോത്സവത്തിനെത്താൻ കഴിയാതിരുന്നതു മാത്രമാണു കുട്ടികൾക്കു നിരാശയായത്.
∙ നാലാം ദിനം വൈകിട്ടു തുടങ്ങിയ കുതിപ്പിന്റെ കരുത്തിൽ ജില്ലാ സ്കൂൾ കലോത്സവത്തിൽ ചേർത്തല ഉപജില്ല (865 പോയിന്റ്) ജേതാക്കൾ. അയൽക്കാരായ തുറവൂർ ഉപജില്ല (827പോയിന്റ്) മൂന്നുദിവസം മുന്നിട്ടു നിന്നെങ്കിലും അവസാന ലാപ്പിൽ പിന്നിലായി.
ആലപ്പുഴ ഉപജില്ലയ്ക്കാണു (811 പോയിന്റ്) മൂന്നാം സ്ഥാനം. തുടർച്ചയായി 5 വർഷം കിരീടം നേടിയ ചേർത്തലയ്ക്കു കഴിഞ്ഞവർഷം കിരീടം നഷ്ടമായിരുന്നു.സ്കൂളുകളിൽ മാന്നാർ നായർ സമാജം ബോയ്സ് എച്ച്എസ്എസ് (277 പോയിന്റ്) ജേതാക്കളായി.
ചേർത്തല മുട്ടം ഹോളി ഫാമിലി എച്ച്എസ്എസ് (207 പോയിന്റ്) രണ്ടാമതും അമ്പലപ്പുഴ ഗവ. മോഡൽ എച്ച്എസ്എസ് (204 പോയിന്റ്) മൂന്നാമതുമെത്തി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ആലപ്പുഴ ഉപജില്ലയും സ്കൂളുകളിൽ മാന്നാർ എൻഎസ് ബോയ്സ് എച്ച്എസ്എസും ഒന്നാമതെത്തി.
ഹൈസ്കൂൾ വിഭാഗത്തിൽ ചേർത്തല ഉപജില്ലയും സ്കൂളുകളിൽ തുറവൂർ ടിഡിഎച്ച്എസ്എസും ഒന്നാമതെത്തി. യുപി വിഭാഗത്തിൽ കായംകുളം ഉപജില്ലയ്ക്കും സ്കൂളുകളിൽ നീർക്കുന്നം എസ്ഡിവി ജിയുപിഎസിനുമാണ് ഒന്നാം സ്ഥാനം.എച്ച്എസ് വിഭാഗം അറബിക് കലോത്സവത്തിൽ കായംകുളം ഉപജില്ലയും വീയപുരം ഗവ.
എച്ച്എസും ഒന്നാമതെത്തി. യുപി അറബിക് കലോത്സവത്തിൽ അമ്പലപ്പുഴ ഉപജില്ലയും തുറവൂർ നദ്വത്തുനഗർ എൻഐയുപിഎസും ജേതാക്കളായി.
എച്ച്എസ് സംസ്കൃത കലോത്സവത്തിൽ മാവേലിക്കര ഉപജില്ലയും നെടുമുടി എൻഎസ് എച്ച്എസ്എസും ജേതാക്കളായപ്പോൾ യുപി വിഭാഗത്തിൽ ചേർത്തല ഉപജില്ലയും മണ്ണാറശാല യുപിഎസും ജേതാക്കളായി.സമാപന സമ്മേളനം ഉദ്ഘാടനവും വിജയികൾക്കു ട്രോഫി സമ്മാനിക്കലും എഡിഎം ആശ സി.ഏബ്രഹാം നിർവഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്.ശ്രീലത അധ്യക്ഷത വഹിച്ചു.
മൂകാഭിനയ വേദിമൂകമായി ശബ്ദസംവിധാനം
മൂകാഭിനയ വേദിയിൽ മൂകമായി ശബ്ദ സംവിധാനം; വേദിയിൽ മത്സരം തുടങ്ങിയപ്പോൾ തന്നെ നിർത്തേണ്ടി വന്നു. പശ്ചാത്തല സംഗീതം കേൾക്കാനാകാതെ വന്നതോടെയാണ് രണ്ടാമത് വേദിയിലെത്തിയ ടീം പരിപാടി നിർത്തിയത്.
ശബ്ദ സംവിധാനം ശരിയാക്കിയ ശേഷം മത്സരം തുടർന്നു. ഇതേ പ്രശ്നം പിന്നെയും രണ്ടു തവണ കൂടി ആവർത്തിച്ചു.
പിന്നാലെ മറ്റു മത്സരാർഥികളും ഇതേ പരാതി ഉന്നയിച്ചു. ഇടയ്ക്കു നിർത്തിയാൽ മത്സരത്തിൽ നിന്ന് അയോഗ്യരാകുമെന്ന ആശങ്കയിൽ പലരും മൈം തുടരുകയായിരുന്നു.
വേദിയിൽ വിരിച്ച മാറ്റിന്റെ പ്രതലം മിനുസമുള്ളതിനാൽ മത്സരത്തിനിടയിൽ തെന്നി വീഴുന്ന സ്ഥിതിയുണ്ടായെന്നും മൈം പോലുള്ള മത്സരങ്ങൾക്ക് അനുയോജ്യമായിരുന്നില്ല വേദി എന്നും വിദ്യാർഥികൾ പറഞ്ഞു.
വന്ദന ദാസിന്റെ കൊലപാതകം പ്രമേയം
ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകം പ്രമേയമാക്കി മൈം അവതരിപ്പിച്ച കായംകുളം എൻആർപിഎം എച്ച്എസ്എസിനു ഒന്നാം സ്ഥാനം. കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി മാന്നാർ നായർ സമാജം ബോയ്സ് എച്ച്എസ്എസ് ആണ് സംസ്ഥാന തലത്തിൽ ജില്ലയെ പ്രതിനിധീകരിച്ചിരുന്നത്.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് മൈമിൽ കായംകുളം എൻആർപിഎം എച്ച്എസ്എസിന് മൈമിൽ ഒന്നാംസ്ഥാനം ലഭിക്കുന്നത്.
ദഫ്മുട്ടിലും വട്ടപ്പാട്ടിലുംലജ്നത്തുൽ മുഹമ്മദിയ്യ
പൂർവവിദ്യാർഥികൾ പരിശീലകരായപ്പോൾ ലജ്നത്തുൽ മുഹമ്മദിയ്യ എച്ച്എസ്എസിനു ഹയർ സെക്കൻഡറി വിഭാഗം ദഫ്മുട്ടിലും വട്ടപ്പാട്ടിലുമായി ഇരട്ടനേട്ടം.
പത്ത് പേരടങ്ങുന്ന ടീമിലെ 6 പേരും ഇരു മത്സരങ്ങളിലും പങ്കെടുത്തു. പൂർവവിദ്യാർഥികളായ സജാദ് സാദിഖിന്റെയും എ.ഫറുദിന്റെയും ശിക്ഷണത്തിൽ എട്ട് വർഷത്തിനു ശേഷമാണു സ്കൂൾ ദഫ്മുട്ടിൽ മത്സരിച്ചത്.
വട്ടപ്പാട്ടിൽ തുടർച്ചയായ അഞ്ചാം തവണയാണു സ്കൂളിന്റെ നേട്ടം. കഴിഞ്ഞ നാലു വർഷവും സംസ്ഥാന തലത്തിൽ എ ഗ്രേഡും ലഭിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

